ഗദ്ദാഫിയുടെ വനിതാ സൈനിക സേനയിൽ അംഗമായിരുന്നു നിസ്റീൻ. ആയിരക്കണക്കിനു പെൺകുട്ടികൾ ഗദ്ദാഫിയുടെ സുരക്ഷാസേനയിൽ ഉണ്ടായിരുന്നു.
ലിബിയയിൽ വിമതരും ഗദ്ദാഫിയുടെ സൈന്യവും തമ്മിൽ ഏറെക്കാലം രക്തരൂഷിതമായ ആഭ്യന്തര യുദ്ധം അരങ്ങേറി. ഗദ്ദാഫിയിൽനിന്നു രാജ്യത്തെ മോചിപ്പിക്കുകയായിരുന്നു വിമതരുടെ പ്രധാന ആവശ്യം.
അക്കാലത്ത് സൈനികരുടെ പിടിയിൽ അകപ്പെട്ട വിമതരെ കൊലപ്പെടുത്തിയ വിവരണമാണു നിസ്റീൻ മുകളിൽ പറയുന്നത്. എന്നാൽ, പിന്നീട് വിമതരുടെ പിടിയിൽ നിസ്റീൻ അകപ്പെട്ടപ്പോൾ നടത്തിയ വെളിപ്പെടുത്തലാണ് മുകളിൽ വിവരിച്ചത്.
പട്ടാളത്തിലേക്ക്
പട്ടാളത്തിൽ ചേരണമെന്ന് ഒരിക്കൽപോലും നിസ്റീൻ ആഗ്രഹിച്ചിരുന്നില്ല. ഗദ്ദാഫിയെ പിന്തുണയ്ക്കുന്ന കുടുംബവും ആയിരുന്നില്ല നിസ്റീന്റേത്. എന്നിട്ടും അവൾ സൈന്യത്തിൽ ചേർന്നു. കുട്ടിക്കാലത്ത് അവളുടെ മാതാപിതാക്കൾ പിരിഞ്ഞു.
പിതാവിന്റെ പുതിയ ഭാര്യയെ അവൾക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടു തന്നെ പിതാവിനോടൊപ്പം നിൽക്കാൻ അവൾ ആഗ്രഹിച്ചില്ല. അമ്മയോടൊപ്പം താമസം മാറ്റി. കാൻസർ രോഗിയായിരുന്നു അമ്മ. അമ്മയെ പരിചരിക്കാൻ പഠനംവരെ ഉപേക്ഷിച്ചു.
അമ്മയുടെ സുഹൃത്ത് ഫാത്മ എന്ന സ്ത്രീ ഗദ്ദാഫിയുടെ പോപ്പുലർ ഗാർഡ്സ് മിലിഷ്യയുടെ വനിതാ വിംഗിന്റെ നേതാവായിരുന്നു. നിസ്റീന്റെ ദരിദ്രമായ ചുറ്റുപാടും കഷ്ടപ്പാടും മനസിലാക്കിയ ഫാത്മയാണ് നിസ്റീനെ പട്ടാളത്തിലേക്കു നയിച്ചത്.
നിസ്റിനെപ്പോലെയുള്ള ചെറുപ്പവും സുന്ദരിയുമായ പെൺകുട്ടികളെ ലിബിയൻ സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്യാൻ അക്കാലത്ത് ഫാത്മ പ്രത്യേകം ഉത്സാഹിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നിൽ ഫാത്മയ്ക്കു മറ്റൊരു ഗൂഢലക്ഷ്യവും ഉണ്ടായിരുന്നു.
ഗൂഢലക്ഷ്യത്തോടെ
ചെറുപ്പവും സുന്ദരിയുമായ നിസ്റീനെപ്പോലെയുള്ളവരെയായിരുന്നു ലിബിയൻ സൈനികർക്കു വേണ്ടിയിരുന്നത്. ട്രിപ്പോളിയിലായിരുന്നു നിസ്റീന്റെ സൈനിക പരിശീലനം.
വെടിവയ്ക്കുന്നതിലും മറ്റ് ആയോധന കല പഠിക്കുന്നതിലുമൊക്കെ നിസ്റീൻ അസാമാന്യ പാടവം കാട്ടി. ഒളിപ്പോരാട്ടത്തിലായിരുന്നു നിസ്റീനെ പ്രത്യേകമായി പരിശീലിപ്പിച്ചിരുന്നത്.
ഈ സമയത്താണ് ലിബിയയിൽ ഗദ്ദാഫി ഭരണകൂടത്തിനെതിരേ പ്രക്ഷോഭം ശക്തമായി മാറിയത്. ഗദ്ദാഫിയുടെ സുരക്ഷ വർധിപ്പിക്കാൻ ലിബിയൻ സൈന്യം തീരുമാനിച്ചു.
ഗദ്ദാഫിയുടെ താമസസ്ഥലത്തിനടുത്തു തന്നെയായിരുന്നു നിസ്റീനും സംഘത്തിനും സുരക്ഷാ ചുമതല നൽകിയിരുന്നത്. ഗദ്ദാഫിയുടെ വനിതാ സൈനികരിൽ പെട്ടയാളായിരുന്നിട്ടും ഒരിക്കൽപ്പോലും ഗദ്ദാഫിയെ നിസ്റീൻ നേരിട്ടു കണ്ടിട്ടില്ല.
ചൂഷണത്തിന്റെ ക്യാന്പ്
സൈനിക ക്യാന്പുകൾ അച്ചടക്കത്തിന്റേതും അതുപോലെ ചൂഷണത്തിന്റേതുമായിരുന്നു. അക്കാലത്ത് സൈനിക ജീവിതത്തിന്റെ മുഷിപ്പും സമ്മർദവുമൊക്കെ അതിജീവിക്കാൻ പുരുഷ സൈനിക ഉദ്യോഗസ്ഥർ വനിതാ സൈനികരുടെ ക്യാന്പുകൾ സന്ദർശിക്കുമായിരുന്നു.
എന്നാൽ, അവർക്കാവശ്യം വനിതാ സൈനികരുടെ ശരീരമായിരുന്നു. നിസ്റീന്റെ ക്യാന്പിന്റെ ചുമതല നിസ്റീനെ പട്ടാളത്തിലേക്ക് ആനയിച്ച ഫാത്മയ്ക്കായിരുന്നു.
ഫാത്മ സൈനിക സേവനത്തോടൊപ്പം സൈനിക ഉദ്യോഗസ്ഥർക്കു തന്റെ കീഴിലുള്ള വനിതാ സൈനികരെ കൂട്ടിക്കൊടുക്കുന്നതിലും കേമിയായിരുന്നു. ഇതുവഴി അവർക്കു പല ആനുകൂല്യങ്ങളും തരപ്പെട്ടിരുന്നു.
(തുടരും)