മോദി സർക്കാർ ഏറെ കൊട്ടിയാഘോഷിച്ച് ഇറക്കിയ 2000 രൂപാ നോട്ടിന്റെ അച്ചടി നിർത്തിയതിനെ ട്രോളി സോഷ്യൽ മീഡിയ. സാന്പത്തിക അടിത്തറയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയത്. കള്ളനോട്ട് തടയാനും ഭീകരപ്രവർത്തനങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് നോട്ട് നിരോധിച്ചതെന്നായിരുന്നു സർക്കാർ വാദം.
പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ച് പകരം പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ട് പുറത്തിറക്കി. ഇപ്പോൾ കള്ളനോട്ട് ഭീഷണി കാരണം രണ്ടായിരം നോട്ടിന്റെ അച്ചടി നിർത്തിയിരിക്കുകയാണ്. പുതിയ നോട്ടിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് വിശദീകരിച്ചുകൊണ്ടുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഈ സാന്പത്തികവർഷം ഇതുവരെ 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ലെന്നാണ് വിവരാവകാശനിയമപ്രകാരം ആർബിഐ നൽകിയിരിക്കുന്ന മറുപടി. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടനുസരിച്ച് 2018-19 വർഷം 329.1 കോടി 2000 രൂപാനോട്ടുകളാണ് വിപണിയിലുള്ളത്. ആകെയുള്ള നോട്ടുകളിൽ മൂന്നുശതമാനംമാത്രമാണിത്. 2018-19 സാന്പത്തികവർഷം 2000 രൂപയുടെ 4.7 കോടി പുതിയ നോട്ടുകൾമാത്രമാണ് ആർബിഐ വിതരണംചെയ്തിട്ടുള്ളത്. 2017-18ൽ ഇത് 15.1 കോടി എണ്ണമായിരുന്നു.
ചില ബാങ്കുകൾ ഇപ്പോൾ 2000 രൂപാനോട്ടുകൾ എടിഎമ്മുകളിൽ നിറയ്ക്കുന്നില്ല. ആർബിഐ രേഖകൾപ്രകാരം 2018-19 കാലത്ത് 21,847 കള്ളനോട്ടുകളാണ് 2000 രൂപയുടേതായി പിടിച്ചെടുത്തത്. അതേസമയം രണ്ടായിരത്തിന്റെ നോട്ട് പിൻവലിച്ചേക്കുമെന്ന് അഭ്യൂഹവും സോഷ്യൽ മീഡിയയിൽ സജീവമാണ്.