മുസ്ലിം പെണ്കുട്ടിയെ പ്രണയിച്ചതിന് പെണ്കുട്ടിയുടെ ബന്ധുക്കള് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിനെത്തുടര്ന്ന് ഹിമാചല് പ്രദേശില് വര്ഗീയ സംഘര്ഷം പുകയുന്നു.
മനോഹര് ലാല്(21) എന്ന ദളിത് യുവാവാണ് കൊല്ലപ്പെട്ടത്. ജൂണ് ആറിന് കാണാതായ ലാലിന്റെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷമാണ് അഴുക്കുചാലില് കണ്ടെത്തി. പല കഷണങ്ങളാക്കി ചാക്കില് കെട്ടിയ നിലയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെടുക്കുമ്പോള് മൃതദേഹം അഴുകിയിരുന്നു.
കാമുകിയുടെ വീട്ടുകാര് ലാലിനെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്ത്തിയാകാത്ത നാല് കുട്ടികളടക്കം പത്ത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും ലാലിന്റെ കാമുകിയുടെ കുടുംബത്തില് പെട്ടവരാണ്.
ജമ്മു കശ്മീരുമായി അതിര്ത്തി പങ്കിടുന്ന ചമ്പ ജില്ലാ ആസ്ഥാനത്ത് നിന്ന് 75 കിലോമീറ്റര് അകലെയുള്ള സലൂനി സബ് ഡിവിഷനിലെ ഭണ്ഡല് പഞ്ചായത്തിലാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.
മുസ്ലീം കുടുംബത്തെ പോലീസ് സംരക്ഷിക്കുകയാണെന്നും കേസ് ഗൗരവമായി എടുക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാര് തെരുവിലിറങ്ങിയതോടെയാണ് സംഘര്ഷം.
നാട്ടുകാര് വലിയ പാറക്കല്ലുകള് ഉപയോഗിച്ച് റോഡുകള് ഉപരോധിച്ചു. പോലീസ് വാഹനത്തിന് കേടുപാടുകള് സംഭവിച്ചു.
രോഷാകുലരായ ജനക്കൂട്ടം പ്രതികളുടെ വീട് കത്തിച്ചുവെന്നും മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
തന്റെ മകന് നീതി ലഭിക്കണമെന്ന് ലാലിന്റെ പിതാവ് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
ഏക മകനാണ് വെട്ടേറ്റു മരിച്ചതെന്നും തങ്ങള്ക്ക് നീതി വേണമെന്നും ലാലിന്റെ അച്ഛന് പറഞ്ഞു.
ബിജെപി നേതാവ് രാജീവ് ബിന്ദാല് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
മനോഹര് ലാലിന്റെ കുടുംബത്തോടൊപ്പം ഉറച്ചുനില്ക്കുന്നുവെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും ബിന്ദല് മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു.
അടുത്ത രണ്ട് മാസത്തേക്ക് പ്രദേശത്ത് പോലീസ് 144 ഏര്പ്പെടുത്തി. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അഡീഷണല് ഡയറക്ടര് ജനറല് ഓഫ് പോലീസ് അഭിഷേക് ത്രിവേദി പറഞ്ഞു.
അഞ്ച് കമ്പനി സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥര് പറഞ്ഞു.
മുന് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ജയ്റാം താക്കൂര് മനോഹര് ലാലിന്റെ കൊലപാതകത്തില് എന്ഐഎ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
ഹിസ്ബുല് മുജാഹിദ്ദീന് ഭീകരസംഘടന 35 ഹിന്ദുക്കളെ കൊലപ്പെടുത്തിയ 1998ലെ ചമ്പ കൂട്ടക്കൊലയിലെ പ്രതികളിലൊരാള് അന്വേഷണ വിധേയനാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികള്ക്ക് കര്ശന ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു പൊതുജനങ്ങള്ക്ക് ഉറപ്പ് നല്കി.
എന്ഐഎ അന്വേഷണം വേണമെന്ന പ്രതിപക്ഷ ബിജെപിയുടെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്, വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് അദ്ദേഹം അഭ്യര്ത്ഥിച്ചു.
കൊലപാതകത്തില് ഉള്പ്പെട്ട മുഴുവന് പ്രതികളെയും 24 മണിക്കൂറിനുള്ളില് അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന പാര്ട്ടിയായതിനാല് പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂറിന്റെ ഫോണ് കോളിലൂടെ എന്ഐഎ അന്വേഷണം എളുപ്പത്തില് ആരംഭിക്കാന് ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കടപ്പാട്: ദി ട്രിബ്യൂണ്