കൊച്ചി: രാഷ്ട്രീയ എതിരാളികളുടെ കുത്തേറ്റ് അരയ്ക്കു താഴെ തളർന്നു വീൽച്ചെയറിലായിട്ടും തളരാത്ത പേരാട്ടവീര്യവുമായി ജീവിച്ച വ്യക്തിയാണു സൈമണ് ബ്രിട്ടോ. ജീവിക്കുന്ന രക്തസാക്ഷിയായി മൂന്നര പതിറ്റാണ്ടു കാലം അദ്ദേഹം സമരവേദികളിലും സാംസ്കാരിക വേദികളിലും സാന്നിധ്യമറിയിച്ചു.
എറണാകുളം ലോ കോളജ് വിദ്യാർഥിയായിരിക്കേ 1983 ഒക്ടോബർ 14നാണു ബ്രിട്ടോയ്ക്കു രാഷ്ട്രീയ എതിരാളികളുടെ കുത്തേൽക്കുന്നത്.
നട്ടെല്ലിനു മൂന്നു കുത്തേറ്റ ബ്രിട്ടോയുടെ അരയ്ക്കു കീഴ്പോട്ട് തളർന്നു. ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷം വീൽചെയറിലായി തുടർന്നുള്ള ജീവിതം. സമരവേദികളിലും സാംസ്കാരിക വേദികളിലും ബ്രിട്ടോയുടെ വീൽച്ചെയർ എത്തി.
പത്തു വയസുള്ളപ്പോൾ കഥകളെഴുതാൻ തുടങ്ങിയ ബ്രിട്ടോ വീൽചെയറിലായശേഷവും വായനയും എഴുത്തും മുടക്കിയില്ല. ഏഴു വർഷത്തിനുശേഷം അഗ്രഗാമി എന്ന നോവൽ പ്രസിദ്ധീകരിച്ചു. മഹാരൗദ്രം, മഞ്ഞുചെയ്യുന്ന ചരിത്രാങ്കം തുടങ്ങിയ നോവലുകളും രചിച്ചു. അഗ്രഗാമിക്ക് ശക്തി അവാർഡും പാട്യം ഗോപാലൻ അവാർഡും ലഭിച്ചു. നോവലിലെ കഥാപാത്രങ്ങളെ പഠിക്കാൻ തളർന്ന ശരീരവുമായി 2015ൽ 138 ദിവസംകൊണ്ടു ഭാരതയാത്ര നടത്തി.
ബാല്യകാലം ചെലവഴിച്ച എറണാകുളം പോഞ്ഞിക്കരയിലെ വീടിന്റെ അയൽക്കാരനായിരുന്ന പ്രശസ്ത എഴുത്തുകാരൻ പോഞ്ഞിക്കര റാഫി എഴുത്തിലും വായനയിലും ബ്രിട്ടോയ്ക്കു പ്രചോദനമായിരുന്നു. ബിഹാറിലെ മിഥില സർവകലാശാലയിൽ വിദ്യാർഥിയായിരുന്ന ബ്രിട്ടോ അവിടെനിന്നു തിരികെയെത്തി എറണാകുളം ലോ കോളജിൽ എൽഎൽബി വിദ്യാർഥിയും എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായിരിക്കേയാണ് അക്രമത്തിനിരയാകുന്നത്.
തൃശൂർ അഞ്ചേരിയിൽ പ്രവർത്തിക്കുന്ന ആയുർധാരയിൽ ആയുർവേദ ചികിത്സയ്ക്കായി എത്താറുള്ള ബ്രിട്ടോ അവിടെ വച്ചാണ് എഴുത്ത് കൂടുതലായും നടത്താറുണ്ടായിരുന്നത്. യാത്രാവിവരണ പുസ്തകത്തിന്റെയും മഹാരാജാസ് കോളജിൽ കുത്തേറ്റു മരിച്ച അഭിമന്യുവിനെക്കുറിച്ചുള്ള പുസ്തകത്തിന്റെയും ചില ഭാഗങ്ങൾ എഴുതി പൂർത്തിയാക്കുന്നതിനിടയിലാണു മരണം അദ്ദേഹത്തെ കീഴടക്കിയത്.
ബ്രിട്ടോയുടെ വീട്ടിലെ സ്ഥിരം സന്ദർശകനും എഴുത്തിലെ സഹായിയുമായിരുന്നു കൊല്ലപ്പെട്ട അഭിമന്യു. അഭിമന്യുവിന്റെ മരണശേഷം അച്ഛനെയും അമ്മയെയും കാണാൻ വട്ടവടയിലെ വീട്ടിൽ ബ്രിട്ടോ എത്തിയിരുന്നു. ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.