കൊളംബോ: 2011 ഐസിസി ഏകദിന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഒത്തുകളിച്ചതായുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെയും ആരാധകരെയും ഓർത്തെങ്കിലും നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ലങ്കൻ മുൻ ക്യാപ്റ്റൻ അരവിന്ദ ഡിസിൽവ രംഗത്ത്.
ഐസിസി, ബിസിസിഐ, ലങ്ക ക്രിക്കറ്റ് ബോർഡ് എന്നിവയോടാണ് ഡിസിൽവയുടെ ആവശ്യം. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കയുടെ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായിരുന്നു ഡിസിൽവ.
ശ്രീലങ്കക്കാർക്ക് 1996ലെ ലോകകപ്പ് വിജയം അമൂല്യമാണ്. അതുപോലെ സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും ആരാധകരും നെഞ്ചോടു ചേർത്തുവയ്ക്കുന്ന 2011 ലോകകപ്പ് കിരീടത്തിനും വിവാദമുഖമുണ്ടാകരുത്.
അതുകൊണ്ടുതന്നെ സച്ചിനെയും കോടിക്കണക്കിന് ആരാധകരെയും കരുതി ഇക്കാര്യത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണം. ബിസിസിഐയുടെയും ഇന്ത്യൻ സർക്കാരിന്റെയും കടമയാണത്- ഡിസിൽവ പറയുന്നു.
ഫൈനലിനുള്ള ലങ്കൻ ടീമിൽ സെലക്ടർമാർ നാല് മാറ്റങ്ങൾ വരുത്തിയതും ഇപ്പോൾ ചർച്ചാ വിഷയമാണ്. 2011 ലോകകപ്പ് ഫൈനലിന്റെ സമയത്ത് ശ്രീലങ്കയുടെ കായികമന്ത്രി ആയിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെയാണ് ഒത്തുകളി ആരോപണം ഉന്നയിച്ചത്.
ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒത്തുകളി ആരോപണം തള്ളി മുൻതാരങ്ങളായ കുമാർ സംഗക്കാരയും മഹേല ജയവർധയും രംഗത്തെത്തിയിരുന്നു.