പയ്യന്നൂര്‍: ലോട്ടറി ടിക്കറ്റെന്നു കരുതി പുതിയ രണ്ടായിരം രൂപയുടെ നോട്ടു കീറി. പയ്യന്നൂര്‍ കൊറ്റി യുടിഎം ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ വീട്ടില്‍ ശനിയാഴ്ച രാത്രിയാണു സംഭവം. ഇതെങ്ങനെയാണു സംഭവിച്ചതെന്നു ചോദിച്ചപ്പോള്‍ വീട്ടമ്മ പറഞ്ഞതിങ്ങനെ.
‘‘”ഇന്നലെ രാവിലെ മുതല്‍ ബാങ്കിനുമുന്നില്‍ ക്യൂ നിന്നിട്ട് ഉച്ചയായപ്പോഴാണു രണ്ടു നോട്ടു കിട്ടിയത്. രണ്ടായിരത്തിന്റെ രണ്ടു നോട്ട്. ഒരെണ്ണം അത്യാവശ്യ ചില കാര്യങ്ങള്‍ ഉപയോഗിച്ചു. മിച്ചമുണ്ടായിരുന്ന ഒരെണ്ണം വീട്ടില്‍ കൊണ്ടുവച്ചു. വൈകുന്നേരം കളിക്കിടയില്‍ ഇതു മക്കളുടെ കൈയില്‍പ്പെട്ടു. ലോട്ടറി ടിക്കറ്റ് ആണെന്നു പറഞ്ഞ് കുട്ടികള്‍ ഇതിനു പിടിവലിയായി. അതിനിടയില്‍ നോട്ടു രണ്ടായി കീറി. ബഹളം കേട്ടു ചെന്നു നോക്കുമ്പോള്‍ രണ്ടു പേരും ഓരോ കഷണവും പിടിച്ചുകൊണ്ടു നില്‍പ്പുണ്ട്.
ബാങ്കില്‍കൊണ്ടു കൊടുത്താല്‍ മാറിക്കിട്ടുമെന്നു ആരോ പറഞ്ഞതാണ് അല്പം ആശ്വാസം. പിള്ളേരെ പറഞ്ഞിട്ടു കാര്യമില്ല. രണ്ടായിരത്തിന്റെ നോട്ടു കണ്ടാല്‍ ലോട്ടറി ടിക്കറ്റു പോലെതന്നെയുണ്ട്. നോട്ടിനു കനവും തീരെ കുറവാണ്. എനിക്കു തന്നെ ആദ്യം കണ്ടിട്ടു മനസിലായില്ല. പിന്നല്ലേ പിള്ളേര്‍ക്ക്.’’കുട്ടികളുടെ അമ്മ വിശദീകരിച്ചു.