കൊറോണ വൈറസ് ഭീതിയില്‍ ചൈനയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച 21 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പെരുവഴിയില്‍. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. സിംഗപ്പുര്‍ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. എന്നാല്‍ ബോര്‍ഡിങ് സമയത്താണ് ചൈനയില്‍നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പുരില്‍ വിലക്കുള്ള കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്.
യാത്ര അനുവദിക്കാനാകില്ലെന്ന് വിമാനത്താവള അധികൃതര്‍ കട്ടായം പറഞ്ഞതോടെ വിദ്യാര്‍ഥികള്‍ പെരുവഴിയിലായി. തിരിച്ചെത്തില്ലെന്ന് എഴുതിവാങ്ങിയ ശേഷമാണ് യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കു മടങ്ങാന്‍ അനുമതി നല്‍കിയത്. ഹോസ്റ്റലിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് വിദ്യാര്‍ഥികള്‍.
ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഉടന്‍ ചൈന സന്ദര്‍ശിക്കും. കേരളത്തില്‍ കൂടുതല്‍ കൊറോണ ബാധിതര്‍ ഉണ്ടായിട്ടില്ലെങ്കിലും ചൈന ഉള്‍പ്പെടെ ഈ വൈറസ് ബാധിച്ച രാജ്യങ്ങളില്‍ നിന്നു വരുന്നവരെ 28 ദിവസം നിരീക്ഷിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
കോറോണയെ നിയന്ത്രണവിധേയമാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ നിര്‍ണായക ഘട്ടത്തിലാണെന്നും പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ അധികൃതര്‍ നടപടികള്‍ എടുത്തേ മതിയാകൂ എന്നും പ്രസിഡന്റ് ഷിന് ജിന്‍പിംഗ് പറഞ്ഞു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യസമയത്ത് സര്‍ക്കാര്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം.
കൊറോണ വൈറസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതിനിടയില്‍ ചൈന പുറത്തു വിടുന്ന കണക്കുകള്‍ വ്യാജമെന്ന സംശയമുയര്‍ത്തി ചിലര്‍ രംഗത്തു വന്നിരുന്നു.