എടിഎം സേവനങ്ങൾക്കു ചെലവേറും
ബാങ്കുകൾ അനുവദിച്ചിരിക്കുന്ന നിശ്ചിതഎണ്ണം സൗജന്യ ഇടപാടിനു ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപയും ജിഎസ്ടിയും ഈടാക്കുന്നതു നാളെ പ്രാബല്യത്തിൽ വരും.
നേരത്തേ ഇത് 20 രൂപയായിരുന്നു. അക്കൗണ്ടുള്ള ബാങ്കിലെ എടിഎമ്മിൽ അഞ്ച് ഇടപാടുകൾ (ധനകാര്യ ഇടപാടും ധനകാര്യ ഇതര ഇടപാടും ഉൾപ്പെടെ) സൗജന്യമായി നടത്താവുന്നതാണ്.
ഇതിനു പുറമേ മറ്റു ബാങ്കുകളുടെ എടിഎമ്മിൽ മെട്രോ നഗരങ്ങളിൽ മൂന്നു ഇടപാടുകളും മെട്രോ ഇതരമേഖലകളിൽ അഞ്ച് ഇടപാടുകളും സൗജന്യമാണ്.
ബാങ്ക് ലോക്കർ ചട്ടങ്ങളിൽ മാറ്റം
നാളെ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടപ്രകാരം മോഷണമോ ബാങ്കു ജീവനക്കാരുടെ തട്ടിപ്പുമൂലമോ ലോക്കറിലെ വസ്തുക്കൾക്ക് നഷ്ടം സംഭവിച്ചാൽ ബാങ്കിന് അതിന്റെ ബാധ്യത നിരസിക്കാനാവില്ല.
ലോക്കറിലെ വസ്തുക്കൾ ഇൻഷ്വർ ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം തങ്ങൾക്കില്ലെന്ന കാര്യം ലോക്കർ ഇടപാടുകാരെ ബാങ്കുകൾ വ്യക്തമായി ബോധ്യപ്പെടുത്തണമെന്നും പുതിയ ചട്ടത്തിൽ പറയുന്നു.
ബാങ്കുകൾ ലോക്കറിലെ വസ്തുക്കൾക്കുള്ള ഇൻഷ്വറൻസ് തങ്ങളുടെ ലോക്കർ ഇടപാടുകാർക്ക് വിൽക്കുന്നതിനും വിലക്കുണ്ട്.
വില ഉയരും
ജിഎസ്ടി അഞ്ചു ശതമാനമായിരുന്ന വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്ടി 12 ശതമാനമാക്കിയ ഉത്തരവ് നാളെ പ്രാബല്യത്തിൽ വരുന്നതിനാൽ ഇവയുടെ വിലയിൽ നാളെ മുതൽ വർധനയുണ്ടാകും.
ഇ- യാത്രയ്ക്കു ജിഎസ്ടി
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയുള്ള ഓട്ടോ റിക്ഷാ-ടാക്സി സേവനങ്ങൾക്ക് നാളെ മുതൽ അഞ്ചു ശതമാനം ജിഎസ്ടി ബാധകമായിരിക്കും. അതേസമയം, ഓഫ്ലൈനായുള്ള ഓട്ടോറിക്ഷാ – ടാക്സി സേവനങ്ങൾക്ക് ഇതു ബാധകമല്ല.
യുഎഎൻ- ആധാർ ബന്ധനം
യൂണിവേഴ്സൽ അക്കൗണ്ട് നന്പർ ആധാറുമായി ബന്ധിക്കാത്തപക്ഷം നാളെ മുതൽ തൊഴിൽ ദാതാവിനു പ്രതിമാസ വിഹിതം നിക്ഷേപിക്കാനാവില്ലെന്ന് ഇപിഎഫ്ഒ അറിയിച്ചിട്ടുണ്ട്. ആധാർ ബന്ധനം നടത്താത്തവർക്ക് ഇന്നു കൂടി അവസരമുണ്ട്.
ഐപിപിബി ബാങ്കിലെ മാറ്റങ്ങൾ
ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിലെ നിക്ഷേപങ്ങൾക്കും പണം പിൻവലിക്കലിനുമുള്ള ഫീസിൽ നാളെ മുതൽ മാറ്റമുണ്ട്. ബേസിക് സേവിംഗ്സ് അക്കൗണ്ടിൽനിന്നു പ്രതിമാസം നാലു തവണ പണം പിൻവലിക്കുന്നത് സൗജന്യമായിരിക്കും.
ഇതിനു ശേഷമുള്ള പണം പിൻവലിക്കലിനു തുകയുടെ 0.50 ശതമാനം അല്ലെങ്കിൽ 25 രൂപ (ഏറ്റവും ചുരുങ്ങിയത്) ഈടാക്കും. ഇതിനു പുറമേ ജിഎസ്ടിയുമുണ്ടാകും.
ബാങ്കിലെ സേവിംഗ് ആൻഡ് കറന്റ് അക്കൗണ്ടിലെ ഇടപാടുകളിലും എടിഎം സേവന ഫീസിലും മാറ്റമുണ്ട്.
വാഹനവില ഉയരും
ഉത്പാദനച്ചെലവ് ഏറിയതിനാൽ വാഹനവില ഉയർത്താതെ തരമില്ലെന്നും പുതുവർഷം മുതൽ പുതിയ വാഹനവില നിലവിൽ വരുമെന്നും ഒട്ടുമിക്ക വാഹന നിർമാതാക്കളും അറിയിച്ചിട്ടുണ്ട്.
മാരുതി സുസുക്കി, ടൊയോട്ട. ഹോണ്ട, ടാറ്റാ മോട്ടോഴ്സ്, റെനോ, ഔഡി, മെഴ്സിഡസ്, സ്കോഡ, ഹീറോ, വോൾവോ തുടങ്ങിയ കന്പനികൾ ഇത്തരത്തിൽ വിലവർധന പ്രഖ്യാപിച്ചിട്ടുള്ളവരാണ്.
ജിഎസ്ടി റീഫണ്ടിന് ആധാർ ഓഥന്റിഫിക്കേഷൻ നിർബന്ധമാക്കിയതും ഓണ്ലൈൻ ഭക്ഷണ വിതരണത്തിൻമേലുള്ള ചരക്കു സേവന നികുതി ചുമത്തേണ്ട ബാധ്യത ഇ-കൊമേഴ്സ് സേവനദാതാക്കൾക്കാക്കിയതും അടക്കമുള്ള ജിഎസ്ടിയിലെ നടപടിക്രമമാറ്റങ്ങളും നാളെ നിലവിൽ വരും.