കലിഫോർണിയ: മൻഹാട്ടൻ ബീച്ചിൽ വെടിയേറ്റു ചത്ത ഡോൾഫിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് 5300 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു.
മറൈൻ അനിമൽ റസ്ക്യു പ്രസിഡന്റ് പീറ്റർ വാൾസ്റ്റെയ്നാണ് മൻഹാട്ടൻ ബീച്ചിലെ വെള്ളത്തിനു സമീപം മണൽപരപ്പിൽ ഡോൾഫിൻ വെടിയേറ്റു കിടക്കുന്നത് ആദ്യം കണ്ടത്. ഉടനെ അടുത്തുള്ള മറൈൻ മാമൽ സെന്ററിൽ കൊണ്ടു പോയി എക്സറെ പരിശോധ നടത്തിയപ്പോഴായിരുന്നു വെടിയേറ്റ ബുള്ളറ്റ് ശരീരത്തിൽ കണ്ടെത്തിയത്.
ഡോൾഫിന്റെ മരണം വെടിയേറ്റതു മൂലമാണെന്ന് മൃഗഡോക്ടർ സ്ഥിരീകരിക്കുകയും ചെയ്തു.ബോട്ടിൽ യാത്ര ചെയ്ത ആരോ വെടിവച്ചതാകാം എന്ന നിഗമനത്തിലാണ് പീറ്റർ. ഡോൾഫിനെ വെടിവച്ചിട്ടത് വളരെ ക്രൂരമായെന്നും ഇതിന് മാപ്പ് നൽകാനാവില്ലെന്നും പീറ്റർ പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യമായിരുന്നു സംഭവം. ഡോൾഫിന് എന്നാണ് വെടിയേറ്റതെന്നോ, ആരാണോ വെടിവെച്ചതെന്നോ അന്വേഷിച്ചുകൊണ്ടിരിക്കയാണെന്നും ഫെഡറൽ ഗവൺമെന്റ് നാഷണൽ മറൈൻ ഫിഷറീസ് സർവീസ് അറിയിച്ചു. വാർത്ത വൈറലായതിനെ തുടർന്ന് വിവരം നൽകുന്നവർക്ക് പ്രതിഫലവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ചിലർ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു.വിവരം ലഭിക്കുന്നവർ ലോംഗ് ബീച്ച് ഫീൽഡ് ഓഫീസിനെ 562 980 4000 നമ്പറിലോ, 1800 399 4253 നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
റിപ്പോർട്ട്: പി.പി. ചെറിയാൻ