ഓട്ടോസ്പോട്ട് /അജിത് ടോം
ഇന്ത്യയിൽ അതിവേഗം ശക്തമായ വേരോട്ടമുണ്ടാക്കിയ വാഹനനിർമാതാക്കളാണ് ടൊയോട്ട. കേവലം കച്ചവടം എന്നതിലുപരി, സമൂഹിക പ്രതിബദ്ധതയിലൂന്നിയ നിരവധി പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നതിൽ കന്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അടുത്തിടെ ടൊയോട്ട കിർലോസ്കർ മോട്ടോർ ലിമിറ്റഡിന്റെ ബംഗളൂരുവിലെ പ്ലാന്റ് സന്ദർശിച്ചതിനെത്തുടർന്നാണ് കന്പനിയുടെ പ്രാധാന്യം വർധിക്കുന്നതിന്റെ കാരണം വ്യക്തമായത്.
ബംഗളൂരു- മൈസൂർ ദേശീയപാതയുടെ സമീപം ബിഡിഡി എന്ന വ്യാവസായിക മേഖലയിലാണ് ടൊയോട്ട കിർലോസ്കർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 432 ഹെക്ടറിലായി നിരന്നുകിടക്കുന്ന പ്ലാന്റ് പൂർണമായി പ്രകൃതിസൗഹൃദ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്യുന്നതിനൊപ്പം മാലിന്യം പരമാവധി കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
1997ലാണ് ടൊയോട്ട ഇന്ത്യയിലെത്തുന്നത്. കമ്പനിയുടെ ഓഹരികളിൽ 87 ശതമാനം ടൊയോട്ടയുടെയും 13 ശതമാനം കിർലോസ്കർ മോട്ടോഴ്സിന്റെയും കൈവശമാണ്. 20 വർഷംകൊണ്ട് രാജ്യത്തെ വാഹനവിപണിയിൽ നാലാം സ്ഥാനം സ്വന്തമാക്കാനായെന്ന് കന്പനി അവകാശപ്പെടുന്നു. കൊറോള ആൾട്ടിസ്, എത്തിയോസ്, എത്തിയോസ് ക്രോസ്, എത്തിയോസ് ലിവ, ഫോർച്യൂണർ, ഇന്നോവ ക്രിസ്റ്റ എന്നീ മോഡലുകൾ ബംഗളൂരുവിലെ പ്ലാന്റിൽ നിർമിക്കുന്നവയാണ്. ബിഡിഡിയിലെ പ്ലാന്റിൻനിന്ന് ഒരു വർഷം 2.10 ലക്ഷം വാഹനങ്ങൾ നിരത്തിലെത്തുന്നു.
ആറ് ഘട്ടങ്ങളായാണ് ഓരോ വാഹനത്തിന്റെയും നിർമാണം. പെയിന്റ് ചെയ്ത ബോഡി ജോലിക്കാരുടെ കൈയിലെത്തുന്നതാണ് ആദ്യ ഘട്ടം.
രണ്ടാം ഘട്ടം – ട്രിം ലൈൻ- വാഹനത്തിന്റെ ഇന്റീരിയർ ഭാഗങ്ങൾ ഫിറ്റ് ചെയ്യാൻ തുടങ്ങുന്നു. 465 സെക്കൻഡ് സമയമാണ് ഓരോ ഭാഗവും ഫിറ്റ് ചെയ്യാൻ നല്കിയിരിക്കുന്നത്. വയറിംഗ്, ബീഡിംഗ് തുടങ്ങിയവ ഫിറ്റ് ചെയ്യൽ തുടങ്ങിയ ജോലികൾക്കും 465 സെക്കൻഡ് വീതം നല്കിയിട്ടുണ്ട്. വിൻഡ് ഷീൽഡുകൾ ഘടിപ്പിക്കുന്നത് യന്ത്രസഹായത്തോടെയാണ്.
മൂന്നാം ഘട്ടം – ചാസിസ് ലൈൻ: എൻജിൻ ഭാഗങ്ങൾ ഘടിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ടയർ ഫിറ്റ് ചെയ്യാനുമുള്ള സമയമാണ്. ഈ ജോലിയിൽ ഒരേസമയം ഒന്നിലധികം ആളുകളുടെ പങ്കാളിത്തമുണ്ടാവും.
നാലാം ഘട്ടം- ഫൈനൽ ലൈൻ: നിർമാണത്തിന്റെ അവസാനഘട്ടം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. സീറ്റ്, സ്റ്റിയറിംഗ് സൈഡ് മിറർ തുടങ്ങി ഇന്റീരിയറിലും എക്സ്റ്റീരിയറിലും പുറമെ കാണുന്ന ചെറിയ കാര്യങ്ങളാണ് ഇവിടെ ചെയ്യുക.
അഞ്ചാം ഘട്ടം- ട്രിം ഇൻസ്പെക്ഷൻ: ഇത് വാഹനം ഓടിച്ചു നോക്കുന്നതിനു മുന്പുള്ള പരിശോധനയാണ്. പുറത്തും അകത്തും ആവശ്യമായ എല്ലാ ഭാഗങ്ങളുമുണ്ടെന്ന് ഉറപ്പുവരുത്തുന്നു.
ആറാം ഘട്ടം- ഫങ്ഷൻ ഇൻസ്പെക്ഷൻ: വാഹനത്തിന്റെ പ്രവർത്തനം പരിശോധിച്ചു വിലയിരുത്തുന്നു.
ഇത്രയും കാര്യങ്ങൾ ഉറപ്പു വരുത്തിയാണ് ഓരോ വാഹനവും പുറത്തെത്തിക്കുന്നത്. എങ്കിലും, ഓരോ നാലു മിനിറ്റിലും ഒരു കാറിന്റെ നിർമാണം പൂർത്തിയാക്കുന്നുണ്ടെന്ന് കന്പനി പറയുന്നു.
വാട്ടർ മാനേജ്മെന്റ്
വെള്ളത്തിന് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന നഗരമാണ് ബംഗളൂരു. അതുകൊണ്ടുതന്നെ വളരെ കൃത്യമായ ജലവിനിയോഗ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ഓരോ വാഹനത്തിന്റെയും ഉത്പാദനഘട്ടത്തിൽ ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ കണക്ക് ഇവിടെ നല്കുന്നുണ്ട്. കൂടാതെ, കൃത്യമായ റീസൈക്ലിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉത്പാദനത്തിനു ശേഷമുണ്ടാകുന്ന മലിനജലം ഏഴ് ഭാഗങ്ങളായാണ് റീസൈക്കിൾ ചെയ്യുന്നത്. ജലവും മാലിന്യവും വേർതിരിച്ചശേഷം രാസമാലിന്യം സിമന്റ് നിർമാണത്തിനും, ജൈവമാലിന്യം മണ്ണിര കമ്പോസ്റ്റിനും ഉപയോഗിക്കുന്നു.
ഗുരുകുലം
വളരെ ചുറുചുറുക്കുള്ള ജീവനക്കാരാണ് ടൊയോട്ടയുടെ വളർച്ചയ്ക്കു പിൻബലം. മുന്പ് പുറത്തുനിന്ന് ഐടിഐ പോലുള്ള കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് ഹ്രസ്വകാല പരിശീലനം നല്കി ജോലി കൊടുക്കുകയായിരുന്നു പതിവ്. എന്നാൽ, 2007ൽ ടൊയോട്ട ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ടിടിഐ) എന്ന സ്ഥാപനം പ്ലാന്റിൽതന്നെ ആരംഭിക്കുകയും മൂന്നു വർഷം ദൈർഘ്യമുള്ള കോഴ്സ് പഠിപ്പിക്കുകയുമാണ്. സാങ്കേതിക വിദ്യാഭ്യാസത്തിനു പുറമേ ഇംഗ്ലീഷ് ഭാഷയിലും പരിജ്ഞാനം നല്കുന്നുണ്ട്.
കർണാടകയിലെ ഉൾഗ്രാമങ്ങളിൽനിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നിർധനരായ കുട്ടികളെ തെരഞ്ഞെടുത്താണ് പരിശീലനം നല്കുന്നത്. സൗജന്യ വിദ്യാഭ്യാസം നല്കുകയും തുടർന്ന് വിദേശത്തും സ്വദേശത്തും ടൊയോട്ടയിൽ ജോലി നല്കുകയും ചെയ്യുന്നു.
മെട്രോ നഗരത്തിന്റെ പ്രാന്തത്തിൽ ഇത്രയും പ്രകൃതിസൗഹൃദ രീതിയിൽ ഒരു വ്യവസായം നടത്തുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ, അത് ഏറ്റവും വിജയകരമായി ചെയ്യുന്നതിനൊപ്പം 2050 ആകുന്പോഴേക്കും ടൊയോട്ടയെ കാർബണ് മുക്തമാക്കുകയെന്ന വലിയ വെല്ലുവിളിയും അവർ ഏറ്റെടുത്തിട്ടുണ്ട്…