വത്തിക്കാൻ സിറ്റി: തന്റെ ജീവൻ രക്ഷിച്ചത് ബുദ്ധിമതിയായ ഒരു കന്യാസ്ത്രീയാണെന്ന വെളിപ്പെടുത്തലുമായി ഫ്രാൻസിസ് മാർപാപ്പ. സ്പാനിഷ് വൈദികൻ ഫെർനാൻഡോ പ്രാഡോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ’സന്യസ്ത ജീവിതത്തിലെ വെല്ലുവിളികൾ’ എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കവേയാണു മാർപാപ്പ തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ആ സന്ദർഭം അനുസ്മരിച്ചത്.
“1950 കളിലാണത്… ലാറ്റിനമേരിക്കയിൽ സെമിനാരി വിദ്യാർഥിയായിരിക്കേ എനിക്ക് ന്യുമോണിയ പിടിപെട്ടു. വെറും പനിയാണെന്നായിരുന്നു സെമിനാരി ഡോക്ടറുടെ കണ്ടെത്തൽ. കാര്യമായി ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് അസുഖം വർധിച്ചു. അത്യാസന്ന നിലയിലായതോടെ എന്നെ അവർ ആശുപത്രിയിലെത്തിച്ചു. അപ്പോൾ ഞാൻ മരണത്തിന്റെ വക്കിലായിരുന്നു.
അസുഖം ന്യുമോണിയയാണെന്ന് അവിടത്തെ ഡോക്ടർ കണ്ടെത്തി. രണ്ടുതരം ആന്റിബയോട്ടിക്കുകൾ നൽകാൻ നിർദേശിക്കുകയും ചെയ്തു.
എന്നാൽ ഡോക്ടർ പോയശേഷം, അവിടെ ജോലിക്കുണ്ടായിരുന്ന ഒരു കന്യാസ്ത്രീ ഇരട്ടി ഡോസിൽ മരുന്നു നൽകാൻ മറ്റു നഴ്സ്മാരോടു പറഞ്ഞു. അവർ അനുസരിച്ചു. അങ്ങനെയാണു ഞാൻ രക്ഷപ്പെട്ടത്. കോർണേലിയ കരാഗ്ളിയോ എന്നാണ് ആ ബുദ്ധിമതിയായ കന്യാസ്ത്രീയുടെ പേര്…’’ മാർപാപ്പ പറഞ്ഞു. മാർപാപ്പയുമായി ഫാ. പ്രാഡോ നടത്തിയ സംഭാഷണം പുസ്തകരൂപത്തിൽ ഈയാഴ്ച പ്രസിദ്ധീകരിക്കും.