ടോക്കിയോ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജപ്പാൻ തീരത്ത് ക്വാറന്റൈൻ ചെയ്തിട്ടിരിക്കുന്ന ജപ്പാൻ ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ തങ്ങളുടെ പൗരന്മാരെ ഉടൻ തിരിച്ചെത്തിക്കുമെന്ന് അമേരിക്ക.
380 അമേരിക്കൻ പൗരന്മാരാണ് കപ്പലിലുള്ളത്. അതേസമയം കപ്പലിലുള്ള 2000 പേർക്ക് ആപ്പിൾ ഐ ഫോൺ ജപ്പാൻ സർക്കാർ നൽകി. രോഗവിവരങ്ങൾ അറിയിക്കാനും മരുന്ന് ആവശ്യപ്പെടാനുമുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്താണ് ആപ് നൽകിയിരിക്കുന്നത്.
കപ്പലിലെ ജീവനക്കാരനായ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇയാളെ ചികിത്സ യ്ക്കായി ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരുൾപ്പെടെ മൂന്നു പേരെയും നിരീക്ഷിക്കുകയാണെന്നും നില മെച്ചപ്പെടുന്നുണ്ടെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതോടെ കപ്പലിലെ രോഗബാധിതർ 175 കഴിഞ്ഞു. 138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ആഡംബരക്കപ്പൽ ഫെബ്രുവരി 19 വരെയാണ് കടലിൽ പിടിച്ചിട്ടിരിക്കുന്നത്.
യോക്കോഹാമ തീരത്തടുത്ത ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയതോടെ കപ്പലിലുള്ള യാത്രക്കാരെ അധികൃതർ ക്വാറന്റൈൻ ചെയ്യുകയായിരുന്നു. ബുധനാഴ്ച മുതൽ കപ്പലിലുള്ള മുഴുവൻ പേരും നിരീക്ഷണത്തിലാണ്.
നിരീക്ഷണത്തിനായി നിയോഗിച്ച ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ രോഗം ബാധിച്ചവരുടെ എണ്ണം 174 ആയി ഉയരുകയായിരുന്നുവെന്നാണ് വാർത്താ ഏജൻസികളുടെ റിപ്പോർട്ട്.
കഴിഞ്ഞ മാസം ഇതേ കപ്പലിൽ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്പതുകാരനാണ് വൈറസ് സ്ഥിരീകരിച്ചത്. യാത്രയ്ക്കിടെ ഇയാൾക്ക് രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.
എന്നാൽ ജനുവരി 25ന് ഹോങ്കോങിൽ തിരിച്ചെത്തിയതിനു പിന്നാലെ ലക്ഷണങ്ങൾ പ്രകടമായതോടെ ഇയാൾ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.
രക്ഷിക്കണം
കപ്പലിൽ പാചകക്കാരനായി ജോലിചെയ്യുന്ന ബംഗാൾ സ്വദേശി ബിനികുമാർ സർക്കാർ തങ്ങളെ സഹായിക്കണമെന്നും ഭീതിയിലാണെന്നുമുള്ള അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയിരുന്നു.
കപ്പലിൽവച്ച് ചിത്രീകരിച്ച വീഡിയോയിൽ, കപ്പലിലുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തണമെന്ന് ബിനികുമാർ അഭ്യർത്ഥിച്ചു. ഹിന്ദിയിലായിരുന്നു ബിനി കുമാറിന്റെ അഭ്യർത്ഥന.
ബിനി കുമാറിനോടൊപ്പം വീഡിയോയിൽ ഇന്ത്യക്കാരായ അഞ്ച് സഹപ്രവർത്തകരെയും കാണാം. മാസ്ക് ധരിച്ചാണ് എല്ലാവരും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കഴിയുന്നതും വേഗം ഞങ്ങളെ രക്ഷിക്കൂ. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്താണ് പ്രയോജനം. എനിക്ക് ഇന്ത്യൻ സർക്കാരിനോട് പറയാനുള്ളത് ഇതാണ്.
മോദിജി, ദയവായി ഞങ്ങളെ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുക’’അദ്ദേഹം പറഞ്ഞു.
വാലൻന്റൈൻസ് ഡേ ആഘോഷം
ആശങ്കകൾക്കിടയിലും ഇന്നലെ കപ്പലിൽ യാത്രക്കാർ വാലൻന്റൈൻസ് ഡേ ആഘോഷിച്ചു. വാലൻന്റൈൻസ് ഡേ ആഘോഷത്തോടനുബന്ധിച്ചുള്ള ഡിന്നറിന്റെയും സമ്മാനങ്ങളുടെയും ചിത്രം കപ്പലിലെ യാത്രക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഈ ചിത്രങ്ങൾ സോഷ്യൽമീഡിയിൽ വൈറലാണ്. കപ്പലിന്റെ ക്യാപ്റ്റൻ യാത്രക്കാരുടെ മാനസിക സമ്മർദം കുറയ്ക്കനായി ചെയ്ത നടപടിയുടെ ഭാഗമാണ് ആഘോഷമെന്നാണ് സൂചന.