സെബി മാത്യു
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു. ഉത്തർപ്രദേശിലെ രാംപുരിൽ ഇന്നലെയും ഒരാൾ കൊല്ലപ്പെട്ടു. ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ യുപിയിൽ മാത്രം കൊല്ലപ്പെട്ടവർ 12 ആയി. വ്യാഴാഴ്ച മുതൽ നടന്ന പ്രതിഷേധത്തിൽ സംസ്ഥാനത്ത് ഇതുവരെ 15 പേർ കൊല്ലപ്പെട്ടു.
എട്ടു വയസുകാരനും ഇതിൽ ഉൾപ്പെടുന്നു. പ്രതിഷേധക്കാർക്കു നേരേ പോലീസ് വെടിവച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് ഡിജിപി ഒ.പി സിംഗ് പറഞ്ഞെങ്കിലും മീററ്റിൽ കൊല്ലപ്പെട്ട അഞ്ചു പേർക്കും വെടിയുണ്ടയേറ്റിരുന്നതായി ഡോക്ടർമാർ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരേ കോണ്ഗ്രസ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ എട്ടുവരെ രാജ്ഘട്ടിൽ ധർണ നടത്താൻ നിശ്ചയിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ധർണ നാളെ നടത്തും.
അതേസമയം, പ്രതിഷേധം ശക്തമാകുന്നതിനിടെ കേന്ദ്രത്തിന്റെ നിലപാട് വിശദീകരിക്കാൻ രാജ്യമെന്പാടും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി തീരുമാനിച്ചു. രാജ്യമെന്പാടുമായി ആയിരത്തോളം സമ്മേളനങ്ങൾ സംഘടിപ്പിക്കും. ഭവനസന്ദർശനവും നടത്തും. അടുത്ത പത്തുദിവസം വ്യാപക പ്രചാരണത്തിനാണു ബിജെപി ലക്ഷ്യമിടുന്നത്.
അതിനിടെ, ഡൽഹിയിൽ ഇന്നലെയും വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികൾ കാന്പസിനു പുറത്തു പ്രതിഷേധിച്ചു. ഇവർക്കു പിന്തുണയുമായി ഡൽഹിയിലെ അഭിഭാഷകരും എത്തി. ചാണക്യപുരിയിൽ പ്രതിഷേധത്തിനിറങ്ങിയ നാലു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
മരിച്ചവരിൽ എട്ടുവയസുള്ള കുട്ടിയും
യുപിയിലെ സംഘർഷത്തിൽ മരിച്ചവരിൽ എട്ടു വയസുകാരനും. വാരാണസിയിൽ അക്രമാസക്തരായ ജനക്കൂട്ടത്തെ പോലീസ് തുരത്തിയോടിക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടാണ് എട്ടു വയസുകാരൻ മരിച്ചത്. രാംപുരിൽ അഞ്ഞൂറോളം വരുന്ന ജനക്കൂട്ടം പോലീസിനെ കല്ലെറിഞ്ഞു. അഞ്ചുപേർക്കു പരിക്കേറ്റു.
അലിഗഡ് സർവകലാശാല കാന്പസിൽ നാലു ദിവസത്തെ സമാധാനത്തിനു ശേഷം ഇന്നലെ കാര്യങ്ങൾ വീണ്ടും സംഘർഷഭരിതമായി. യുപിയിലെ പടിഞ്ഞാറൻ ജില്ലയായ കിഷൻഗഞ്ചിൽ മുൻകരുതലെന്ന നിലയിൽ അധികൃതർ ഇന്റർനെറ്റ് സേവനം റദ്ദാക്കി.