ഡോ. സന്തോഷ് വേരനാനി
ആധുനിക ലോകചരിത്രത്തിൽ ഏറ്റവും ഹ്രസ്വയുദ്ധത്തിന് 50 വയസ് തികയുന്നു. 1967ൽ നടന്ന ആറുദിന യുദ്ധത്തിന് ഈ മാസം അരനൂറ്റാണ്ട് പിന്നിടുകയാണ്. പശ്ചിമേഷ്യയുടെ രാഷ്ട്രീയചരിത്രം മാറ്റിമറിച്ച, അറബ് ലോകത്തിനു കനത്ത തിരിച്ചടി നേരിട്ട ആറുദിന യുദ്ധം 1967 ജൂൺ അഞ്ചു മുതൽ 10 വരെയാണു നടന്നത്.
ഒരുവശത്ത് ഇസ്രയേലും മറുവശത്ത് ഈജിപ്റ്റ്, ജോർദാൻ, സിറിയ എന്നീ രാജ്യങ്ങളും (പ്രത്യക്ഷത്തിൽ) ഏറ്റുമുട്ടിയ ഈ ചെറുയുദ്ധത്തിന്റെ അനുരണനങ്ങളാണ് പശ്ചിമേഷ്യൻ അശാന്തിയുടെ പ്രധാനകാരണങ്ങളായി ഇപ്പോഴും തുടരുന്നത്. യുദ്ധം ചെറുതായിരുന്നെങ്കിലും അത് ഇസ്രയേൽ എന്ന സയണിസ്റ്റ് (ജൂതവംശ മഹത്വത്തിൽ വിശ്വസിക്കുന്ന) രാഷ്ട്രത്തിനു വലിയ നേട്ടങ്ങളാണു നേടിക്കൊടുത്തത്. മറുവശത്താകട്ടെ അറബ് സേന നിലംപരിശാകുകയും പലസ്തീൻ സ്വതന്ത്രരാഷ്ട്രം ഇന്നും മരീചികയായി തുടരുകയും ചെയ്യുന്നു. ഇതാണ് ആറുദിന യുദ്ധത്തിന്റെ ബാക്കിപത്രം.
ഗമാൽ അബ്ദുൾ നാസറിന്റെ ഈജിപ്റ്റിൽനിന്ന് സീനായ് മരുഭൂമിയും ഗാസയും ഇസ്രയേൽ പിടിച്ചടക്കി. (അന്നത്തെ ഇസ്രയേൽ സേനയുടെ മേജർ ജനറലായിരുന്ന ഏരിയൽ ഷാരോൺ പിന്നീട് ഇസ്രായേലിലെ പ്രധാനമന്ത്രിയായിത്തീർന്നു). യുദ്ധം തുടങ്ങി മണിക്കൂറുകൾകൊണ്ടുതന്നെ ജോർദാനിൽനിന്നു വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലമും പിടിച്ചെടുത്ത ഇസ്രേലി സൈന്യം ക്രിസ്തുവിന്റെ ജനനസ്ഥലമായ ബേത്ലഹേംവരെ അവരെ തുരത്തി. ഇസഹാക് റാബിൻ എന്ന പരിണതപ്രജ്ഞനായ സേനാതലവന്റെ കീഴിൽ അണിനിരന്ന ഇസ്രേലി സൈന്യം ജറുസലമിന്റെ പഴയഭാഗം മുഴുവനായി തിരിച്ചുപിടിച്ചു.
സിറിയയുമായി മറ്റൊരുവശത്തുനിന്നു യുദ്ധത്തിലേർപ്പെട്ട ഇസ്രയേലിന് ഗോലാൻ കുന്നുകളിന്മേൽ അവകാശം കിട്ടിയതോടുകൂടിയാണ് ആറുദിന യുദ്ധത്തിനു സമാപനമായത്.
ഇസഹാക് റാബിനെ പിന്നീട് അമേരിക്കയിലെ ഇസ്രേലി അംബാസഡറായി നിയമിച്ചു. 1974ൽ ഗോൾഡാ മേയറിനുശേഷം ഇസ്രയേൽ പ്രധാനമന്ത്രിയായി. പിന്നീട് 1992ലും പ്രധാനമന്ത്രിപദത്തിൽ എത്തിയ ഇസഹാക് റാബിൻ 1993ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ കാർമികത്വത്തിൽ നടന്ന ഓസ്ലോ സമാധാന ചർച്ചയിൽ പലസ്തീൻ വിമോചന മുന്നണി നേതാവ് യാസർ അറാഫാത്തുമായി ഉടന്പടിയുണ്ടാക്കി. ഈ ഉടന്പടിയുടെ പേരിൽ ഷിമോൺ പെരെസ്, യാസർ അറാഫാത്ത് എന്നിവരോടൊപ്പം റാബിനും 1994ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. പലസ്തീനുമായുണ്ടാക്കിയ സമാധാന കരാർ ദഹിക്കാത്ത ഒരു തീവ്ര സയണിസ്റ്റിന്റെ വെടിയേറ്റ് 1995 നവംബർ നാലിന് അദ്ദേഹം കൊല്ലപ്പെടുകയാണുണ്ടായത്.
ആറുദിന യുദ്ധത്തിന്റെ കാരണങ്ങൾ കണ്ടെത്തണമെങ്കിൽ ഇസ്രായേൽ എന്ന രാജ്യത്തിന്റെ രൂപവത്കരണം വരെ സഞ്ചരിക്കണം. 1898 തിയോഡർ ഹെർസലും മറ്റും മുന്പോട്ടുവച്ച സയണിസ്റ്റ് വാദത്തിന്റെ സാക്ഷാത്കാരമായിരുന്നു 1948 ൽ ഇസ്രയേലിന്റെ രൂപവത്കരണം. പിന്നീട് പലസ്തീനികളെ പതിയെ അവരുടെ ജന്മനാട്ടിൽനിന്ന് ആട്ടിപ്പായിച്ച് ജൂതരാഷ്ട്രം അതിന്റെ വിസ്തൃതി കൂട്ടികൂട്ടിവന്നു. 1948ൽത്തന്നെ ആദ്യ അറബ്ഇസ്രയേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഇതിനിടെ ഗമാൽ അബ്ദുൾ നാസർ സൂയസ് കനാൽ ദേശസാത്കരിച്ചതും ഇസ്രേലി കപ്പലുകൾക്ക് പ്രവേശനാനുമതി നിഷേധിച്ചതുമെല്ലാം പശ്ചിമേഷ്യയിലും അറബ് ലോകത്തും രണ്ടാം ലോകമഹായുദ്ധാനന്തരം പുതിയ ചേരികൾക്കു രൂപംനൽകുന്നതിനു കാരണമായി. സോവ്യറ്റ് യൂണിയന്റെ പ്രത്യക്ഷ പിന്തുണ അറബ് ശക്തികൾക്കു ലഭിച്ചെങ്കിലും ആസൂത്രണമില്ലായ്മയും നേതൃശേഷിയുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തതയുമൊക്കെ ഒരു സൈനിക ദുരന്തത്തിലേക്കുതന്നെ അവരെ കൊണ്ടുചെന്നെത്തിച്ചു.
ഇറാക്ക്, ലെബനൻ, അൾജീരിയ, കുവൈത്ത്, ലിബിയ, മൊറോക്കോ, പാക്കിസ്ഥാൻ, സുഡാൻ, ടുണീഷ്യ എന്നീ രാജ്യങ്ങളും പലസ്തീൻ വിമോചന മുന്നണിയും ഈജിപ്ഷ്യൻ നേതാവ് നാസറിന്റെ പാൻ ഇസ്ലാമിക സഖ്യത്തിൽ ആകൃഷ്ടരായി യുദ്ധമുഖത്തു നിലയുറപ്പിച്ചെങ്കിലും കൃത്യമായ ആസൂത്രണവും ഉയർന്ന സാങ്കേതിക വിദ്യയും മികച്ച നേതൃത്വവും ഇസ്രയേലിനെ കേവലം ആറുദിവസംകൊണ്ടുതന്നെ വിജയത്തിലെത്തിച്ചു.
സൂയസ് കനാൽ പ്രശ്നം 195456 കാലഘട്ടത്തിൽ നീറിനിന്നതിനുശേഷം ഇസ്രയേൽ കപ്പൽ ഗതാഗതത്തിനായി ഉപയോഗിച്ചുവന്ന ടിരാൻ കപ്പൽ ചാനൽ ഈജിപ്റ്റ് ഏകപക്ഷീയമായി കെട്ടിയടച്ചതാണ് ആറുദിന യുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണമായി പറയുന്നത്. സോവ്യറ്റ് യൂണിയന്റെ പ്രേരണയാൽ കപ്പൽചാനൽ കെട്ടിയടച്ചതിന്റെയും തുടർന്നു സോവ്യറ്റ് യൂണിയൻ ചമച്ചുണ്ടാക്കിയ കഥകളുടെയും ആവേശത്തിൽ അറബ് രാഷ്ട്രങ്ങൾ എടുത്തുചാടിയതാണ് ഒരു യുദ്ധദുരന്തത്തിൽ അവരെ കൊണ്ടുചെന്നെത്തിച്ചതെന്ന് അക്കാലത്തെ അമേരിക്കൻ പ്രസിഡന്റ് ലിൻഡൺ ബി ജോൺസൺ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അറബ് സേനയ്ക്ക് സോവ്യറ്റ് ആയുധങ്ങൾ ലഭിച്ചിരുന്നു. ഇതിലുൾപ്പെട്ട ജോർദാന് അമേരിക്കൻ ആയുധങ്ങളും ബ്രിട്ടീഷ് വ്യോമ ഉപകരണങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇസ്രയേലിന്റെ സൈനിക മികവിനു മുന്പിൽ പിടിച്ചുനിൽക്കാനായില്ല. മൂന്നു ലക്ഷം പലസ്തീനികൾ ആറുദിവസ യുദ്ധത്തിന്റെ ഭാഗമായി മാതൃദേശത്തുനിന്ന് കുടിയിറക്കപ്പെട്ടു. ഗോലാൻ കുന്നുകളിൽനിന്ന് ഒരുലക്ഷം പേരും കുടിയിറക്കപ്പെട്ടു.
ജൂതവംശജരെ അറബ് പ്രദേശത്തുനിന്ന് ഇറക്കിവിട്ടു എന്ന മറുപുറവുമുണ്ട് ഇതിനോടു ചേർത്തുവായിക്കാൻ. എന്നാൽ, ഇവരിലധികം പേരും അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ പോയി മികച്ച നിലയിൽ ജീവിക്കുന്പോൾ പലസ്തീനികളുടെ യാതനകൾക്ക് ഇന്നും അറുതിവന്നിട്ടില്ല.
അറബ് പക്ഷത്ത് 5,47,000 സൈനികർ അണിനിരന്നപ്പോൾ ഇസ്രേലി പക്ഷത്ത് 2,64,000 പേർ മാത്രമാണുണ്ടായിരുന്നത് പകുതിയിൽ താഴെ. എന്നാൽ യുദ്ധത്തിൽ ആയിരത്തിൽ താഴെ ഇസ്രേലി സൈനികർ മാത്രമാണു മരണമടഞ്ഞത്. മറുവശത്താകട്ടെ ഇരുപതിനായിരത്തിലധികം സൈനികർ കൊല്ലപ്പെടുകയുണ്ടായി. 1978ലെ ക്യാന്പ് ഡേവിഡ് സന്ധിയും 1993ലെ ഓസ്ലോ കരാറുമൊക്കെയുണ്ടെങ്കിലും ആറുദിന യുദ്ധത്തിന്റെ ഓർമകൾ ഇന്നും അറബികളെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു.