ന്യൂഡൽഹി: ക്രിക്കറ്റ് ചരിത്രത്തിൽ ഒരു റിക്കാർഡ് കൂടി സ്വന്തം പേരിലാക്കി ഇന്ത്യൻ വെറ്ററൻ ബാറ്റർ വിരാട് കോഹ്ലി. ഏഴ് തവണ കലണ്ടർ വർഷത്തിൽ 2000 റണ്‍സ് നേടുന്ന ആദ്യ താരമായി കോഹ്ലി. 146 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്.
മുൻ ശ്രീലങ്കൻ താരമായ കുമാർ സംഗക്കാരയെ പിന്തള്ളിയാണ് കോഹ്ലി റിക്കാർഡ് നേട്ടം കൈവരിക്കുന്നത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണ് മൂന്നാം സ്ഥാനത്ത്.
ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് നേട്ടം സ്വന്തമാക്കുന്നത്. 82 പന്തിൽ 76 റണ്‍സ് സ്വന്തമാക്കിയ കോഹ്ലി ഈ വർഷവും 2000 റണ്‍സെന്ന കടമ്പ കടന്നിരുന്നു.
ഏഴാം തവണയാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കുന്നത്. മുൻപ് 2012ൽ (2186റണ്‍സ്), 2014ൽ (2286), 2016ൽ (2595 റണ്‍സ്), 2017ൽ (2818റണ്‍സ്), 2018ൽ (2735റണ്‍സ്), 2019ൽ (2455റണ്‍സ്) കോഹ്ലി നേട്ടം സ്വന്തമാക്കിയിരുന്നു.