എരുമേലി: പണം മറ്റൊരാൾക്ക് നൽകാനായി സിഡിഎം വഴി നിക്ഷേപിച്ചത് അക്കൗണ്ടിൽ എത്തിയില്ലെന്ന് നിക്ഷേപകനായ യുവാവ് ബാങ്കിലും പോലീസിലും പരാതി അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം കള്ള നോട്ടുകൾ ആണെന്നറിഞ്ഞതോടെ യുവാവ് അറസ്റ്റിലായി.
യുവാവിന് പണം നൽകിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റു ചെയ്തു.
കഞ്ചാവ് വിൽപ്പന സംബന്ധിച്ച ഇടപാടിൽ ലഭിച്ച പണം ആണെന്ന് സൂചനകൾ. എരുമേലി വയലാപറമ്പ് കുഴിക്കാട്ട് ഷെഫീക്ക് (26), ഇയാൾക്ക് പണം നൽകിയ വെച്ചൂച്ചിറ സ്വദേശി തകടിയേൽ മണിയപ്പൻ (63) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ എരുമേലി ഫെഡറൽ ബാങ്ക് ശാഖയുടെ സിഡിഎമ്മിലാണ് യുവാവ് 2000 രൂപയുടെ പത്ത് നോട്ടുകൾ നിക്ഷേപിച്ചത്.
തുക അക്കൗണ്ടിൽ എത്തിയില്ലെന്ന് അറിഞ്ഞ് യുവാവ് ഈ വിവരം ബാങ്കിലും തുടർന്ന് പോലീസ് സ്റ്റേഷനിലും എത്തി അറിയിച്ചിരുന്നു. തുടർന്ന് യുവാവിനെ ബാങ്ക് അധികൃതർ വിളിച്ചു വരുത്തി ടെക്നീഷനെ കൊണ്ട് എടിഎം തുറന്ന് പരിശോധിക്കുകയും ഫേക്ക് നോട്ടുകൾ വീഴാൻ സ്ഥാപിച്ച ബോക്സിൽ നിന്ന് ഈ തുക കണ്ടെടുക്കുകയും തുടർന്ന് യുവാവിനെയുമായി പോലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയുമായിരുന്നു.
യുവാവിനെ ചോദ്യം ചെയ്തപ്പോൾ വാഹനം വിറ്റ് കിട്ടിയ 28000 രൂപയിൽ 20000 രൂപ മറ്റൊരാൾക്ക് നൽകാനായി അയാളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചെന്നാണ് ആദ്യം പറഞ്ഞത്. ബാക്കി കുറച്ച് തുക വാഹന ബ്രോക്കർമാർക്ക് കമ്മീഷൻ നൽകിയെന്നും പറഞ്ഞു.
എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് പറഞ്ഞത് കളവാണെന്ന് മനസിലായതോടെ യുവാവിനെ കൂടുതൽ ചോദ്യം ചെയ്തു. ഇതോടെ തനിക്ക് പണം ലഭിച്ചത് വെച്ചൂച്ചിറ സ്വദേശിയിൽ നിന്നാണെന്ന് യുവാവ് മൊഴി നൽകുകയായിരുന്നു.
വെച്ചൂച്ചിറ സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതോടെ ഇയാൾ കഞ്ചാവ് വിൽപ്പന കേസിൽ പ്രതിയാണെന്ന് അറിയുകയും പണം ലഭിച്ചത് കഞ്ചാവ് വിൽപ്പനയിൽ നിന്നാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാകുകയുമായിരുന്നു.
ഇതേതുടർന്ന് ഊർജിത അന്വേഷണം ആരംഭിച്ചെന്നും രണ്ടു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും എരുമേലി പോലീസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ എരുമേലി സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. മധുവാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.