കോട്ടയം: ഭർത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലർത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ.
പാലാ മീനച്ചിൽ പാലാക്കാട് സതീമന്ദിരത്തിൽ ആശാ സുരേഷാണ് അറസ്റ്റിലായത്.
യുവതിയുടെ ഭർത്താവും ഇപ്പോൾ പാലായിൽ താമസക്കാരനുമായ സതീഷാ(38)ണു പരാതിയുമായി പോലീസിനെ സമീപിച്ചത്.
2006 ലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുന്നത്.
2008ൽ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യവീട്ടിൽ താമസമാക്കുകയും പ്രമുഖ ഐസ്കീമിന്റെ വിതരണം ആരംഭിക്കുകയും ചെയ്തു. ബിസിനസ് പച്ചപിടിച്ചതിനോടൊപ്പം 2012ൽ പാലാക്കാട് സ്വന്തമായി വീട് വാങ്ങി താമസം മാറി.
വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞതുമുതൽ ഭാര്യയുമായി പിണക്കങ്ങൾ ഉണ്ടായിരുന്നതായി യുവാവ് പറയുന്നു.
പരാതിക്കാരനായ യുവാവിനു തുടർച്ചയായി അനുഭവപ്പെടുന്ന ക്ഷീണത്തെ തുടർന്ന് ഡോക്ടറെ സമീപിച്ചെങ്കിലും ഷുഗർ താഴ്ന്നു പോയതാകാമെന്നു കരുതി മരുന്നു കഴിച്ചെങ്കിലും കുറവുണ്ടായില്ല.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ 20 ദിവസം വീട്ടിൽനിന്ന് ഭക്ഷണം കഴിക്കാതെ പുറത്തുനിന്നു കഴിച്ചപ്പോൾ ക്ഷീണം ഒന്നും തോന്നാതിരുന്നതിനാൽ തോന്നിയ സംശയമാണ് വഴിത്തിരിവായത്.
ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് യുവാവ് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയും എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോയെന്നു ചോദിച്ചറിയണമെന്നു പറയുകയും ചെയ്തു.
അതനുസരിച്ചു കൂട്ടുകാരി തിരക്കിയപ്പോഴാണ് 2015 മുതൽ ഭർത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തിൽ കലർത്തി നൽകുന്നതായി യുവതി പറഞ്ഞത്.
മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് വാട്സ് ആപ്പിൽ അയച്ചു നൽകുകയും ചെയ്തു.
തുടർന്ന് ഭർത്താവ് സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ജില്ലാ പോലീസ് മേധാവി പരാതി പാലാ ഡിവൈഎസ്പി ഷാജു ജോസിന് കൈമാറി.
പരാതി അന്വേഷിച്ച പോലീസ് വീട് റെയ്ഡ് ചെയ്തു മരുന്ന് പിടിച്ചെടുക്കുകയും തുടർന്നു പാലാ ഡിവൈഎസ്പി ഷാജു ജോസ്, എസ്എച്ച്ഒ കെ.പി. ടോംസണ്, എസ്ഐ എം.ഡി. അഭിലാഷ്, എഎസ്ഐ ജോജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുമേഷ്, വനിതാ പോലീസുകാരായ ബിനുമോൾ, ലക്ഷ്മി രമ്യ എന്നിവർ ചേർന്ന് യുവതിയെ അറസ്റ്റു ചെയ്തു. യുവതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.