ഒൗലി: ഉത്തരാഖണ്ഡിൽ ഗുപ്ത കുടുംബത്തിലെ വിവാഹം ശേഷം അവശേഷിച്ച മാലിന്യ കൂന്പാരം നീക്കം ചെയ്യാൻ ഒടുവിൽ തീരുമാനം. മാലിന്യങ്ങൾ നീക്കം ചെയ്യാൻ 54000 രൂപ നൽകാമെന്ന് ഗുപ്ത കുടുംബം ഒൗലി കോർപറേഷനെ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്ന ഗുപ്ത കുടുംബം ഇവിടെ വൻ തുക ചെലവിട്ടു നടത്തിയ വിവാഹം ജനശ്രദ്ധ നേടിയിരുന്നു. 200 കോടി ചെലവിട്ട് നടത്തിയ വിവാഹത്തിൽ അവശേഷിച്ച മാലിന്യക്കൂന്പാരം കോർപറേഷന് വലിയ തലവേദനയായിരുന്നു. ജൂൺ 18 മുതൽ 22 വരെയായിരുന്നു വിവാഹം.
ഗുപ്ത സഹോദരങ്ങളിൽ ഒരാളായ അജയ് ഗുപ്തയുടെ മകൻ സൂര്യ കാന്തിന്റെയും അതുൽ ഗുപ്തയുടെ മകൻ ശശംഖിന്റെയും വിവാഹങ്ങളായിരുന്നു നടന്നത്. വിപുലമായ വിവാഹം പരിസ്ഥിതിയെ തകർക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു പൊതുതാൽപര്യ ഹർജി നേരത്തെ ഫയൽ ചെയ്തിരുന്നു.
നിരവധി മന്ത്രിമാർ, ബോളിവുഡ് അഭിനേതാക്കൾ, യോഗ ഗുരു ബാബ രാംദേവ് എന്നിവർ വിവാഹത്തിൽ പങ്കെടുത്തു. രാംദേവ് വിവാഹത്തിൽ രണ്ട് മണിക്കൂർ യോഗ സെഷനും നടത്തി. അതിഥികളെ കൊണ്ടുവരാൻ ഹെലികോപ്റ്ററും ഏർപ്പാടാക്കിയിരുന്നു.
വിവാഹ ചടങ്ങുകൾക്കായി സ്വിറ്റ്സർലൻഡിൽ നിന്ന് പൂക്കൾ ഇറക്കുമതി ചെയ്യുകയായിരുന്നു. ഒൗലിയിലെ എല്ലാ ഹോട്ടലുകളും റിസോർട്ടുകളും അതിഥികൾക്കായി ബുക്ക് ചെയ്തിരുന്നു. പ്ലാസ്റ്റിക് കുപ്പികളും പാക്കറ്റുകളും കുന്നുകൂടി പ്രദേശമാകെ ഒരു മാലിന്യ പ്രശ്നം തന്നെ സൃഷ്ടിച്ചിരിക്കുകയായിരുന്നു. ഇതോടെ പ്രദേശവാസികൾ പ്രതിഷേധത്തിലായിരുന്നു