പാന്പാടി: പാന്പാടിയിലും പങ്ങടയിലും പരിസര പ്രദേശങ്ങളിലും ശല്യമായി വിഹരിച്ച കുറുനരിയെ പ്ലാച്ചേരി കാട്ടിലേക്ക് തുറന്നു വിടും.
ഇന്നലെ രാവിലെ പങ്ങടയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളു വേലിയിൽ കുടുങ്ങി കുറുനരിയെ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു.
തുടർന്ന് വനം വകുപ്പ് അധികൃതർ പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. രണ്ടു ദിവസത്തിനകം കുറുനരിയെ കാട്ടിലേക്ക് തുറന്നു വിടും.
മുളളുകന്പി ദേഹത്തു കയറി വലിയ തോതിൽ കുറുനരിക്ക് പരിക്കേറ്റിരുന്നു. മുള്ളുവേലിയിൽ കുടുങ്ങിയ കുറുനരി രക്ഷപ്പെടുവാനായി ശ്രമം നടത്തുന്നതിനിടയിലാണ് കന്പികൾ ദേഹത്തു തുളച്ചു കയറിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കുറുനരിയെ കോട്ടയത്തെ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു.
തുളച്ചു കയറിക കന്പികൾ എടുത്തു മാറ്റി. 23 തുന്നിക്കെട്ടുകളാണ് കുറുനരിയുടെ ദേഹത്തുള്ളത്. മരുന്നുകളും കുത്തിവയ്പും നൽകിയ ശേഷം ഇന്നലെ പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടു പോയ കുറുനരി ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ ഇപ്പോൾ കഴിയുകയാണ്.
കഴിഞ്ഞ കുറേ നാളായി പാന്പാടിയിലും പരിസരത്തും കുറുനരിയുടെ ശല്യമായിരുന്നു. ഇതോടെ നാട്ടുകാർ കുറുനരിയെ കുടുക്കാൻ മുള്ളുവേലി ഉൾപ്പെടെയുള്ള കെണികൾ ഒരുക്കി.
ഇന്നലെ രാവിലെ പാനപാടിയിലെ സ്വകാര്യ വ്യക്തിയുടെ വിജനമായ പറന്പിൽ കുറുനരി കുടുങ്ങിയതിനെത്തുടർന്ന് മുൻ പഞ്ചായത്തംഗം ബിജു പഴുപ്പറന്പിലിന്റെ നേതൃത്വത്തിൽ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു.
പാന്പാടി, പങ്ങട പ്രദശങ്ങളിലെ റബർ തോട്ടങ്ങളെല്ലാം കാടുപിടിച്ചു കിടക്കുന്നതാണ് കുറുനരികൾ എത്താൻ കാരണമായത്.
പ്രദേശത്ത് കുറുനരിയുടെ ശല്യം മൂലം ആട്, പശു എന്നിവ വളർത്താൻ പോലും പ്രദേശവാസികൾ ഭയക്കുകയാണ്. തോട്ടങ്ങളിൽ വളർത്തു മൃഗങ്ങളെ ഇറക്കി കെട്ടുവാനുള്ള ഭയമാണ് പശുവളർത്തൽ ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിച്ചത്.
കുറുനരി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രദേശത്തെ തോട്ടങ്ങളിലെ കാടുവെട്ടി തെളിക്കാൻ ഉടമകൾക്ക് ധനസഹായം നൽകാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് കർഷക കോണ്ഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.