ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷത്തിലേക്കാണു രാജ്യം ഇന്നു പ്രവേശിച്ചത്. രാഷ്ട്രീയത്തിലടക്കം എന്തെന്തു മാറ്റങ്ങളാകും പുതുവർഷത്തിൽ സംഭവിക്കുക? ഇന്നു തുടക്കമിടുന്ന ചില മാറ്റങ്ങൾ.
* 2016നു മുന്പു നല്കിയ മാഗ്നറ്റിക് ടേപ്പ് ഉള്ള ക്രെഡിറ്റ്/ഡെബിറ്റ്/എടിഎം കാർഡുകൾ ഇന്നു മുതൽ ഉപയോഗിക്കാനാവില്ല. പകരം ഇഎംവി ചിപ്പ് ഘടിപ്പിച്ച കാർഡുകൾ വേണം ഉപയോഗിക്കാൻ.
* ഒരു വാഹനത്തിന് 15 ലക്ഷം രൂപയുടെ പേഴ്സണൽ ആക്സിഡന്റ് കവർ ഇൻഷ്വറൻസ് ഉള്ളയാൾ വേറെ വാഹനങ്ങൾ വാങ്ങുന്പോൾ പുതിയ പേഴ്സണൽ ആക്സിഡന്റ് കവർ എടുക്കേണ്ട.
* ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമം കേരളത്തിൽ ഇന്നു പ്രാബല്യത്തിൽ. ഇതുപ്രകാരമുള്ള രജിസ്ട്രേഷൻ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നു മുതൽ.
* രാജ്യത്തെ പ്രമുഖ കന്പനികളുടെ കാറുകൾക്കും എസ്യുവികൾക്കും വില വർധിക്കുന്നു.
* ചെരിപ്പുകൾക്കു നികുതി കുറയും. പരമാവധി ചില്ലറ വില (എംആർപി)യ്ക്കു ചുമത്തിയിരുന്ന ജിഎസ്ടി ഇനി അടിസ്ഥാന വിലയിന്മേലാകും ചുമത്തുക. ഇതു നികുതിത്തുക കുറയ്ക്കും.
* 1.5 കോടി രൂപവരെ വാർഷിക ടേണോവർ ഉള്ള വ്യാപാരികൾ റിട്ടേൺ മൂന്നു മാസം കൂടുന്പോൾ നല്കിയാൽ മതി.
താഴെപ്പറയുന്നവയ്ക്കു നികുതി ഒഴിവാകും
സംഗീത പുസ്തകങ്ങൾ, ബ്രാൻഡ് ചെയ്ത ടിന്നിലാക്കിയതോ ശീതീകരിച്ചു സൂക്ഷിച്ചതോ ആയ പച്ചക്കറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്കുന്ന ഭക്ഷണ പാനീയങ്ങൾ, ജൻധൻ യോജന അക്കൗണ്ടിലെ സേവനങ്ങൾ.
ജിഎസ്ടി കുറയുന്ന ഇനങ്ങൾ
സിനിമാ ടിക്കറ്റ് നൂറു രൂപവരെയുള്ളതിന് 18ൽനിന്ന് 12 ശതമാനത്തിലേക്ക്. 100 രൂപയിൽ കൂടിയതിന് 28ൽനിന്ന് 18ലേക്ക്.
റീട്രെഡ് ചെയ്തതോ ഉപയോഗിച്ചതോ ആയ ടയർ. കംപ്യൂട്ടർ മോണിറ്റർ, 32 ഇഞ്ചുവരെയുള്ള ടിവി സ്ക്രീൻ, പവർ ബാങ്ക്, ഡിജിറ്റൽ കാമറ, വീഡിയോ കാമറ, വീഡിയോ ഗെയിം കൺസോൾ: 28ൽനിന്നു 18 ശതമാനത്തിലേക്ക്.
തീർഥാടനവിമാനയാത്രകൾ. ഇക്കോണമി ക്ലാസിൽ അഞ്ചു ശതമാനം, ബിസിനസ് ക്ലാസിൽ 12 ശതമാനം.
ചരക്കുവാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയത്തിനു ജിഎസ്ടി 18-ൽനിന്നു 12 ശതമാനമാക്കി.