ന്യൂഡൽഹി: രാജ്യത്ത് രണ്ടു വർഷമായി രണ്ടായിരം രൂപയുടെ കറൻസി നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ.
കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് രേഖാമൂലം നൽകിയ മറുപടിയിൽ ഇക്കാര്യം ലോക്സഭയെ അറിയിച്ചത്.
2018 മാർച്ച് 30 വരെയുള്ള കണക്കുകൾപ്രകാരം 2000 രൂപയുടെ 3,362 മില്യണ്‍ കറൻസി നോട്ടുകൾ രാജ്യത്താകെ ഉണ്ട്.
2000 രൂപ നോട്ടിന്റെ വിനിമയത്തിൽ രാജ്യത്ത് കുറവ് സംഭവിച്ചതായും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
2021 ഫെബ്രുവരി 26 വരെയുള്ള കണക്കുകൾ പ്രകാരം 2000 രൂപയുടെ 2,499 മില്യണ്‍ കറൻസി നോട്ടുകൾ മാത്രമാണ് രാജ്യത്ത് വിനിമയത്തിലുള്ളത്.
ഇതാകട്ടെ കറൻസി നോട്ടുകളുടെ ആകെ എണ്ണത്തിൽ 3.27 ശതമാനവും മൂല്യത്തിൽ 37.26 ശതമാനവുമാണ്.
2016-17 സാന്പത്തിക വർഷത്തിൽ 2000 രൂപയുടെ 3,542.991 മില്യണ്‍ കറൻസി നോട്ടുകൾ അച്ചടിച്ചതായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2019ൽ പറഞ്ഞത്.
2017-18ൽ 2000 രൂപ നോട്ടിന്റെ അച്ചടി കുറച്ച് 111.507 മില്യണാക്കി. 2018-19ൽ ഇത് 46.690 മില്യണാക്കിയും കുറച്ചു. 2019 ഏപ്രിൽ വരെ മാത്രമാണ് 2000 രൂപ നോട്ട് അച്ചടിച്ചത്.
വലിയ മൂല്യമുള്ള നോട്ടുകൾ പൂഴ്ത്തിവയ്ക്കുന്നതും കള്ളപ്പണത്തിന്റെ വ്യാപനവും തടയുന്നതിനു വേണ്ടിയായിരുന്നു ഉയർന്ന മൂല്യമുള്ള നോട്ടിന്റെ അച്ചടി നിർത്തിയത്.