കോല്‍ക്കത്ത: കൊറോണയ്ക്കു പിന്നാലെ ഇരട്ട പ്രഹരമായി അതിതീവ്ര ചുഴലിക്കാറ്റ് ഉംപുൻ പശ്ചിമ ബംഗാളിൽ കനത്ത നാശം വിതച്ച് ആഞ്ഞടിക്കുന്നു. ഇതുവരെ മഴയിലും കാറ്റിലും 72 പേർ മരിച്ചു. കൂടുതൽ കേന്ദ്ര സഹായം പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാൾ സന്ദർശിക്കണമെന്നും മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു.
ചുഴലിക്കാറ്റ് ആയിരക്കണക്കിന് വീടുകൾക്കാണ് നാശം വരുത്തിയത്. മരങ്ങൾ വ്യാപകമായി കടപുഴകി, വൈദ്യുതി പോസ്റ്റുകളും കെട്ടിടങ്ങളും തകർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിലടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങൾ അധികൃതർ പാടുപെടുകയാണ്.
185 കിമി വേഗതയില്‍ വീശിയടിച്ച കാറ്റില്‍ കൊല്‍ക്കത്തയില്‍ 15 പേരും 24 പര്‍ഗാനാസില്‍ 18 പേരുമാണ് മരിച്ചത്. ഹൗറയിലും നിരവധി ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചു. കനത്ത മഴയില്‍ കോല്‍ക്കത്ത വിമാനത്താവളം പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി.
12 പേര് മരിച്ചെന്നാണ് ഇന്നലെ സര്‍ക്കാർ അറിയിച്ചത്. എന്നാല്‍ ഇന്ന് ഉച്ചയോടെയാണ് 72 പേര് മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ ബംഗാള്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് പശ്ചിമബംഗാളിലെ ദിഗ, ബംഗ്ലാദേശിലെ ഹാതിയ ദ്വീപ് എന്നിവയിലൂടെ ചുഴലിക്കാറ്റ് തീരംതൊട്ടത്. ചുഴലിക്കാറ്റിന്റെ ഏ റ്റവും ഭീകരമായ ഭാഗം (ചുഴലിക്കാറ്റിന്റെ കണ്ണ്) 30 കിലോമീറ്റർ വ്യാസത്തിലാണ് കരയിൽ പ്രവേശിച്ചത്. ഏഴുമണിയോടെയാണ് ചുഴലിക്കാറ്റ് പൂർണമായും കരയിൽ കടന്നത്. മണിക്കൂറിൽ 160-170 കിലോമീറ്റർ വേഗത്തിൽ തീരമേഖലയിൽ പ്രവേശിച്ച ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. കോൽക്കത്ത നഗര ത്തിൽ എത്തിയപ്പോൾ കാറ്റിന്റെ വേഗം 110-120 കിലോമീറ്ററായി കുറഞ്ഞു.
പശ്ചിമബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽനിന്ന് 6.5 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേന(എൻഡി ആർഎഫ്)യുടെ 20 യൂണിറ്റ് ഒഡീഷയിലും 19 യൂണിറ്റ് ബംഗാളിലും പ്രവർത്തിക്കുന്നുണ്ടെന്ന് എൻഡിആർഎഫ് മേധാവി എസ്.എൻ. പ്രധാൻ ന്യൂഡൽഹിയിൽ പറഞ്ഞു. പശ്ചിമബംഗാളിൽ അഞ്ചു ലക്ഷം പേരെയും ഒഡീഷയിൽ 1.58 ലക്ഷം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീക്കിയതായി അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച വരെ പശ്ചിമബംഗാളിൽ കനത്തമഴയും കാറ്റുമുണ്ടാവും. ആസാം, മേഘാലയ സംസ്ഥാനങ്ങളിലും കനത്തമഴയും കാറ്റുമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ സൂപ്പർ സൈക്ലോണായി രൂപപ്പെട്ട ഉംപുൻ ശക്തിക്ഷയിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുകയായിരുന്നു.