കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ട്രോളായി രണ്ടായിരം. ഇന്നലെ രാത്രിമുതല്‍ സോഷ്യല്‍ മീഡിയ കൈയടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ടും പഴയകാലത്തെ നോട്ടുനിരോധനവുമായി ബന്ധപ്പെട്ടുകൊണ്ടുമുള്ള പരിഹാസ ട്രോളുകളാണ്.
ഇതില്‍ അധികവും കൊള്ളുന്നത് ബിജെപി അനുകൂലികള്‍ക്കും. കോണ്‍ഗ്രസ്, സിപിഎം സൈബര്‍ പേരാളികള്‍ക്ക് ഒരുപോലെ കിട്ടിയ വടിയായി രണ്ടായിരം പിന്‍വലിക്കാനുള്ള ആര്‍ബിഐ തീരുമാനം.
”ഏത് മറ്റേ ചിപ്പും ജിപിഎസുമൊക്കെയുള്ള, ഭൂമിയുടെ അടിയില്‍ കുഴിച്ചിട്ടാല്‍ പോലും കണ്ടെത്താന്‍ പറ്റുന്ന ആ രണ്ടായിരത്തിന്റെ നോട്ടോ…അത് പിന്‍വലിക്കോ അത് മോദിജിയുടെ മാസ്റ്റര്‍ പീസല്ലേ”’എന്നാണ് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
”പഴയ രണ്ടായിരം മണ്ണിനടിയില്‍ കുഴിച്ചിട്ടാല്‍ പോരെ, അതു കണ്ടുപിടിച്ച് ബാങ്ക് കൊണ്ടുപോയ്ക്കുള്ളില്ലേ” എന്ന് മറ്റൊന്ന്… ഇത്രയും ചിപ്പുകള്‍ ഇനി എന്തുചെയ്യുമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ സംശയം… ‘2000 രൂപ പിന്‍വലിക്കുന്നൂന്ന്, ഒറ്റക്കാര്യം ചോദിച്ചോട്ടെ… ആ ചിപ്പ് തിരിച്ച് തരാന്‍ പറ്റോ ഇല്ല ലേ….” യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഫേസ്ബുക്കില്‍ ചോദിച്ചത്.
ട്രോളുകള്‍ പറപറക്കുമ്പോള്‍ ഇതിനെ പ്രതിരോധിക്കാന്‍ രണ്ടായിരം നോട്ട് നിരോധിക്കാനുണ്ടായ കാരണം ആര്‍ബിഐയുടെ വിശദീകരണകുറിപ്പ് സഹിതം പോസ്റ്റുകയാണ് കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍.