സന്തോഷ് കെ. എസ്
കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം അഴീക്കലിൽ വള്ളം മറിഞ്ഞ് ആറാട്ട് പുഴ വലിയഴീക്കൽ തറയിൽകടവ് സ്വദേശികളായനാല് മൽസ്യതൊഴിലാളികളാണ് മരിച്ചത്.
ആലപ്പുഴ ജില്ല കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന തീരദേശ ഗ്രാമമാണ് വലിയഴിക്കൽ ആറാട്ടുപുഴ ഗ്രാമം.
മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ച് ഒരു മനസോടെ കടലമ്മയുടെ മടിത്തട്ടിൽ വലയെറിയാൻ പോകുന്ന ഒരു കൂട്ടം മനുഷ്യർ.
മുതലാളിയോ തൊഴിലാളിയോ എന്ന വ്യത്യാസമില്ലാതെ കിട്ടുന്നത് പങ്ക് വച്ച് ജീവിതം കരുപിടിപ്പിക്കുന്ന വലിയകുളങ്ങര ആറാട്ടുപുഴ നിവാസികൾക്ക് ഇന്നലെ തീരാ ദു:ഖത്തിന്റെ ദിനമായിരുന്നു.
അഴീയ്ക്കലിൽ വള്ളം മറിഞ്ഞ് മരണമടഞ്ഞ തട്ടാശേരിൽ സുദേവൻ (53), കണ്ടോലിൽ പടിറ്റതിൽ ശ്രീകുമാർ (52) മടത്തറയിൽ സുനിൽ ദത്ത് (24), നെടിയത്തറ തങ്കപ്പൻ (64) എന്നിവർ നാടിന് വേദനയാകുകയാണ്. 16 പേരടങ്ങിയ സംഘമാണ് മത്സ്യ ബന്ധനത്തിന് ഓംകാരമെന്ന ബോട്ടിൽ തിരിച്ചത്.
തിരയിലകപ്പെട്ട വള്ളo മറിഞ്ഞപ്പോൾ നാലു പേരാണ് മരണപ്പെട്ടത്. കൂട്ടുകാരെ രക്ഷിക്കാൻ കഴിയാത്ത വിഷമത്തിലാണ് സംഘത്തിലുണ്ടായിരുന്ന ഒറീസ സ്വദേശിയും ആറാട്ടുപുഴയിൽ ഇപ്പോ സ്ഥിരതാമസക്കാരനുമായ തരുൺ.
വർഷങ്ങൾക്ക് മുമ്പ് ജോലി തേടിയെത്തി ആറാട്ടുപുഴ നിവാസികളുടെ ഒത്തൊരുമയിൽ ആകൃഷ്ടനായി ഇവിടെ സ്ഥിരതാമസക്കാരനായ യുവാവാണ് ഇയാൾ.
ആറാട്ടുപുഴ ഗ്രാമം പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുമ്പോൾ അഴീക്കലിൽ സ്ഥിരമായുണ്ടാകുന്ന അപകടങ്ങൾ സമൂഹത്തിൽ ചോദ്യചിഹ്നമാകയാണ്.
ഒരു തീരദേശ പോലീസ് സ്റ്റേഷനായുള്ള മുറവിളിക്ക് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. എന്നാൽ മാറി മാറി വന്ന സർക്കാരുകൾ മൗനം പാലിക്കുകയാണ്.