കെ.കെ.അർജുനൻ
തൃശൂർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികാഘോഷം രാജ്യമെങ്ങും കൊണ്ടാടുന്പോൾ ആ മഹാത്മാവിന്റെ പാദസ്പർശം പതിഞ്ഞ ഒളരി ശിവരാമപുരം കോളനിയിലും ഗാന്ധിസ്മൃതി നിറയുന്നു. മഹാത്മാഗാന്ധിയുടെ തൃശൂർ സന്ദർശനവേളയിലാണ് അദ്ദേഹം ശിവരാമപുരം കോളനിയിലെത്തിയത്.
ഈ കോളനിയെ മാറ്റത്തിന്റെ പാതയിലേക്കും പുതിയ ജീവിത ശൈലികളിലേക്കും നയിക്കാൻ ഗാന്ധിജിയുടെ സന്ദർശനം കൊണ്ട് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ മഹാത്മാവിന്റെ നൂറ്റന്പതാം ജന്മവാർഷികം ഏറെ ആവേശത്തോടെയാണ് ഈ കോളനിക്കാർ ഹൃദയത്തിലേറ്റുന്നത്.
ഇന്ത്യയിലുടനീളം പട്ടികജാതി വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി സഞ്ചരിക്കുന്നതിനിടയിലാണ് ഗാന്ധിജി ഒളരിക്കരയിലെ ശിവരാമപുരം എന്ന കൊച്ചു കോളനിയിൽ 83 വർഷം മുന്പ് എത്തിയത്. ഗാന്ധിജി കോളനി സന്ദർശിച്ചതിന് കോളനിക്കാരുടെ കൈവശം ചരിത്ര രേഖകൾ ഒന്നും ഇല്ല. വാ മൊഴി ചരിത്രവും ഗാന്ധിജി സ്ഥാപിച്ച ഒരു ക്ഷേത്ര പ്രതിഷ്ഠയും ഒരു ആൽമരവും മാത്രമാണ് ഗാന്ധിസന്ദർശനത്തിന്റെ ഓർമക്കായി ഇപ്പോൾ കോളനിയിലുള്ളത്.
സന്ദർശനത്തിന്റെ ഫോട്ടോകളൊന്നും എടുത്തിട്ടില്ല. പുറനാട്ടുകര ആശ്രമത്തിൽ സന്ദർശനം നടത്തിയ ശേഷമാണ് ഗാന്ധിജി ശിവരാമപുരം കോളനിയിലെത്തിയതെന്ന് പറയുന്നു. അന്ന് ഗാന്ധിജിയെ നേരിൽ കണ്ടവരും സ്വീകരിച്ചവരും ഇന്ന് ജീവിച്ചിരിപ്പില്ല.
ചാത്തേരി ചേന്ദൻ, കൊക്കിണി കുഞ്ഞികണ്ടൻ, കേന്പിൽ കണ്ടൻ, പെരിങ്ങിണി തുടങ്ങിയ അന്നത്തെ യുവാക്കളാണ് ഗാന്ധിയെ സ്വീകരിച്ചതത്രെ. വിഗ്രഹാരാധ നിഷേധിക്കപ്പെട്ടിരുന്ന ഈ കോളനിക്കാർ ഒരു കരിങ്കല്ലിനെ ആരാധിക്കുന്നത് കണ്ട ഗാന്ധിജി തന്റെ കൈവശമുണ്ടായിരുന്ന ശ്രീമുരുകന്റെ ചിത്രം കോളനിക്കാരുടെ കല്ല് സ്ഥാപിച്ച കാവിൽ സ്ഥാപിക്കുകയും സമീപം ഒരാൽമരത്തിന്റെ തൈ നടുകയും ചെയ്തു. മഹാത്മാവിന്റെ കാലടികൾ പതിഞ്ഞ ശിവരാമപുരം കോളനിയുടെ മണ്ണിൽ അദ്ദേഹത്തിന്റെ കൈകളാൽ നട്ടുനനച്ച പുണ്യമേറ്റു വളർന്ന ആ ആൽമരം ഇന്നും ഇവിടെയുണ്ട്…മഹാത്മാവിന്റെ ഓർമകൾ തലമുറകൾക്ക് തണലും കാവലും ആകുന്നപോലെ തണലും കാവലുമായി….