കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ജനനേന്ദ്രിയം ഛേദിച്ച സംഭവത്തിൽ യുവാവ് സുഖം പ്രാപിക്കുന്നു. അതേസമയം, താനാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് യുവാവ് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും മൊഴിയെടുക്കാനാണ് തീരുമാനം. പുറത്തൂർ സ്വദേശിയായ ഇർഷാദിനെ കഴിഞ്ഞ ദിവസമാണ് ജനനേന്ദ്രിയം ഭാഗികമായി ഛേദിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തിട്ടുണ്ട്. അപകട നില തരണം ചെയ്തു.
നാല് ദിവസത്തിനകം ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതിനെ തുടർന്ന് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയിരുന്നു. അതേസമയം താൻ സ്വയം മുറിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. ഇതോടെ പോലീസ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. താനാണ് മുറിച്ചതെന്ന ഇർഷാദ് വ്യക്തമാക്കിയതോടെ യുവതിയെ ബന്ധുക്കൾക്കൊപ്പം താത്കാലികമായി വിട്ടു.
ആവശ്യമുള്ളപ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശം നൽകിയാണ് യുവതിയെ ഇന്നലെ ബന്ധുക്കൾക്കൊപ്പം വിട്ടത്. വളാഞ്ചേരിയിലെ ലോഡ്ജ് മുറിയിൽ വച്ചാണ് സംഭവം. യുവാവിനെ ആദ്യം വളാഞ്ചേരിയിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി. വിവാഹ മോചനത്തിന് ശേഷമാണ് ഇവർ ഇർഷാദിനെ വിവാഹം കഴിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഒരു വർഷം മുന്പ് പാലക്കാട്ട് വച്ച് ഇർഷാദിന്റെ വീട്ടുകാർ അറിയാതെയുള്ള രജിസ്റ്റർ വിവാഹമായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന ഇർഷാദിന് വീട്ടുകാർ മറ്റൊരു വിവാഹം നടത്താൻ ശ്രമം നടത്തുന്നത് യുവതി അറിഞ്ഞിരുന്നു. യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലോഡ്ജിൽ മുറിയെടുത്തതും അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നതും.
അതേസമയം താനാണ് മുറിച്ചതെന്ന് യുവാവ് വ്യക്തമാക്കിയതോടെ മജിസ്ട്രേറ്റിനെക്കൊണ്ട് നേരിട്ട് മൊഴിയെടുപ്പിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. അതേസമയം, സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ പ്രതിയാക്കി പോലീസ് കേസെടുത്തു. ആയുധം ഉപയോഗിച്ചു ഒരാളെ പരിക്കേൽപിക്കുന്നതിനെതിരായ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.