കൂത്തുപറമ്പ്: ഇരുപത് വർഷം മുമ്പെ ബോംബേറും ബൂത്ത് പിടിത്തവും നടന്ന ചെറുവാഞ്ചേരിയിലെ ന്യൂ പൂവ്വത്തൂർ എൽപി സ്കൂൾ ബൂത്ത് ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പ്രശ്ന ബാധിത ബൂത്ത്.
2000 സെപ്റ്റംബർ 27ന് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ദിനത്തിലാണ് സ്കൂളിൽ രാഷ്ട്രീയ അക്രമം നടന്നത്.
അക്രമി സംഘം എറിഞ്ഞ ബോംബുകളിലൊന്ന് ലക്ഷ്യം തെറ്റി പതിച്ചത് ബൂത്തിന് പരിസരത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പിഞ്ചു ബാലിക അസ്നയുടെ ദേഹത്ത്. അസ്നയ്ക്ക് പുറമേ അനുജൻ ആനന്ദിനും അമ്മ ശാന്തയ്ക്കും പരിക്കേറ്റു.
ചികിത്സയ്ക്കിടെ അസ്നയുടെ വലതുകാൽ മുട്ടിനു കീഴെ വെച്ച് പിന്നീട് മുറിച്ചു മാറ്റി. പിന്നീട് നിശ്ചയദാർഢ്യത്തോടെ ജീവിതത്തോട് പൊരുതി അവൾ വിജയത്തിന്റെ പടവുകൾ ഓരോന്നായി നടന്നു കയറി.
ഇന്ന് അസ്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടറാണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഈ സ്കൂളിലെ ബൂത്തിൽ അസ്ന വോട്ട് ചെയ്യാനെത്തിയിരുന്നു.
എന്നാൽ, പഴയ ചെറുവാഞ്ചേരി അല്ല ഇന്നത്തേത്.അക്രമ രാഷ്ടീയം ചെറുവാഞ്ചേരിയിൽ നിന്നും വഴിമാറിയിരിക്കുന്നു.
എന്നാലും ഓരോ ഇലക്ഷൻ വരുമ്പോഴും പോലീസിന്റെ കണക്കിൽ പൂവത്തൂർ ന്യൂ എൽപി സ്കൂളിലേത് ഇന്നും പ്രശ്ന ബാധിത ബൂത്താണ്. നാല് ബൂത്താണ് ഇവിടെ ഉള്ളത്.
2000 ൽ നടന്ന അക്രമത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഈ ബൂത്തിൽ ഒരു അക്രമം പോലും നടന്നിട്ടില്ലെന്ന് പോലീസ് തന്നെ പറയുന്നു.
എന്നാൽ ഒരു കാലത്ത് അക്രമങ്ങൾ നിരവധി നടന്നിട്ടുണ്ട് ഈ നാട്ടിൽ. രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞു.
ഇതിനിടെ മുപ്പതിലേറെ തവണ ടൗണിലെ സിപിഎം ഓഫീസ് അക്രമത്തിന് വിധേയമായി.ഇതിനു പുറമേ ഇരുവിഭാഗങ്ങളിലും പെട്ട നിരവധി പ്രവർത്തകർക്കു നേരെ അക്രമം ഉണ്ടായി.
വാഹനങ്ങൾ കത്തിച്ചും കേടുവരുത്തിയും നശിപ്പിച്ചു.നാട്ടിൽ അശാന്തി വിതച്ച ദിനങ്ങളാണ് കടന്നു പോയത്. കാലം മാറി. ചെറുവാഞ്ചേരിയും മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
പ്രത്യയശാസ്ത്രങ്ങളുടെ പേരിൽ വിവിധ വിഭാഗങ്ങളായി മാറി നിന്നവർ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് നാടിന്റെ വികസനം ചർച്ച ചെയ്യാൻ തുടങ്ങിയ കാലമായിരുന്നു പിന്നീട്.ഏറ്റവും ഒടുവിൽ ചെറുവാഞ്ചേരിയിൽ സ്റ്റേഡിയം നിർമാണത്തിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു കൈ കോർത്തു.
ജനകീയ പങ്കാളിത്തത്തോടെ പണം സ്വരൂപിച്ചു. ഈ മനംമാറ്റത്തിനുള്ള മറ്റൊരു ഉദാഹരണമാണ് ജനകീയ പങ്കാളിത്തത്തോടെ നടന്ന ചെറുവാഞ്ചേരി ഗ്രാമോത്സവവും.