സ്വന്തം ലേഖകൻ
തൃശൂർ: നാലോണനാളിൽ തൃശൂരുണർന്നു. പുലിക്കൊട്ട് കേട്ട്…പുലിവര കണ്ട്.. ഒരു വർഷം കൈവിട്ടുപോയ പുലിക്കളി ഇത്തവണ തിമർത്താടാൻ നാടും നഗരവും ആർമാദിച്ച് കാത്തിരിപ്പാണ്. ആ കാത്തിരിപ്പ് യാഥാർഥ്യമാകാൻ ഇനി ഒരു കൈപ്പടത്തിലെ വിരലിലെണ്ണാവുന്ന മണിക്കൂറുകൾ മാത്രം.
തൃശൂരിന്റെ ഓണാഘോഷങ്ങളുടെ ക്ലൈമാക്സ് എന്ന് വിശേഷിപ്പിക്കാവുന്ന പുലിക്കളി ഇന്ന്. വൈകീട്ട് നാലരയോടെ ആദ്യ പുലിസംഘം സ്വരാജ് റൗണ്ടിലെത്തുമെന്നാണ് ഇപ്പോഴത്തെ വിവരം. ആറു ടീമുകളാണ് ഇത്തവണ പുലികളുമായി തൃശൂർ നഗരത്തിലെത്തുന്നത്.
വിയ്യൂരും കോട്ടപ്പുറവും രണ്ടു വീതം ടീമുകളുമായി എത്തുന്പോൾ അയ്യന്തോളിൽ നിന്നും തൃക്കുമാരംകുടത്തു നിന്നും ഓരോ ടീമും ചേർന്ന് ആകെ ആറു ടീമുകൾ. 300നടുത്ത് പുലികൾ ആകെ നഗരം വാഴും.
പുലിമടകളിൽ രാവിലെ മുതൽ പുലിവര തുടങ്ങിക്കഴിഞ്ഞു. മഴയൊഴിഞ്ഞു നിൽക്കുന്നത് പുലിക്കളി പ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്. തൃശൂർ നഗരത്തിൽ പുലിക്കളിയോടനുബന്ധിച്ച് ഉച്ച മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത സുരക്ഷ ക്രമീകരണങ്ങൾ പുലിക്കളിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. വിദേശികളടക്കമുള്ളവർ പുലിക്കളി കാണാനെത്തും. വിദേശികൾക്ക് പുലിക്കളി കാണാൻ പ്രത്യേക പവലിയൻ ഒരുക്കിയിട്ടുണ്ട്.
നിശ്ചലദൃശ്യങ്ങൾ മിക്കതും പോയവർഷം ഉപയോഗിക്കാൻ പറ്റാതെ പോയവയാണ്. അവ മഴയും വെയിലും കൊള്ളാതെ പ്ലാസ്റ്റിക് ഷീറ്റും ടാർപോളിനുമൊക്കെ കൊണ്ട് പൊതിഞ്ഞുവെച്ചിരുന്നു. അവ ഇത്തവണ പുലിക്കളി പ്രഖ്യാപിച്ചതോടെ പുറത്തെടുത്ത് വീണ്ടും പണികൾ നടത്തി മുഖം മിനുക്കിയെടുക്കുകയായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിശ്ചലദൃശ്യങ്ങൾ സജ്ജമാക്കിയ ലോറികൾ ഒരുക്കി നിർത്തിയിട്ടുണ്ട്. ഇത് കാണാൻ രാവിലെ മുതൽ കുട്ടികളെയും കൊണ്ട് ആളുകൾ ഇറങ്ങിയിട്ടുണ്ട്.
35 മുതൽ 51 പുലികൾ വരെയാണ് ടീമുകളിലുള്ളത്. സാന്പത്തികപ്രതിസന്ധിമൂലം 51 പുലികളെ തികയ്ക്കാൻ പല ടീമുകളും ഇത്തവണ ശ്രമിച്ചിട്ടില്ല. എന്നാൽ പുലിക്കളിയുടെ പൊലിമ കുറയ്ക്കാതെയാണ് ഇത്തവണ പുലികളെത്തുന്നതെന്ന് ടീമുകൾ തറപ്പിച്ചു പറയുന്നു. പെണ്പുലികളും കുട്ടിപ്പുലികളുമെല്ലാം ടീമുകളിലുണ്ട്. അരമണി കിലുക്കി അലറിയാർത്ത് നിറഞ്ഞാടി കുടവയർ കുലുക്കി പുലിക്കൂട്ടങ്ങൾ മടവിട്ട് കുതിച്ച് നഗരത്തിലെത്താറായി….