കൊല്ലം: രാജ്യത്ത് പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപയുടെ നോട്ടുകളിൽ ഇനി തിരിച്ചെത്താനുള്ളത് 6691 കോടി രൂപയുടേത്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബാങ്കിന്റെ 2024 ഡിസംബർ 31 – വരെയുള്ള കണക്ക് അനുസരിച്ച് 98.12 ശതമാനം കറൻസികളും തിരിച്ചെത്തി. ബാക്കിയുള്ളവ ഇപ്പോഴും പൊതുജനത്തിന്റെ കൈവശം ഉണ്ടെന്നാണ് ബാങ്ക് അനുമാനിക്കുന്നത്.
2023 മേയ് 19നായിരുന്നു കേന്ദ്ര സർക്കാർ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത്. അപ്പോൾ 3.56 ലക്ഷം കോടിയുടെ കറൻസികളാണ് രാജ്യത്ത് വിനിമയത്തിൽ ഉണ്ടായിരുന്നത്.ഇവ മാറ്റിയെടുക്കുന്നതിനും അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2023 ഒക്ടോബർ ഏഴ് വരെ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
മാത്രമല്ല റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ 19 ഇഷ്യൂ ഓഫീസുകളിൽ ഇവ സ്വീകരിക്കുന്നതിന് ഇപ്പോഴും പ്രത്യേക കൗണ്ടറുകളും പ്രവർത്തിക്കുന്നുണ്ട്.അവിടെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ നോട്ടുകൾ കൊണ്ടുവന്ന് തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് തുകയായി നിക്ഷേപിക്കാം.
2023 ഒക്ടോബർ ഒമ്പത് മുതലാണ് ആർബിഐയുടെ ഇഷ്യൂ ഓഫീസുകളിൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്നത് തുടരുന്നത്. ഇതുകൂടാതെ പൊതുജനങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാർ വിവരങ്ങളും ഉൾപ്പെടുത്തി ഈ നോട്ടുകൾ ഇന്ത്യൻ തപാൽ സർവീസ് വഴി അയച്ചാലും അവ അക്കൗണ്ടുകളിലേയ്ക്ക് നിക്ഷേപിക്കാനുള്ള അധിക സൗകര്യവും റിസർവ് ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
2000ത്തിന്റെ നോട്ടുകൾ പിൻവലിച്ചുവെങ്കിലും അവയുടെ നിയമപരമായ സാധുത ഇപ്പോഴും നിലനിൽക്കുന്നു. അതിനാലാണ് ഇവ നിക്ഷേപിക്കുന്നതിന് തുടർന്നും അവസരം നൽകുന്നതെന്ന് റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കി.
അഹമ്മദാബാദ്, ബംഗളുരു, ബേലാപുർ, ഭോപാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഗുവഹാത്തി, ഹൈദരാബാദ്, ജയ്പുർ, ജമ്മു, കാൻപുർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ റിസർവ് ബാങ്കുകളിലാണ് 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുന്ന സംവിധാനം ഇപ്പോഴും പ്രവർത്തിക്കുന്നത്.
കേന്ദ്ര സർക്കാർ 1000, 500 രൂപയുടെ നോട്ടുകൾ അസാധുവാക്കിയ ശേഷം 2016 നവംബറിലാണ് രാജ്യത്ത് പുതിയ 2000 രൂപയുടെ കറൻസികൾ അവതരിപ്പിച്ചത്.
- എസ്.ആർ. സുധീർ കുമാർ