ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിൽ ട്രക്കിടിച്ചുണ്ടായ അപകടത്തിൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. അപകടവുമായി ബന്ധപ്പെട്ട കേസ് സിബിഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുപി സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി.
അതേസമയം പെൺകുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയുടെ മുന്നിൽ ബന്ധുകൾ പ്രതിഷേധിക്കുകയാണ്. പെണ്‍കുട്ടിയുടെ അമ്മായിമാരുടെ അന്ത്യകർമങ്ങൾക്കായി ജയിലിൽ കഴിയുന്ന അമ്മാവന് പരോൾ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വാഹനാപകടം തന്റെ കുടുംബത്തെ തുടച്ചുനീക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉന്നാവോ പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്.
അപകടവുമായി ബന്ധപ്പെട്ട് ബാംഗർമാവുവിലെ ബിജെപി എംഎൽഎ കുൽദീപ് സെൻഗറിനും കൂട്ടാളികൾക്കുമെതിരേ കേസെടുത്തിരുന്നു. എംഎൽഎ, സഹോദരൻ അതുൽ സെൻഗർ എന്നിവരുൾപ്പെടെ പത്തുപേർക്കെതിരേയും തിരിച്ചറിയാത്ത മറ്റ് ഇരുപതോളം പേർക്കെതിരേയുമാണു കേസ്.
ഞായറാഴ്ചയാണു പെൺകുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ റായ്ബറേലിയിൽ അപകടത്തിൽപ്പെട്ടത്. നന്പർ മറച്ചുവച്ച ട്രക്ക് ഇടിച്ചുണ്ടായ അപകടം ബോധപൂർവം സൃഷ്ടിച്ചതാണെന്ന സംശയമാണ് ബലപ്പെട്ടിരിക്കുന്നത്. അപകടത്തിൽ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കറ്റു. പെണ്‍കുട്ടിയുടെ അമ്മായിമാർ മരിക്കുകയും ചെയ്തു. ഇതിലൊരാൾ മാനഭംഗക്കേസിലെ സാക്ഷിയാണ്.
ആക്രമണം ആസൂത്രണം ചെയ്തത് എംഎൽഎ സെൻഗാർ ആണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കേസ് പിൻവലിക്കാൻ നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു.ഭീഷണിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ആക്രമണമെന്നും ബന്ധുക്കൾ പറയുന്നു. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി തോക്കേന്തിയ പോലീസുകാരനെയും രണ്ട് വനിതാ കോൺസ്റ്റബിൾമാരെയും നിയോഗിച്ചിരുന്നതായി ഉന്നാവോ എസ്പി എം.പി വർമ പറഞ്ഞു. എന്നാൽ അപകടസമയത്ത് അവർ ഒപ്പമുണ്ടായിരുന്നില്ല.
ഇക്കാര്യം അന്വേഷിക്കാൻ നിർദേശിച്ചുവെന്നും എസ്പി അറിയിച്ചു. അപകടത്തിനു തൊട്ടുപിന്നാലെ നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ നന്പർ ചുരണ്ടിമാറ്റിയതായി കണ്ടെത്തിയത്. എന്നാൽ ഫത്തേപുരിൽ രജിസ്റ്റർചെയ്ത വാഹനമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
അതിനിടെ ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൽ പെൺകുട്ടിയെയും കുടുംബത്തെയും പ്രവേശിപ്പിച്ചിരിക്കുന്ന ലക്നോയിലെ കിംഗ് ജോർജ് മെഡിക്കൽ സെന്ററിൽ സന്ദർശനം നടത്തി. മികച്ച ചികിത്സയ്ക്കായി പെൺകുട്ടിയെ വ്യോമമാർഗം ന്യൂഡൽഹിയിലേക്ക് കൊണ്ടുപോകണമെന്ന് സ്വാതി പറഞ്ഞു.
സംഭവത്തിൽ സർക്കാരിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്തെത്തി. ബിജെപി എംഎൽഎ കേസിൽ പ്രതിയാണെങ്കിൽ ചോദ്യങ്ങൾ ചോദിക്കരുതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.