രണ്ടായിരം രൂപയുടെ നോട്ടുകള്‍ നിരോധിക്കാന്‍ പോകുകയാണോ? കുറച്ചുനാളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന അഭ്യൂഹമാണിത്. കേന്ദ്രസര്‍ക്കാരോ റിസര്‍വ് ബാങ്കോ ഇക്കാര്യത്തില്‍ കാര്യമായൊന്നും പറയുന്നില്ല. എന്നാല്‍ ഒരുകാര്യം സത്യമാണ്. വിപണിയില്‍നിന്ന് 2000 രൂപയുടെ പുതിയ നോട്ടുകള്‍ പതിയെ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. എടിഎം, ബാങ്കുകള്‍ എന്നിവയില്‍ നിന്ന് ഇപ്പോള്‍ കിട്ടുന്നതിലേറെയും 500 രൂപ നോട്ടുകളാണ്. ഡിസംബര്‍ ആദ്യത്തോടെ 2000 രൂപ നോട്ടുകള്‍ നിരോധിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുന്നതിന്റെ സൂചനകളാണിതെന്നാണ് അഭ്യൂഹങ്ങള്‍.
ബാങ്കുകളിലേക്ക് 2000 രൂപ നോട്ടുകള്‍ കൈമാറുന്നത് റിസര്‍വ്വ് ബാങ്ക് കുറച്ചിരിക്കുകയാണ്. ബാങ്കുകള്‍ ആവശ്യപ്പെടുന്നതിന്റെ പത്തിലൊന്ന് ശതമാനം 2000 രൂപ നോട്ടുകള്‍ മാത്രമാണ് റിസര്‍വ്വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് കൈമാറുന്നത്. എന്നാല്‍ 500ന്റെയടക്കം മറ്റുനോട്ടുകള്‍ ഒരു തടസവുമില്ലാതെ റിസര്‍വ്വ് ബാങ്ക് കൈമാറുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷമാണ് 2000 ന്റെ പുതിയ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്. നോട്ടുകള്‍ പെട്ടെന്ന് മുഷിയുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും പരാതിക്ക് ഇടയാക്കിയിരുന്നു.
പുതിയ ഇരുനൂറ് രൂപ നോട്ടുകള്‍ വിപണിയില്‍ ഇറങ്ങിയതും രണ്ടായിരം നോട്ടിന്റെ പിന്‍വലിക്കലിന്റെ മുന്നോടിയാണെന്ന സൂചന വിപണിയില്‍ ശക്തമാണ്. രണ്ടായിരം രൂപയുടെ 3.2 ലക്ഷം കോടി നോട്ടുകളാണ് ആര്‍ബിഐ ജൂലായ് അവസാനം വരെ അച്ചടിച്ചിട്ടുള്ളത്. ‘ഇപ്പോള്‍ അച്ചടി നിര്‍ത്തിയിരിക്കുകയാണ്. കൂടുതലായി 200, 500 രൂപ നോട്ടുകളാണ് ഇപ്പോള്‍ അച്ചടിക്കുന്നത്. 2016 നവംബര്‍ എട്ടിനാണ് 500,1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയത്. നോട്ടു നിരോധനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വാക്‌വാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് പുതിയ നടപടിയെന്നതും ശ്രദ്ധേയമാണ്.