സിജോ പൈനാടത്ത്
കൊച്ചി: ട്വന്റി 20 എന്നത് എറണാകുളം ജില്ലക്കാര്‍ക്കു ക്രിക്കറ്റ് കളി മാത്രമല്ല. രാഷ്ട്രീയത്തിനപ്പുറത്തു പ്രാദേശിക വിഷയങ്ങള്‍ ജനകീയ സ്വഭാവത്തോടെ ആവിഷ്കരിക്കാനുള്ള പൊതുവേദിയെ കിഴക്കമ്പലത്തുകാര്‍ വിളിച്ച പേരാണിത്.
2015ല്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ തുടങ്ങി, വിജയം കണ്ട മുന്നേറ്റത്തിന്റെ ശൈലി, അതേ പേരില്‍ ഇക്കുറി പശ്ചിമകൊച്ചിയിലെ തീരദേശ പഞ്ചായത്തായ ചെല്ലാനത്താണു പരീക്ഷിക്കപ്പെടുന്നത്.
നിരന്തരമായ കടല്‍ക്ഷോഭവും തകര്‍ന്നുകിടക്കുന്ന കടല്‍ഭിത്തികളും പ്രദേശവാസികളുടെ ഉറക്കം കെടുത്തുമ്പോള്‍, ഇതേ വിഷയങ്ങള്‍ക്കു ശാശ്വതപരിഹാരം തേടി രൂപീകരിക്കപ്പെട്ട രാഷ്ട്രീയേതര ജനകീയ കൂട്ടായ്മയായ ചെല്ലാനം ട്വന്റി 20 ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. പേരില്‍ സാമ്യമുണ്ടെങ്കിലും കിഴക്കമ്പലത്തെ ട്വന്റി 20 യുമായി ചെല്ലാനം ട്വന്റി 20 ക്കു ബന്ധമൊന്നുമില്ല.
കാലങ്ങളായി കടലും കടലോരവും തീരവാസികളും നേരിടുന്ന വിവിധ വിഷയങ്ങളാണു ചെല്ലാനം ട്വന്റി 20യുടെ രൂപീകരണത്തിനും തദ്ദേശ തെരഞ്ഞെടുപ്പിലെ മത്സരത്തിനും ആധാരം.
ഒരു വാട്സ് ആപ് ഗ്രൂപ്പിലൂടെ ആരംഭിച്ച കൂട്ടായ്മ, വാര്‍ഡ് കമ്മിറ്റികളായും പിന്നീടു പഞ്ചായത്ത് സമിതിയായുമൊക്കെ വേഗത്തില്‍ വളരുകയായിരുന്നു.
ചെല്ലാനം തീരത്തെ തകര്‍ന്ന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കുക, പുലിമുട്ടുകള്‍ സ്ഥാപിക്കുക, കടലാക്രമണത്തിനും ഉപ്പുവെള്ളം കയറുന്നതിനും ശാശ്വത പരിഹാരമുണ്ടാക്കുക, പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ആവശ്യങ്ങളെ ഗൗരവസ്വഭാവത്തോടെ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണു ട്വന്റി 20 മുന്നോട്ടുവയ്ക്കുന്നത്.
നിലവിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളും പഞ്ചായത്തിനെ നയിച്ച വിവിധ ഭരണ സമിതികളും ഇത്തരം അടിസ്ഥാന വിഷയങ്ങളില്‍ ശ്രദ്ധ നല്‍കാതിരുന്ന സാഹചര്യത്തിലാണു തങ്ങള്‍ ട്വന്റി 20 എന്ന ജനകീയ മുന്നേറ്റത്തിനു തുടക്കമിട്ടതെന്നു സ്ഥാപക നേതാവും പ്രസിഡന്റുമായ പവിഴം ബിജു പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ജനഹിതം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ചെല്ലാനം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡുകളിലും ട്വന്റി 20 ക്കു സ്ഥാനാര്‍ഥികളുണ്ട്. ഇതില്‍ 14 ഉം സ്ത്രീകളാണ്.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു ഡിവിഷനുകളിലും ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി 20 ക്ക് സ്ഥാനാർഥികളുണ്ട്.
അതേസമയം, ചെല്ലാനത്തു ട്വന്റി 20 തങ്ങളുടെ വിജയപ്രതീക്ഷയ്ക്കു മങ്ങലേല്പ്പിച്ചിട്ടില്ലെന്നാണു നിലവില്‍ ഭരണത്തിലുള്ള എല്‍ഡിഎഫും പ്രതിപക്ഷമായ യുഡിഎഫും അവകാശപ്പെടുന്നത്.
2015ല്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ വലിയ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ കിഴക്കമ്പലം ട്വന്റി 20 ഇക്കുറി അതു നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.