തൃശൂർ: സ്വകാര്യ ബസുകളുടെ നിറം നീലയാക്കിയതോടെ ബസ് സ്റ്റോപ്പുകളിൽ ബസ് കാത്തു നിൽക്കുന്നവർക്ക് ബസ് തിരിച്ചറിയാൻ പ്രയാസം. ഓരോ പ്രദേശത്തേക്കുമുള്ള ബസുകളെ തിരിച്ചറിയാൻ ബസുകൾക്കു നന്പർ സംവിധാനം ഏർപ്പെടുത്തേണ്ടിവരും.
സ്വന്തം നാട്ടിലേക്കുള്ള ബസിന്റെ നിറം നോക്കിയാണ് പ്രായമായവർ ഉൾപ്പെടെ എല്ലാ യാത്രക്കാരും ബസിൽ കയറാറുള്ളത്. എല്ലാ ബസും ഒരുപോലെയായതോടെ ദൂരെനിന്നു വരുന്ന ബസ് എങ്ങോട്ടാണെന്നു തിരിച്ചറിയാതായി. ബസ് തൊട്ടരികിൽ നിർത്തി ബോർഡു വായിക്കാനായെങ്കിൽ മാത്രമേ ഓരോ ബസും എങ്ങോട്ടുള്ളതാണെന്നു തിരിച്ചറിയാനാകു. പ്രായമായവരെയാണ് ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയത്.
ഓരോ പ്രദേശത്തേക്കും പോകുന്ന ബസുകൾക്ക് നന്പർ നൽകിയാൽ ഈ ആശയക്കുഴപ്പം ഒഴിവാക്കാനാകും. ബസിനു മുന്നിലും വശങ്ങളിലും പിറകിലും വലിയ അക്ഷരത്തിൽ നന്പർ എഴുതിവച്ചാൽ യാത്രക്കാർക്കു സൗകര്യമാകും.