സ്വന്തം ലേഖകൻ
തിരുവനന്തപുരം: സാംക്രമികരോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനു വിപുലമായ അധികാരങ്ങൾ നൽകുന്ന ഓർഡിനൻസ് കൊണ്ടുവരാൻ ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
നിർദിഷ്ട ഓർഡിനൻസിലെ വ്യവസ്ഥകൾ ലംഘിച്ചാൽ രണ്ടു വർഷം വരെ തടവും 10,000 രൂപ വരെ പിഴ ശിക്ഷയും നിയമത്തിൽ പറയുന്നു.
നിലവിലുള്ള തിരുവിതാംകൂർ എപിഡെമിക് ആക്ട്, കൊച്ചി എപിഡെമിക് ആക്ട് എന്നിവ കാലഹരണപ്പെട്ടതാണ്. അതുപോലെതന്നെ ഇതിലെ വ്യവസ്ഥകൾ ശക്തവുമല്ല.
ഈ സാഹചര്യത്തിലാണ് രണ്ടു നിയമങ്ങളും റദ്ദാക്കി കർക്കശ വ്യവസ്ഥകളോടെ പുതിയ നിയമം കൊണ്ടുവരുന്നത്. ഇതോടെ സർക്കാരിന്റെ അധികാരം കൂടും.
നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചു സർക്കാരിന് അതിർത്തികൾ അടയ്ക്കാനും പൊതുഗതാഗതവും സ്വകാര്യ ഗതാഗതവും നിയന്ത്രിക്കാനും അധികാരമുണ്ടാകും. സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയന്ത്രിക്കാം.
മതസ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ മേഖലയിലും നിയന്ത്രണം കൊണ്ടുവരാം. അവശ്യ സർവീസുകളിൽ സമരം നിരോധിക്കാം. പൊതു പരിപാടികളും സ്വകാര്യ പരിപാടികളും നിയന്ത്രിക്കാം.
ആൾക്കൂട്ടം തടയുകയെന്നതാണു നിയമത്തിന്റെ മറ്റൊരു ലക്ഷ്യം. ഇതിനു കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകൾ വിജ്ഞാപനത്തിലൂടെ കൊണ്ടുവന്നു നടപ്പാക്കാൻ സർക്കാരിനു സാധിക്കും.
ഓരോ സമയത്തെയും ആവശ്യത്തിന് അനുസരിച്ചുള്ള നിയന്തണങ്ങൾ ഉൾപ്പെടുത്തി സർക്കാരിനു വിജ്ഞാപനം പുറത്തിറക്കാനാകും.