21 വയസുള്ള യുവതിയുടെയും അവളുടെ 15കാരി മകളുടെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കെന്റക്കിയിലെ ഹണ്ടര്‍ നെല്‍സണ്‍ എന്ന യുവതിയാണ് കഥാനായിക. തന്റെ കുടുംബം മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്ന് അവര്‍ വീഡിയോയില്‍ പറയുന്നു.
തനിക്ക് 15 വയസുള്ള ഒരു മകളുണ്ടെന്നും അവളുടെ സ്കൂളില്‍ മീറ്റിംഗിന് പോയാല്‍ തന്റെ പ്രായം മൂലം ആരും തന്നെ ഗൗരത്തില്‍ എടുക്കുന്നില്ലെന്നുമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.
ടിക് ടോക്കിലൂടെയാണ് യുവതി വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ 82 ലക്ഷത്തിലധികം ആളുകള്‍ കണ്ടതോടെ യുവതി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
റോഡിലൂടെ യാത്ര ചെയ്യുന്നതിടയിലാണ് യുവതി താന്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്.”മകളുടെ സ്കൂളിലെ മറ്റ് മാതാപിതാക്കളോ സ്റ്റാഫ് അംഗങ്ങളോ എന്നെ ഗൗരവമായി കാണുന്നില്ല. ഞാന്‍ അവളുടെ സ്കൂളിലെ പരിപാടികള്‍ക്ക് പോകുമ്പോള്‍ ഞാന്‍ ഏത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് മിക്കവരും ചോദിക്കുന്നു” എന്നാണ് യുവതി പറയുന്നത്.
എന്നാല്‍ ഈ തുറന്നുപറച്ചില്‍ വ്യാപകമായ ആശയക്കുഴപ്പത്തിനിടയാക്കി. ആറാം വയസ്സില്‍ നിങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിച്ചോ ? എന്നാണ് മിക്ക ആളുകള്‍ ചോദിക്കുന്നത്.
ഇതിനു പിന്നാലെ സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥ്യവും യുവതി വെളിപ്പെടുത്തി. തനിക്ക് ആറാം വയസ്സില്‍ ഒരു കുഞ്ഞുണ്ടായിട്ടില്ലെന്നും എന്നാല്‍ അമ്മയാകേണ്ട ഒരു അവസ്ഥയിലായിരുന്നു തന്റെ കുടുംബ സാഹചര്യമെന്നുമായിരുന്നു നെല്‍സണ്‍ പറഞ്ഞത് .
”തന്റെ പിതാവ് 2015-ല്‍ മരിച്ചു. നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള തന്റെ അര്‍ദ്ധസഹോദരി ഗ്രേസിക്ക് അധികം വൈകാതെ തന്റെ അമ്മയെയും നഷ്ടമായി” എന്നും യുവതി പറയുന്നു.
തുടര്‍ന്ന് ഗ്രേസിയുടെ കാര്യം അപകടത്തിലാകുമെന്ന് മനസ്സിലാക്കിയ യുവതി നിയമപരമായി അവളുടെ രക്ഷകര്‍ത്താവാകാന്‍ തീരുമാനിക്കുകയായിരുന്നു
അങ്ങനെ ഒറ്റരാത്രികൊണ്ട് അവള് തന്റെ അര്‍ദ്ധസഹോദരിയുടെ അമ്മയായി മാറി. പക്ഷേ ആദ്യം കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല എന്നും ഗ്രേസിയുടെ അമ്മയുടെ ബന്ധുക്കളില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടായിരുന്നുവെന്നും നെല്‍സണ്‍ മറ്റൊരു വീഡിയോയില്‍ വെളിപ്പെടുത്തി.
യുവതി രക്ഷകര്‍ത്താവിന്റെ സ്ഥാനം ഏറ്റെടുക്കുന്നതിലെ എതിര്‍പ്പ് മൂലം അമ്മയുടെ ബന്ധു കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
നിലവില്‍ 21കാരിയായ നെല്‍സണെ സംബന്ധിച്ചിടത്തോളം അവര്‍ 15 വയസ്സുള്ള ഒരു കുട്ടിയുടെ രക്ഷിതാവാണ്. സ്വന്തം മകള്‍ എന്ന തരത്തിലാണ് ഇവര്‍ ഗ്രേസിയുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.