കോവിഡ് വൈറസ് ഡൽറ്റയും ഒമിക്രോണുമായി രൂപംപ്രാപിച്ച് ലോകമാകെ രോഗം പടർത്തി പ്രതിസന്ധി വർധിപ്പിച്ചതിനിടെയിലും ഒരുപിടി ശ്രദ്ധേയ സംഭവങ്ങൾ 2021ലുണ്ടായി.
അമേരിക്കയിലെ കലാപവും മ്യാൻമറിലെ പട്ടാള അട്ടിമറിയും അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാന്റെ കിരാതഭരണത്തിനു കീഴിലായതും കാലാവസ്ഥാ ഉച്ചകോടിയും 2021ലെ ശ്രദ്ധേയ സംഭവങ്ങളാണ്.
ലോകമാകെയുള്ള കോവിഡ് കേസുകളുടെ എണ്ണം ജനുവരിയിൽ പത്തു കോടി ആയിരുന്നത് വർഷാവസാനമായപ്പോഴേക്കും 28 കോടിക്കു മുകളിലായി; മരിച്ചവരുടെ എണ്ണം 54.4 ലക്ഷവും.
അമേരിക്ക നാണംകെട്ട ദിനം
അമേരിക്കയിലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ ജനുവരി ആറിനു നടത്തിയ കലാപം ലോകത്തെ മുഴുവൻ ഞെട്ടിച്ചു.
ലോകത്തെ ഏറ്റവും സുരക്ഷിതരാജ്യത്തിന്റെ പാർലമെന്റ് മന്ദിരമാണ് ആക്രമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപ്പിച്ച ജോ ബൈഡന്റെ വിജയം സാക്ഷ്യപ്പെടുത്താനായി അമേരിക്കൻ പാർലമെന്റായ കോൺഗ്രസ്, പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ സമ്മേളിക്കുന്പോഴായിരുന്നു സംഭവം.
കലാപകാരികൾ കാപ്പിറ്റോളിൽ അഴിഞ്ഞാടുന്നതിന്റെയും പാർലമെന്റ് അംഗങ്ങൾ ഒളിച്ചിരിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ പുറത്തുവന്നു.
അക്രമസംഭവങ്ങളിൽ ഒരു പോലീസുകാരൻ അടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു. ജനുവരി 20ന് ജോ ബൈഡൻ അമേരിക്കയുടെ 46-ാമതു പ്രസിഡന്റായി അധികാരമേറ്റു.
മ്യാൻമറിലെ ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ട ദിവസമായിരുന്നു ഫെബ്രുവരി ഒന്ന്. ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂ ചി അടക്കമുള്ളവരെ പട്ടാളം തടവിലാക്കി അധികാരം പിടിച്ചെടുത്തു.
സൂ ചിയുടെ എൻഎൽഡി പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചതു കൃത്രിമം കാട്ടിയാണെന്നാണു പട്ടാളം ആരോപിക്കുന്നത്. എൻഎൽഡി പാർട്ടി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനിരുന്നതിന്റെ തലേന്നായിരുന്നു പട്ടാള അട്ടിമറി.
പട്ടാളത്തിനെതിരേ ജനം നടത്തിയ പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെട്ടു. ആയിരത്തിലധികം പേരാണു കൊല്ലപ്പെട്ടത്; ഏഴായിരത്തിലധികം പേർ തടവിലാക്കപ്പെട്ടു.
സമാധാനദൂതുമായി ഇറാക്കിലേക്ക്
ഫ്രാൻസിസ് മാർപാപ്പ സമാധാനദൂതുമായി ഇറാക്കിൽ നടത്തിയ സന്ദർശനമാണു മാർച്ചിനെ ശ്രദ്ധേയമാക്കിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കിരാതഭരണത്തിൽ തകർന്നടിഞ്ഞ പ്രദേശങ്ങൾ മാർപാപ്പ നേരിട്ടു കണ്ടു.
ഇറാക്കി ഷിയാകളുടെ ആത്മീയാചാര്യനായ ഗ്രാൻഡ് ആയത്തൊള്ള അലി അൽ സിസ്താനിയുമായി നജാഫിൽവച്ചു കൂടിക്കാഴ്ച നടത്തി.
സെപ്റ്റംബറിൽ ഹംഗറി, സ്ലൊവാക്യ രാജ്യങ്ങളും ഡിസംബറിൽ സൈപ്രസ്, ഗ്രീസ് രാജ്യങ്ങളും മാർപാപ്പ സന്ദർശിക്കുകയുണ്ടായി.
ആഗോള വാണിജ്യപാതയിലെ പ്രധാന ഇടനാഴിയായ സൂയസ് കനാലിൽ ‘എവർ ഗിവൺ’ എന്ന പടുകൂറ്റൻ കപ്പൽ കുടുങ്ങിയതും മാർച്ചിലായിരുന്നു.
കനാലിന്റെ കരയിൽ ഉറച്ച് വിലങ്ങനെ കിടന്ന കപ്പലിനെ സ്വതന്ത്രയാക്കാൻ ആറു ദിവസമെടുത്തു. സംഭവം ആഗോള വാണിജ്യമേഖലയിൽ വലിയ നഷ്ടത്തിനിടയാക്കി.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസാ വിക്ഷേപിച്ച ഇൻജിന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്റർ ചൊവ്വയുടെ അന്തരീക്ഷത്തിൽ പറന്നത് ഏപ്രിലിലെ പ്രധാന സംഭവമായി.
ക്യൂബയിൽ റൗൾ കാസ്ട്രോ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞു. ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ 62 വർഷം തുടർന്ന കാസ്ട്രോ സഹോദരങ്ങളുടെ അപ്രമാദിത്വം ഇതോടെ അവസാനിച്ചു.
കിർഗിസ്ഥാനും താജിക്കിസ്ഥാനും തമ്മിലുള്ള യുദ്ധവും ഏപ്രിൽ അവസാനത്തോടെ ഉണ്ടായി – 55 പേർ കൊല്ലപ്പെട്ടു.
മേയിൽ ചൈന ചൊവ്വാ ഗ്രഹത്തിൽ ഷുറോംഗ് റോവർ ഇറക്കി; ചൊവ്വയിൽ റോവർ ഇറക്കുന്ന നാലാമത്തെ രാജ്യമെന്ന ബഹുമതി ചൈന നേടി.
ജൂലൈ ഏഴിന് ഹെയ്തിയിലെ പ്രസിഡന്റ് ജുവൻ മൊയ്സ് സ്വവസതിയിൽ വെടിയേറ്റു മരിച്ചു. ഓഗസ്റ്റ് 14ന് ഹെയ്തിയിലുണ്ടായ ഭൂകന്പത്തിൽ 2100 പേർ മരിച്ചു.
ഭീകരവാഴ്ച
ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനെ താലിബാനു വിട്ടുകൊടുത്ത് അമേരിക്കൻ സേന പിൻവാങ്ങിയത് വർഷത്തെ ഏറ്റവും ശ്രദ്ധേയ സംഭവമായിരുന്നു.
പ്രവിശ്യകൾ ഓരോന്നായി പിടിച്ചെടുത്ത താലിബാൻ ഓഗസ്റ്റ് 15ന് തലസ്ഥാനമായ കാബൂളും നിയന്ത്രണത്തിലാക്കി. ജനാധിപത്യ സർക്കാർ ഭീകരർക്കു കീഴടങ്ങി.
പ്രസിഡന്റ് അഷ്റഫ് ഗനി ജീവനുംകൊണ്ട് നാടുവിട്ടു. വിദേശികളും സ്വദേശികളും അഫ്ഗാനിസ്ഥാനിൽനിന്നു രക്ഷപ്പെടാൻ നടത്തിയ ശ്രമം കാബൂൾ വിമാനത്താവളത്തെ സന്പൂർണ അരാജകത്വത്തിലാക്കി.
ഓഗസ്റ്റ് 26ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വിമാനത്താവളത്തിൽ നടത്തിയ സ്ഫോടനത്തിൽ 13 അമേരിക്കൻ സൈനികരടക്കം 182 പേർ കൊല്ലപ്പെട്ടു.
സെപ്റ്റംബർ 20നു കാനഡയിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഷ്ടിച്ച് അധികാരം നിലനിർത്തി. ഒക്ടോബർ നാലിന് യോഷിഹിഡെ സുഗ രാജിവച്ചതിനെത്തുടർന്ന് ഫുമിയോ കിഷിഡ ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയായി. ഒക്ടോബർ 31നു നടന്ന തെരഞ്ഞെടുപ്പിൽ കിഷിഡയുടെ പാർട്ടി അധികാരം നിലനിർത്തി.
ആഗോളതാപനം നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾക്കു ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി നവംബർ ഒന്നുമുതൽ 12 വരെ സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടന്നു.
കൽക്കരി ഊർജപദ്ധതികൾ കുറച്ചുകൊണ്ടുവരാനും മിഥേൻ പുറന്തള്ളൽ കുറയ്ക്കാനും വനനശീകരണം തടയാനും തീരുമാനങ്ങളുണ്ടായി.
നവംബർ 30ന് കരീബിയൻ രാജ്യമായ ബാർബഡോസ് രാഷ്ട്രമേധാവി സ്ഥാനത്തുനിന്ന് ബ്രിട്ടീഷ് രാജ്ഞിയെ നീക്കി റിപ്പബ്ലിക്കായി മാറി.
ഡിസംബർ 25ന് നാസയും യൂറോപ്യൻ, കനേഡിയൻ ബഹിരാകാശ ഏജൻസികളും ചേർന്നു വികസിപ്പിച്ച ജയിംസ് വെബ് ബഹിരാകാശ ടെലിക്സോപ്പ് വിക്ഷേപിച്ചു.