കോഴിക്കോട്: “രണ്ടായിരത്തിന്റെ നോട്ട് ‘ വിതറി പരസ്യ പ്രമോഷൻ. ഇന്നലെ വൈകിട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് സ്വകാര്യ കോഫി ഷോപ് ടീം രണ്ടായിരം രൂപയുടെ നോട്ടിന്റെ മാതൃകയിൽ പരസ്യം ചെയ്ത് ശ്രദ്ധയാകർഷിച്ചത്.
വൈകിട്ട് നാലരയോടെ മിഠായിത്തെരുവ് ഹനുമാൻ കോവിലിന് മുമ്പിലായിരുന്നു തുടക്കം. ഒരു ബാഗിൽ ഒളിപ്പിച്ച നോട്ടുകൾ ആളുകൾ കണ്ടെത്തി പുറത്തെടുക്കുകയും അത് വിതറുകയും ചിലർ എടുത്ത് ഓടുകയുമെല്ലാം ചെയ്ത് നാടകീയത സൃഷ്ടിച്ചായിരുന്നു പരിപാടി. ഒറ്റനോട്ടത്തിൽ 2000ത്തിന്റെ നോട്ടുകളാണെന്ന് തോന്നുന്ന രീതിയിലായുരുന്നു ഇവരുടെ പരസ്യ കാർഡുകൾ.
മാനാഞ്ചിറ സ്ക്വയറിനുള്ളിലും നടക്കാവിലും സരോവരം ബയോപാർക്കിനു സമീപവുമെല്ലാം ഇത് ആവർത്തിച്ചു. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തിയതിന് ടൗൺ പോലീസ് ഇവർക്കെതിരേ കേസെടുത്തെങ്കിലും പിന്നീട് എല്ലാവരേയും വിട്ടയച്ചു.