ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി (ടിഡിപി) മേധാവിയുമായ ചന്ദ്രബാബു നായിഡു. 2000 രൂപ നോട്ടുകൾ നിരോധിച്ച തീരുമാനം ശുഭസൂചനയാണ്.
ഡിജിറ്റൽ കറൻസിയെക്കുറിച്ച് താൻ വളരെ മുമ്പുതന്നെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നോട്ട് അസാധുവാക്കൽ തീർച്ചയായും അഴിമതി തടയും. രാഷ്ട്രീയക്കാർ വോട്ടർമാർക്കു പണം വിതരണം ചെയ്തു വിജയിക്കാൻ ശ്രമിക്കുന്നു.
ഇതിൽ പ്രധാന പങ്കുവഹിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണെന്ന് “ഇദെമി ഖർമ മന രാഷ്ട്രനികി’ പരിപാടിയുടെ ഭാഗമായി അനകപ്പള്ളിയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ചന്ദ്രബാബു നായിഡു പറഞ്ഞു.
സമ്മേളനത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരേ രൂക്ഷവിമർശനമാണ് ചന്ദ്രബാബു നായിഡു ഉന്നയിച്ചത്. സംസ്ഥാനം മുഴുവൻ കൊള്ളയടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് എല്ലാ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണെന്നും എന്നാൽ ആരെങ്കിലും ശബ്ദം ഉയർത്തിയാൽ അവർക്കാർക്കെതിരേ കള്ളക്കേസുകൾ ചുമത്തുകയാണെന്നും നായിഡു ആരോപിച്ചു.