നികുതിവ്യവസ്ഥയിൽ അടിമുടി മാറ്റങ്ങളുമായി ഒരു രാജ്യം ഒരു നികുതി എന്ന മുദ്രാവാക്യവുമായി കടന്നുവന്ന ജിഎസ്ടി ആയിരുന്നു 2017ൽ ബിസിനസ് രംഗത്തെ വാർത്താതാരം. 2016 അവസാനം സംഭവിച്ച നോട്ടുനിരോധനത്തിന്റെ പ്രകന്പനങ്ങൾ ഇന്ത്യൻ സാന്പത്തികമേഖലയെ ചെറുതല്ലാതെ വിറപ്പിച്ചു. വിപ്ലവകരമായ ഒരുപിടി മാറ്റങ്ങളിലൂടെയാണ് ഇന്ത്യൻ സാന്പത്തികരംഗം 2017ലൂടെ കടന്നുപോയത്. ചില സംഭവങ്ങളുടെ ഓർമപുതുക്കലിലേക്ക്…
ജിഎസ്ടി
നീണ്ട കാത്തിരിപ്പിനൊടുവിൽ 2017 ജൂലൈ ഒന്നിന് രാജ്യത്ത് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) അഥവാ ചരക്കുസേവന നികുതി നിലവിൽവന്നു.
പുതിയ സന്പ്രദായത്തിന്റെ പ്രശ്നങ്ങൾ ഇനിയും തീർന്നിട്ടില്ല. നികുതി വരുമാനം കുറയുകയും ചെയ്തു. രാജ്യത്തെ ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള നികുതി നിർണയിക്കുന്നത് കേന്ദ്ര ധനമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളായുള്ള ജിഎസ്ടി കൗണ്‍സിലായിരിക്കും.
എസ്ബിഐ-എസ്ബിടി ലയനം
തിരുവിതാംകൂറിന്റെ സ്വന്തം ബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 2017 ഏപ്രിൽ ഒന്നുമുതൽ ഒൗദ്യോഗികമായി ഇല്ലാതായി. രാജ്യത്തെ അഞ്ചു സ്റ്റേറ്റ് ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിച്ചതിന്റെ ഭാഗമായാണ് എസ്ബിടി ഇല്ലാതായത്. ലയനം സംഭവിച്ചതോടെ ലോകത്തെ വലിയ 50 ബാങ്കുകളിൽ എസ്ബിഐയും ഇടം നേടി. എസ്ബിഐയുടെ ആദ്യ വനിതാ മേധാവിയായിരുന്ന അരുന്ധതി ഭട്ടാചാര്യ 2017 ഓക്ടോബറിൽ വിരമിക്കുകയും രജനിഷ് കുമാർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
ഇന്ധനവില എണ്ണക്കന്പനികളുടെ കൈയിൽ
ജൂണ്‍ മുതലാണ് പ്രതിദിനം പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കന്പനികൾക്ക് സർക്കാർ നല്‍കിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും രൂപ-ഡോളർ വിനിമയ നിരക്കിൽ വരുന്ന മാറ്റങ്ങളും അനുസരിച്ചാണ് എണ്ണക്കന്പനികൾ ഓരോ ദിവസവും ഇന്ധനവില നിശ്ചയിക്കുന്നത്
ബിറ്റ് കോയിൻ ബൂം
2017ന്റെ അവസാനമാസങ്ങളിൽ ബിസിനസ് രംഗം ഏറെ ചർച്ച ചെയ്ത ഒരു വാക്കാണ് ബിറ്റ് കോയിൻ. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ സൈബർ ലോകത്ത് ഡിജിറ്റൽ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന പണമാണ് ബിറ്റ് കോയിൻ. കംപ്യൂട്ടർ ഭാഷയിൽ തയാറാക്കുന്ന ഈ പ്രോഗ്രാമിൽ എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ക്രിപ്റ്റോ കറൻസി (ഗൂഢ കറൻസി)എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.
2008ലാണ് ആദ്യമായി ബിറ്റ് കോയിനുകൾ സൃഷ്ടിക്കപ്പെടുന്നത്. സതോഷി നകാമോട്ടോ എന്ന പേരിനാണ് ബിറ്റ് കോയിൻ നിർമാതാവ് എന്ന വിശേഷണം കിട്ടിയിരിക്കുന്നത്. ഇത് ഒരു വ്യക്തിയാണോ ഒരു കൂട്ടം വ്യക്തികളാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 2010ൽ വെറും നാലു രൂപയായിരുന്നു ഒരു ബിറ്റ് കോയിന്റെ വില. 2017 ഡിസംബർ ആയപ്പോൾ അത് പത്തു ലക്ഷത്തിനു മേലെയായിട്ട് കുറേ താണു. 2017ന്റെ അവസാന മാസങ്ങളിൽ ബിറ്റ് കോയിന്റെ മൂല്യം ക്രമാതീതമായി ഉയർന്നതോടെ 2018 ഇതുയർത്താൻ പോകുന്ന തരംഗങ്ങളെക്കുറിച്ച് ആകാംഷയോടെയാണ് ബിസിനസ് ലോകം കാത്തിരിക്കുന്നത്.
എന്നാൽ, കേന്ദ്രീകൃതമായ ഒരു ബാങ്കോ അഥോറിറ്റിയോ അല്ല ബിറ്റ്കോയിൻ വിനിമയം നിയന്ത്രിക്കുന്നത്. ആരുടെയും ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ അല്ല ബിറ്റ്കോയിൻ എന്നു ചുരുക്കം. ഇന്ത്യയിൽ ബിറ്റ് കോയിന് നിയമപരമായ അംഗീകാരവുമില്ല.
ആധാറിന്റെ ആധിപത്യം
കേന്ദ്ര സർക്കാരിന്റെ യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ പൗരന്മാർക്കു നല്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നന്പറാണ് ആധാർ. രാജ്യത്തെ എല്ലാ പൗരന്മാരും തങ്ങളുടെ ബാങ്ക് അക്കൗണ്ട്, പാൻ കാർഡ്, തിരിച്ചറിയൽ കാർഡ്, എൽപിജി കണക്ഷൻ, റേഷൻ കാർഡ്, മൊബൈൽ നന്പർ എന്നിവ ആധാർ നന്പറുമായി ബന്ധിപ്പിക്കണം എന്ന നിർബന്ധിത വ്യവസ്ഥ വന്നതോടെയാണ് ആധാർ 2017ൽ ഏറെ ചർച്ചാവിഷയമായത്.
ടിസിഎസിലും ഇൻഫോസിസിലും നേതൃമാറ്റം
രാജ്യത്തെ ഏറ്റവും വലിയ ഐടി കന്പനിയായ ടിസിഎസിന്റെ സിഇഒ ആയി രാജേഷ് ഗോപിനാഥ് 2017 ഫെബ്രുവരി 21ന് ചുമതലയേറ്റു. ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി നടരാജൻ ചന്ദ്രശേഖരനും നിയമിതനായി. രണ്ടാമത്തെ വലിയ ഐടി കന്പനിയായ ഇൻഫോസിസിൽ 2014 മുതൽ സിഇഒ ആയിരുന്ന വിശാൽ സിക്ക മാറി യു.ബി. പ്രവീണ്‍ റാവു ഇടക്കാല സിഇഒ ആയി ചുമതലയേറ്റു. 2018 ജനുവരി രണ്ടിന് സലീൽ എസ്. പരേഖ് ഇൻഫോസിസ് സിഇഒ ആയി ചുമതലയേൽക്കും.
ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയുടെ കുതിച്ചുചാട്ടം
കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവുമധികം നിക്ഷേപം നടന്ന ഒരു മേഖലയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ്.വാണിജ്യ,വ്യവസായ മേഖലകളിലെ മാറ്റങ്ങളെക്കുറിച്ചും പുതിയ പ്രവണതകളെക്കുറിച്ചും ഗവേഷണങ്ങൾ നടത്തുന്ന വാൻസണ്‍ ബോണ്‍ എന്ന സ്ഥാപനം നടത്തിയ പഠനങ്ങളിൽ 81 ശതമാനം ഐടി, വ്യവസായ സ്ഥാപനങ്ങളും ആർട്ടിഫിഷൽ ഇന്റലിജൻസ് മേഖലയിൽ നിക്ഷേപം നടത്തിയിട്ടുള്ളതായി കണ്ടെത്തി. ഇതിൽ പകുതിയിലധികം നിക്ഷേപങ്ങളും നടന്ന 2017ലാണ്. ഇതിൽ 30 ശതമാനം കന്പനികളും ഈ മേഖലയിലുള്ള തങ്ങളുടെ നിക്ഷേപം വരുന്ന മൂന്നു വർഷത്തിനുള്ളിൽ വർധിപ്പിക്കാനും ആലോചിക്കുന്നു. പല രാജ്യാന്തര കന്പനികളും ചീഫ് എഐ ഓഫീസർ എന്ന ഒരു തസ്തിക സൃഷ്ടിച്ചുകഴിഞ്ഞു.
തല കുനിച്ച് അനുജൻ
അംബാനി സഹോദരന്മാരിൽ ഇളയവൻ അനിൽ അംബാനി തന്റെ റിലയൻസ് കമ്യൂണിക്കേഷൻസ് കന്പനിയുടെ മൊബൈൽ ആസ്തികളെല്ലാം ചേട്ടൻ മുകേഷ് അംബാനിക്ക് വിൽക്കാൻ തീരുമാനിച്ചു. സ്പെക്ട്രം ടവറുകൾ, ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക്, മീഡിയ കണ്‍വേർജൻസ് നോഡ് എന്നിവയെല്ലാം വില്പനയിൽപ്പെടും. 45,000 കോടി രൂപയുടെ കടക്കാരനാണ് അനിലിപ്പോൾ. കടം വീട്ടാനാണ് ഇപ്പോഴത്തെ കച്ചവടം. വില്പനത്തുക പ്രഖ്യാപിച്ചിട്ടില്ല.
ഓഹരിസമാഹരണത്തിന്റെ സുവർണവർഷം
ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ(ഐപിഒ) 1,100 കോടി ഡോളർ സമാഹരിക്കാൻ ഇന്ത്യൻ കന്പനികൾക്കായ വർഷമാണ് 2017. വരുന്ന വർഷവും ഈ പ്രവണത തുടരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ചെറുകിട-ഇടത്തര സംരംഭങ്ങളടക്കം 153 കന്പനികൾ പ്രാരംഭ ഓഹരിവില്പനയിലൂടെ ഈ വർഷം ഓഹരിവിപണിയിലെത്തി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്യാർഡും ഈ കൂട്ടത്തിലുണ്ട്.
ഇതിൽ മിക്കവയും നിക്ഷേപകർക്ക് പോസിറ്റീവ് റിട്ടേണാണു നല്‍കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഐപിഒയിൽ 500 ശതമാനം വരെ വളർച്ച രേഖപ്പെടുത്തിയ കന്പനികളുമുണ്ട്.
കാഷ്ലെസ് ആകാനുള്ള ശ്രമം
നോട്ട് അസാധുവാക്കലിനു ശേഷം വന്ന വർഷത്തിൽ ഡിജിറ്റൽ പേമെന്റുകളിൽ 221 ശതമാനം വർധനയാണ് രാജ്യത്തുണ്ടായത്. സർക്കാരിന്റെ ഭീം ആപ്ലിക്കേഷൻ അടക്കം നിരവധി ഇ- പേമെന്റ് ആപ്ലിക്കേഷനുകൾ നിലവിൽ വന്നു
ആശ്വാസമായി മൂഡീസ്
രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ മൂഡിസ് 14 വർഷത്തിനിടെ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തിയ വർഷമായിരുന്നു 2017. സാന്പത്തിക പരിഷ്കരണങ്ങളുടെ പേരിൽ പഴികേട്ടുകൊണ്ടിരുന്ന കേന്ദ്രസർക്കാരിന് ഇതൊരു ആശ്വാസമായി. ബിഎഎ 3 ൽനിന്ന് ബിഎഎ 2 ലേക്കാണ് റേറ്റിംഗ് ഉയർത്തിയിരിക്കുന്നത്. ഇത് രാജ്യത്ത് വിദേശ നിക്ഷേപം കൂടാൻ സഹായകമാകും.
ബിസിനസ് സൗഹൃദമായി
ലോകബാങ്ക് പുറത്തിറക്കുന്ന ബിസിനസ് സൗഹാർദരാജ്യങ്ങളുടെ പട്ടികയിൽ ആദ്യമായി ഇന്ത്യ 100-ാം സ്ഥാനത്തെത്തി. ഒറ്റയടിക്ക് 30 സ്ഥാനങ്ങളുയർന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്.
റോസ് മേരി ജോൺ