ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2,000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റിക്കൊടുത്തു തുടങ്ങി. ഇന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയാണു മാറ്റിയെടുക്കാന്‍ സമയം.
മിക്ക ബാങ്കുകളിലും രാവിലെ മുതല്‍ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയവവരുടെ തിരക്ക് അനുഭവപ്പെട്ടു.
ഒരാള്‍ക്ക് ക്യൂവില്‍നിന്ന് പത്തു നോട്ടുകള്‍ (20,000 രൂപ) വരെയാണ് ഒരു സമയം മാറാനാകുക. പിന്നാലെ അതേ ക്യൂവില്‍ വീണ്ടും ചേര്‍ന്ന് നോട്ട് മാറിയെടുക്കാം.
നോട്ട് മാറ്റിയെടുക്കാന്‍ തിരിച്ചറിയല്‍ രേഖയോ പ്രത്യേക അപേക്ഷാഫോമോ ആവശ്യമില്ല. ബാങ്കില്‍ 2,000 രൂപ നോട്ടുകള്‍ അക്കൗണ്ടുള്ളവര്‍ക്കു പരിധിയില്ലാതെ നിക്ഷേപിക്കാം.
2,000 രൂപ നോട്ടുകള്‍ മാറിയെടുക്കാനോ ബാങ്കുകളില്‍ നിക്ഷേപിക്കാനോ തിരക്കു കൂട്ടേണ്ടതില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
”സെപ്റ്റംബര്‍ 30നു ശേഷവും 2,000 രൂപ നോട്ട് രാജ്യത്ത് ഉപയോഗിക്കാം. 2,000 രൂപ നോട്ട് പിന്‍വലിച്ചത് റിസര്‍വ് ബാങ്കിന്റെ കറന്‍സി മാനേജ്മെന്റിന്റെ ഭാഗമായാണ്.
സെപ്റ്റംബര്‍ 30നു മുന്‍പ് ഭൂരിഭാഗം നോട്ടുകളും ബാങ്കുകളിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 30 വരെ എത്ര നോട്ടുകള്‍ തിരിച്ചെത്തിയെന്നു പരിശോധിച്ചശേഷം സമയപരിധി നീട്ടുന്ന കാര്യം ആലോചിക്കും.
രാജ്യത്തു പ്രചാരത്തിലുള്ള കറന്‍സികളുടെ 10.8 ശതമാനം മാത്രമാണ് 2,000 രൂപ നോട്ടുകളുടേത്.
അതിനാല്‍ അതു പിന്‍വലിക്കുന്നതു സന്പദ്ഘടനയില്‍ ആഘാതമുണ്ടാക്കില്ല.
2,000 രൂപ നോട്ടുകള്‍ പൊതുവേ ഇടപാടുകള്‍ക്കായി ഉപയോഗിക്കാറില്ല. മാറ്റിയെടുക്കാന്‍ ആവശ്യമായ നോട്ടുകള്‍ പ്രിന്റ് ചെയ്തിട്ടുണ്ട്”-ശക്തികാന്ത ദാസ് പറഞ്ഞു.
2016 ല്‍ പുറത്തിറക്കിയ 2,000 ത്തിന്റെ നോട്ടുകളാണ് ഏഴു വര്‍ഷത്തിനുശേഷം കേന്ദ്രം പിന്‍വലിക്കുന്നത്. നിലവില്‍ 2,000 രൂപ നോട്ടാണ് രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സി.