വിഴിഞ്ഞം: വഴിയരികിൽ നിർത്തിയിട്ടിരുന്ന കൂറ്റൻ ട്രെയിലർ ലോറി തനിയെ മുന്നോട്ടോടി. സമീപത്തെ ചായക്കടയിൽ ചായക്കുടിച്ചു കൊണ്ടു നിന്ന ഡ്രൈവറും ക്ലീനറും പിന്നാലെ പാഞ്ഞു. ഇരുവരും ചേർന്ന് ഓടുന്ന ലോറിയിൽ സാഹസികമായി ചാടിക്കയറിയതിനു പിന്നാലെ മാത്രം സംഭവമറിഞ്ഞ വഴിയാത്രക്കാർ ഞെട്ടി.
ഒടുവിൽ, ഡ്രൈവറില്ലാതെ ഓടിയ ലോറിയെയാണ് തങ്ങൾ ഓവർടേക്ക് ചെയ്തതെന്നറിഞ്ഞപ്പോൾ വാഹനയാത്രക്കാരും നടുങ്ങി!
ഇന്നലെ ഉച്ചക്ക് രണ്ടരയോടൊണ് നിർമാണം നടന്നു കൊണ്ടിരിക്കുന്ന കഴക്കൂട്ടം കന്യാകുമാരി ബൈപാസിൽ കാഞ്ഞിരംകുളം പുത്തൻകട പുറുത്തി വിളയിലാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
തമിഴ്നാട്ടിൽ നിന്ന് ബൈപാസ് പണിക്കായി കൂറ്റൻ കന്പി നിറച്ച്കൊണ്ടുവന്നതായിരുന്നു ട്രെയിലർ ലോറി. കോണ്ക്രീറ്റിട്ട ബൈപാസ് റോഡിന്റെ നൂറ് മീറ്ററോളം ഉള്ളിൽ ലോറി നിർത്തിയ ശേഷം ഡ്രൈവർ സെന്തിലും സഹായിയും തൊട്ടടുത്ത തട്ടുകടയിൽ ചായ കുടിക്കാൻ പോയി. ഇരുവരും ചായ കുടിച്ചുകൊണ്ടു നിൽക്കുന്പോൾ, ദേ പോകുന്നു ലോറി…
തിരക്കേറിയ കാഞ്ഞിരംകുളം – നെയ്യാറ്റിൻകര റോഡിൽ പ്രവേശിച്ച ലോറിയിൽ ഡ്രൈവർ ഏറെ പാടുപെട്ട് ചാടിക്കയറുകയായിരുന്നു. ഡോറിൽ തൂങ്ങിയ സെന്തിൽ പുറത്തേക്ക് വീഴാൻ പോയെങ്കിലും ധൈര്യം വീണ്ടെടുത്ത് ഉള്ളിൽ കയറിക്കൂടി. റോഡും മുറിച്ച് താഴെക്ക് നീങ്ങിയ ലോറിയെ ബൈപാസിന്റെ മറുവശത്ത് നിർത്തിയതോടെയാണ് നാട്ടുകാർ സംഭവം ശ്രദ്ധിച്ചത്. ബൈപാസ് റോഡിലൂടെ ലോറി വരുന്നത് വാഹനയാത്രക്കാരും കാൽനടക്കാരും കാണുന്നുണ്ടായിരുന്നെങ്കിലും ഡ്രൈവർ ഇല്ലാത്തത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
തട്ടുകടയിൽ നിന്ന് പുറകെ ഓടിയ ആൾ ലോറിയിൽ ചാടിക്കയറുന്നതും ലോറി നിയന്ത്രിക്കുന്നതും കണ്ട് പലരും ഞെട്ടിപ്പോയി. ഇതിനിടയിൽസർവീസ് റോഡിനു സമീപം ലോറിനിർത്തുമെന്ന് കരുതി കാര്യമറിയാതെ ഓടിച്ച മൂന്നു ബൈക്കു യാത്രികർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഡ്രൈവർ ഇല്ലാതെ നൂറ് മീറ്ററോളം മുന്നോട്ടു നീങ്ങിയ ലോറിയിൽ സാഹസപ്പെട്ട് വലിഞ്ഞ് കയറിയ ഇരുവരുടെയും ധൈര്യം ഒഴിവാക്കിയത് വൻ ദുരന്തമാണ്.