ഹാർട്ട്ഫോർഡ് (കനക്ടികട്ട്): അയൽവാസികൾ തമ്മിൽ നായയെ ചൊല്ലിയുള്ള നിസാര തർക്കം ഒടുവിൽ യുവദന്പതിമാരുടെ മരണത്തിലും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിലും കലാശിച്ചു.
ചെയ്സ് ഗാരറ്റ് (39), ക്രിസ്റ്റീന ഡാംഗ്(27) എന്നിവരാണ് കൊല്ലപ്പെട്ട ദന്പതികൾ. ഹാർട്ട്ഫോർഡ് മേയർ ലൂക്ക് ബ്രോണിൽ തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഫാദേഴ്സ് ഡേയിൽ നടന്ന ഈ ദാരുണ സംഭവത്തിൽ അനാഥമായത് കൊല്ലപ്പെട്ട ദന്പതിമാരുടെ 6 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സ്ത്രീയുടെ വിശദവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
വെടിവെയ്പ്പിനുശേഷം അറസ്റ്റ് നടന്നിട്ടില്ലെങ്കിലും വെടിവെച്ചയാളെ തിരിച്ചറിഞ്ഞതായി ഹാർട്ട് ഫോർഡ് പോലീസ് അറിയിച്ചു.
ചെറിയ തർക്കങ്ങൾ പരിഹരിക്കാൻ നിരവധി വഴികളുണ്ടെന്നും പോലീസിനെ കൃത്യ സമയത്തു വിളിച്ചു വിവരം അറിയിക്കണമെന്നും ഹാർട്ട് ഫോർഡ് പോലീസ് ചീഫ് ജേസൻ തോടി പറഞ്ഞു.
ലഭ്യമായ വിവരമനുസരിച്ച് സംഭവം നടന്നതിങ്ങനെ: അയൽവീട്ടിലെ നായ, കൊല്ലപ്പെട്ട ക്രിസ്റ്റീനയെ മാന്തിയെന്നും ഇതിൽ കുപിതനായ ഭർത്താവ് നായയുടെ ഉടമയായ അയൽവാസിയുമായി തർക്കിക്കുകയും വെടിവയ്ക്കുകയുമായിരുന്നു.
എന്നാൽ, ഉടമ തിരിച്ചു വെടിവെച്ചപ്പോൾ ദന്പതികൾ കൊല്ലപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ തന്നെ വെടിയേറ്റാണ് ഈ വീട്ടിൽ തന്നെ താമസിച്ചിരുന്ന ഒരു സ്ത്രീക്ക് പരുക്കേറ്റതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.