വടക്കഞ്ചേരി:ബീവറേജസുകളിൽ മദ്യം വാങ്ങാൻ നിൽക്കുന്നവർ ഒരു മീറ്റർ അകലം പാലിക്കണം, കൂടുതൽ പേർ കൂടി നിൽക്കരുത് തുടങ്ങിയ ചുളുവിൽ മദ്യം വിൽക്കാൻ സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങളൊന്നും മുടപ്പല്ലൂരിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഷോപ്പിനു മുന്നിൽ ഇന്നലെ രാവിലെ കണ്ടില്ല. അകലം പാലിക്കുന്നില്ല എന്നു മാത്രമല്ല ഷോപ്പ് തുറക്കുന്പോൾ വലിയ തിരക്കാണ് ഉണ്ടായത്.
ഓരോ ദിവസം പിന്നിടുന്തോറും കൊറോണ വൈറസിനെതിരെയുള്ള കരുതലുകൾ കടുപ്പിച്ച് മദ്യശാലകൾ അടച്ചിടുമെന്ന കിംവദന്തി പരക്കുന്നതിനാൽ ഇത് ഭയന്ന് കൂടുതൽ ദിവസത്തേക്കുള്ള സ്റ്റോക്ക് കൂടി കരുതിയാണ് ചിലർ ലിറ്റർ കണക്കിന് വാങ്ങുന്നത്.
മദ്യം വാങ്ങാൻ ആളുകൾ കൂട്ടം കൂടുന്നത് ചർച്ചകൾക്കും പ്രതിക്ഷേധങ്ങൾക്കും ഇടയാക്കിയതോടെ ഉച്ചക്ക് മുന്പ് അകലം നോക്കി നിൽക്കലും അനൗണ്സ്മെന്റും കൈകഴുകാൻ പൈപ്പുമെല്ലാം എത്തി.
ശീലിച്ച മദ്യപാനം പെട്ടെന്നൊരു ദിവസം നിർത്തിയാൽ ആൾക്കഹോൾ വിത് ഡ്രോവൽസിൻഡ്രോമെന്ന അവസ്ഥ ഉണ്ടാവുകയും ചിലപ്പോൾ മരണം തന്നെ സംഭവിക്കുമെന്നാണ് മദ്യവില്പനയെ പ്രോത്സാഹിപ്പിക്കുന്ന ഭരണപക്ഷ ആളുകളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നത്.
ഈ സന്ദേശം വീട്ടുകാരെ കാണിച്ച് പരസ്യമായി മദ്യപിക്കുന്നതിനുള്ള മൗനാനുവാദം നേടിയെടുക്കുന്നവരും കുറവല്ല.
സർക്കാർ ഖജനാവിൽ പണം കുന്നുകൂടാൻ മുട്ടുന്യായങ്ങൾ നിരത്തി മദ്യവില്പന പൊടിപൊടിക്കുന്പോൾ തകരുന്നത് പാവപ്പെട്ടവന്റെ കുടുംബങ്ങൾ തന്നെയാണെന്ന് സർക്കാർ സൗകര്യപൂർവ്വം മറക്കുന്നെന്നാണ് മദ്യ വിരുദ്ധ സമിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
സമൂഹത്തിൽ ഏറ്റവും താഴെ തട്ടിലുള്ള ആദിവാസി വിഭാഗങ്ങൾ അമിത മദ്യപാനത്തിന്റെ ഗുരുതരമായ സ്ഥിതിയിലാണ്.കഴിഞ്ഞ ദിവസം മംഗലംഡാം തളികകല്ലിലെ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനു പിന്നിലെ വില്ലൻ മദ്യമാണെന്ന് കണ്ടെത്തിയിരുന്നു.
മദ്യവില്പനയിലൂടെ കോടികൾ കിട്ടുന്നുണ്ടെങ്കിൽ ആ തുകയിലെ സിംഹഭാഗവും പകൽ മുഴുവൻ പണിയെടുത്ത് പാവപ്പെട്ടവർ ഉണ്ടാക്കുന്ന പണമാണെന്ന് സർക്കാർ ചിന്തിക്കണമെന്നാണ് മദ്യ വിരുദ്ധ സംഘടനകൾ പറയുന്നത്.ഇവരുടെയെല്ലാം കുടുംബം തകർന്നുള്ള പണമാണ് പിന്നീട് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി ആനുകുല്യങ്ങളായി വല്ലപ്പോഴും ഇവർക്ക് തന്നെ നൽകുന്നത്.