മലയാളസിനിമയെ സംബന്ധിച്ച് അവിസ്മരണീയ വര്‍ഷമായിരിക്കും 2016. ആദ്യമായ് ഒരു മലയാളസിനിമ നൂറുകോടി ക്ലബ്ബില്‍ കടന്നതിന്റെ ആവേശം ഇന്‍ഡസ്ട്രിക്കു നല്‍കിയ ഉണര്‍വും പ്രതീക്ഷകളും ചെറുതല്ല. തെലുങ്കിനോടും തമിഴിനോടും ബോളിവുഡിനോടുമൊക്കെ കിടപിടിക്കാന്‍ നമുക്കും സാധിക്കുമെന്ന് തെളിയിച്ച് പുലിമുരുകന്‍ 150 കോടി കളക്ഷനിലേക്ക് എത്തുകയാണ്. 2016 കടന്നുപോകുമ്പോള്‍ സിനിമാപ്രവര്‍ത്തകരേയും പ്രേക്ഷകരെയും ഒരുപോലെ ആവേശം കൊള്ളിക്കുന്നതും ഈ മിന്നുന്ന വിജയം തന്നെ. ഒപ്പം വിജയ ചിത്രങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന, അതു സിനിമാ വ്യവസായം എത്രത്തോളം മുന്നോട്ടാണ് പോകുന്നതെന്നു തെളിയിക്കുന്നു. 115 ഓളം സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. ഇതില്‍ നാല്‍പതിലധികം സിനിമകള്‍ നേടിയ വിജയം ഈ രംഗത്തിനു നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല. ഏറെ നാളുകള്‍ക്കുശേഷമാണ് ഇത്തരമൊരു നേട്ടം നമുക്കുണ്ടായതെന്നും ശ്രദ്ധേയം.
ഏഴു സൂപ്പര്‍ഹിറ്റുകള്‍, 17 ഹിറ്റുകള്‍, 14 ആവറേജ് ഹിറ്റുകള്‍… ഇങ്ങനെ രക്ഷപ്പെട്ട സിനിമകള്‍ നാല്‍പതില്‍ അധിമാകുമ്പോള്‍ സിനിമാ വ്യവസായത്തെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. അതിന്റെ അലയൊലികള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ഒരുകാലത്ത് തിയറ്ററുകള്‍ അടച്ചുപൂട്ടുന്ന ട്രെന്‍ഡായിരുന്നുവെങ്കില്‍ നാട്ടിന്‍പുറങ്ങളില്‍ വരെ ഇപ്പോള്‍ പുതിയ തിയറ്ററുകള്‍ എത്തുകയാണ്. ചെറു പട്ടണങ്ങളില്‍ മള്‍ട്ടിപ്ലക്‌സുകള്‍ ഉയരുന്നു.
ഇങ്ങനെ എല്ലാ രീതിയിലും തിളക്കം നല്‍കിയാണ് 2016 കടന്നുപോകുന്നത്.
എല്ലാ രംഗത്തും തലമുറ മാറ്റം
സിനിമാ നിര്‍മാണവും അതിന്റെ രീതികളും അടിമുടി മാറിക്കഴിഞ്ഞു. സിനിമയുടെ സമസ്ത മേഖലകളിലും തലമുറ മാറ്റം സംഭവിച്ചിട്ടുണ്ട്. കൂട്ടുകെട്ടിന്റെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സിനിമകള്‍ മിക്കതും സംഭവിക്കുന്നത്. നല്ല സബ്ജക്ടിനായുള്ള തിരച്ചിലിലാണ് എല്ലാവരും. താരങ്ങള്‍ സിനിമകളുടെ നിര്‍മാണത്തിലേക്ക് നേരിട്ടിറങ്ങുന്നു. പ്രത്യേകിച്ചും യുവതാരങ്ങള്‍. എല്ലാ രംഗത്തും നവാഗതര്‍ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. മികച്ച കഥയുണ്ടെങ്കില്‍ അതു താരങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അവര്‍ തന്നെ നിര്‍മാതാവിനേയും സംവിധായകനേയുമൊക്കെ കണ്ടെത്തുന്ന രീതിയാണ് ഇപ്പോള്‍ കൂടുതലും. കഥ– തിരക്കഥ രംഗത്തും സംവിധാനമേഖലയിലും ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് ഇതുവഴി അവസരം ലഭിക്കുന്നു. മാത്രമല്ല സിനിമയുടെ എല്ലാ രംഗത്തും യുവതലമുറ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. സാങ്കേതിക രംഗത്തും തലമുറ മാറ്റം പൂര്‍ണമായിട്ടുണ്ട്.
താരസമവാക്യങ്ങള്‍
സീനിയര്‍ താരങ്ങളേയും യുവതാരങ്ങളേയും ഒരുപോലെ സ്വീകരിച്ച വര്‍ഷമായിരുന്നു 2016. അതുകൊണ്ടു തന്നെ പ്രത്യേകിച്ച് എന്തെങ്കിലും ട്രെന്‍ഡുകള്‍ ഇന്‍ഡസ്ടിയെ ഭരിച്ചിരുന്നതായി പറയാന്‍ കഴിയില്ല. സബ്ജക്ടിലും മേക്കിംഗിലുമുള്ള പുതുമകള്‍ വഴി ഒരുപിടി സിനിമകള്‍ വിജയിച്ചു. താരത്തേക്കാള്‍ കഥയ്ക്കും കഥ പറയുന്ന രീതിക്കുമൊക്കെയാണ് പ്രാധാന്യം ലഭിച്ചതെങ്കിലും മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊക്കെ സിനിമകള്‍ നേടിയ വിജയം എല്ലാ രീതിയിലുമുള്ള സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ്. പരിമിതമായ താരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ കൂടുതല്‍ പേര്‍ക്ക് അവസരങ്ങളു വിജയങ്ങളും സംഭവിക്കുന്നു എന്നതാണ് പുതിയ ട്രെന്‍ഡ്. നിവിന്‍പോളിയും ദുല്‍ഖര്‍ സല്‍മാനും മുന്നേറുമ്പോള്‍ തന്നെ പൃഥ്വിരാജിനും കുഞ്ചാക്കോയ്ക്കും ഫഹദ്ഫാസിലിനും ജയസൂര്യയ്ക്കുമൊക്കെ ഇവിടെ സ്‌പേസുണ്ട്. ബിജുമേനോനെപ്പോലുള്ളവര്‍ തനതു രീതിയില്‍ മുന്നേറുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ വിഷ്ണു ഉണ്ണിക്കൃഷ്ണനെപ്പോലെ നായക സങ്കല്‍പങ്ങളോട് ചേര്‍ന്നു പോകാത്തവര്‍ക്കും നായകനാകുകയും സിനിമ വിജയിപ്പിക്കുകയും ചെയ്യാം എന്ന സ്ഥിതിയുമുണ്ട്. ഇതൊക്കെ സംഭവിക്കുമ്പോള്‍ തന്നെ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ദിലീപിനേയും പോലുള്ള സീനിയര്‍ താരങ്ങള്‍ അവരുടെ അജയ്യത നിലനിറുത്തുന്നു.
ചില അപ്രതീക്ഷിത വിജയങ്ങള്‍
ചില അപ്രതീക്ഷിത വിജയങ്ങള്‍ ഈ വര്‍ഷം കാണാനായി. കാഴ്ചയുടെ സംസ്കാരം മാറി വരുന്നതിന്റെ വ്യക്തമായ സൂചനകളായിരുന്നു അവ. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം ഇത്തരമൊരു ചിത്രമായിരുന്നു. ഫഹദ് ഫാസിലിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുശേഷം എത്തിയ ഈ സിനിമ റിലീസ് ചെയ്ത് ആദ്യ ദിനങ്ങളില്‍ ഇനിഷ്യലില്‍ പിറകിലായിരുന്നു. പക്ഷേ ഒരാഴ്ചയ്ക്കുള്ളില്‍ ചിത്രം സംസാര വിഷയമായി. സബ്ജക്ടിലും അവതരണരീതിയിലും ഫ്രഷ്‌നസ് കൊണ്ടു വന്ന ഈ സിനിമ പുതുമകള്‍ പരീക്ഷിക്കാന്‍ യുവ സംവിധായകര്‍ക്ക് ധൈര്യം നല്‍കുകയാണ്. പുതുമുഖ താരങ്ങള്‍ വേഷമിട്ട ഹാപ്പിവെഡ്ഡിംഗും അപ്രതീക്ഷിത വിജയമാണ് നേടിയത്. കോമഡി സിനിമകളുടെ ശ്രേണിയിലെ പുതിയ ട്രെന്‍ഡാണ് ഈ ചിത്രമെന്നു കരുതാം. നവാഗതനായ ഒമര്‍ ആണ് ചിത്രം ഒരുക്കിയത്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്റെ വിജയവും എടുത്തുപറയേണ്ടതാണ്. കുറച്ചു കാലങ്ങള്‍ക്ക് മുമ്പാണെങ്കില്‍ ഒരു സിനിമയ്ക്ക് യോജിച്ച സബ്ജക്ടാണോ എന്നു പോലും സംശയിക്കുന്ന കഥയാണ് ഈ ചിത്രത്തിന്റേതെന്നു പറയാം. പക്ഷേ കാഴ്ചയുടെ രീതികള്‍ മാറി വരുമ്പോള്‍ ഇത്തരം സിനിമകള്‍ ജനപ്രിയമാവുകയാണ്. സമാന്തര സിനിമയുടെ ഗണത്തില്‍ പെടുത്താവുന്ന ഒരു ചിത്രം ഹൗസ് ഫുള്‍ ആയി ഓടിയതും ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിക്കാണ് ഈ ഭാഗ്യം ലഭിച്ചത്. വിതരണക്കാരനായ ആഷിക് അബുവിന്റെ ബുദ്ധിപൂര്‍വമായ മാര്‍ക്കറ്റിംഗ് ആണ് ചിത്രത്തിനു തുണയായത്.
2016 കടന്നുപോകുമ്പോള്‍
വ്യക്തമായ സൂചനകള്‍ നല്‍കിയാണ് 2016 കടന്നുപോകുന്നത്. ഏതു തരം സിനിമയാണെങ്കിലും അതില്‍ എന്റര്‍ടൈന്‍മെന്റ് വാല്യു ഉണ്ടെങ്കില്‍ അതു വിജയിക്കും. ഒഴിവുദിവസത്തെ കളിയും വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലും ഒരു പോലെ പ്രേക്ഷക പ്രീതി നേടുന്ന കാഴ്ചയില്‍ നിന്നും പ്രേക്ഷകര്‍ ഒരു ട്രെന്‍ഡിനും പിന്നാലേയല്ലയെന്ന് വീണ്ടും തെളിഞ്ഞു. സിനിമാമേഖലയില്‍ ഉണ്ടായിരിക്കുന്ന ഈ പുതിയ ഉണര്‍വിന്റെ തുടര്‍ച്ച തെളിയേണ്ടത് 2017–ലാണ്. ഒട്ടേറെ പുതുമുഖങ്ങളാണ് പുതു വര്‍ഷത്തില്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. സംവിധാന രംഗത്തും തിരക്കഥാരചനയിലുമെല്ലാം നവാഗതരുടെ നീണ്ട നിരയായിരിക്കും അടുത്ത വര്‍ഷം എത്തുക. ഒപ്പം പരിചയ സമ്പന്നരും സജീവമായി രംഗത്തുണ്ടാകും. എന്നാല്‍ പുലിമുരുകന്‍ സൃഷ്ടിച്ച കളക്ഷന്‍ റിക്കോര്‍ഡ് മറികടക്കാന്‍ 2017നു കഴിയുമോ? കാത്തിരിക്കാം..
–ബിജോ ജോ തോമസ്