ഷിക്കാഗോ: ഇന്ത്യൻ വംശജയായ കോളജ് വിദ്യാർഥിനി റൂത്ത് ജോർജിനെ ലൈംഗികമായി പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. ഷിക്കാഗോയിൽ ഇല്ലിനോയി യൂണിവേഴ്സിറ്റി കാന്പസിൽ പാർക്ക് ചെയ്തിരുന്ന റൂത്തിന്റെ കാറിലാണ് ശനിയാഴ്ച മൃതദേഹം കാണപ്പെട്ടത്. ഡൊണാൾഡ് തുർമാൻ എന്ന ഇരുപത്താറുകാരനാണ് പിടിയിലായത്.
ശനിയാഴ്ച പുലർച്ച 1.35ന് ഗാരേജിലേക്ക് പോകുന്ന റൂത്തിനു പുറകെ പ്രതി നടന്നു പോ കുന്നതായി കാമറയിൽ പതിഞ്ഞിരുന്നു. തുടർ ന്ന് 2.10ന് അവിടെ നിന്നും പുറത്തു പോകുന്ന തായും കാമറയിൽ കണ്ടെത്തി. ഹൈദരാബാദിൽനിന്ന് യുഎസിൽ കുടിയേറിയ കുടുംബത്തിലെ അംഗമായ റൂത്ത് ജോർജ് എന്ന പത്തൊന്പതുകാരിയാണു കൊല്ലപ്പെട്ടത്. ശ്വാസംമുട്ടിച്ചാണു കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞു.
വെള്ളിയാഴ്ചയ്ക്കു ശേഷം റൂത്തിനെ കാണാതായെന്ന് കുടുംബം യൂണിവേഴ്സിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. സെൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം ഗാരേജിലുണ്ടെന്നു കണ്ടെത്തിയത്. ഗാരേജിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിൻസീറ്റിലായിരുന്നു മൃതദേഹം.
കൊലയാളി പോകാനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അയാൾ കുടുങ്ങിയത്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തിയെന്നു പോലീസ് മേധാവി കെവിൻ കുക്കർ അറിയിച്ചു. മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ചു വന്ന പ്രതി ഈയിടെയാണു പരോളിലിറങ്ങിയത്.ഷിക്കാഗോ മേഖലയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയാണ് യുഐസി (യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി).