മുക്കം: കക്കാട് തലക്കുളം ഭാഗത്തെ നാൽപ്പത്തിയഞ്ചോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പൊതുകിണർ ഉറവ വറ്റാത്ത കാരുണ്യത്തിന്റെ നേർ ചിത്രമാണ്.
2006 ൽ കാരന്തൂർ മർക്കസിന്റെ കീഴിലുള്ള റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് കിണർ നിർമിച്ചിരുന്നത്.തുടക്കത്തിൽ അഞ്ചോ ആറോ വീട്ടുകാരാണ് കിണറിൽനിന്നും വെള്ളം ഉപയോഗിച്ചതെങ്കിൽ ഇന്ന് ഈ പ്രദേശത്തെ നാൽപ്പത്തിയഞ്ചോളം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസാണ് ഈ പൊതുകിണർ.
പള്ളിയാറ എടക്കണ്ടി അബൂബക്കർ ഹാജിയിൽ നിന്നാണ് എസ് വൈ എസ് യൂണിറ്റ് കമ്മിറ്റി 2006 ൽ സ്ഥലം വിലയ്ക്ക് വാങ്ങിയിരുന്നത്. തലക്കുളം ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്നതായിരുന്നു ലക്ഷ്യം.
കിണർ നിർമാണത്തിന്റെ ചിലവ് കാരന്തൂർ മർകസ് ഏറ്റെടുക്കുക കൂടി ചെയ്തതോടെ ആ പ്രദേശത്തെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരവുമായി .ആ പ്രദേശത്തെ ആർക്കും തങ്ങൾക്ക് ആവശ്യാനുസരണം കിണർ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ് എസ്വൈഎസ് നൽകിയിട്ടുള്ളത്.
ഒരേ സമയം ഇരുപത്തിരണ്ട് മോട്ടറുകളാണ് ഈ കിണറിൽ പ്രവർത്തിക്കുന്നത്. പൊതു കിണറുകളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലത്തെ സിഡബ്ല്യൂആർഡിഎൽ ഈ കിണറിലെ വെള്ളം പരിശോധിക്കുകയും നൂറ് ശതമാനം ശുദ്ധ ജലമാണെന്ന് മനസിലാക്കിയതായും ഗ്രാമ പഞ്ചായത്തംഗം ജി.അബ്ദുൽ അക്ബർ പറഞ്ഞു.
ഇനിയും നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകേണ്ട തലക്കുളത്തെ പൊതു കിണർ വിപുലപ്പെടുത്തേണ്ടതുണ്ട്. കിണറിന്റെ വട്ടം കൂട്ടി മൂന്ന് മീറ്ററെങ്കിലും താഴ്ത്തുകയാണെങ്കിൽ ജല ലഭ്യത കൂടുതൽ ഉറപ്പു വരുത്താൻ കഴിയുമെന്നും ഒരു ലക്ഷത്തോളം രൂപ ഈ പദ്ധതിക്കായി ചിലവ് പ്രതീക്ഷിക്കുന്നുണ്ടെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറിയും നാട്ടുകാരനുമായ മജീദ് കക്കാട് പറഞ്ഞു.
ഭൂമിയിൽ മറ്റുള്ളവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കർമങ്ങളിൽ ഏറ്റവും മികച്ചത് ഇത്തരം കാര്യങ്ങളാണെന്നും ഇന്ത്യയൊട്ടുക്കുമുള്ള പതിനായിരത്തോളം ഗ്രാമങ്ങളിലായി പന്ത്രണ്ടായിരത്തോളം ശുദ്ധജല പദ്ധതികൾ ഇതിനകം മർകസിന്റെയും ജീവകാരുണ്യ സംഘടനയുടെയും നേതൃത്വത്തിൽ പൂർത്തീകരിച്ചിട്ടുണ്ടെന്നും ഡയറക്ടർ ഡോ.എ. പി. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.