ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയിച്ച കാമുകനെ അന്വേഷണിച്ച് തമിഴ്നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളി യുവതിയെ ഒടുവില്‍ പോലീസ് ഭര്‍ത്താവിന്റെ അടുത്തെത്തിച്ചു.
22കാരിയായ മലപ്പുറം സ്വദേശിയെയാണ് കേരള-തമിഴ്നാട് പൊലീസിന്റെ അന്വേഷണത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്.
വിവാഹം ശേഷം സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന യുവതി ഇന്‍സ്റ്റഗ്രാമിലൂടെയാണ് തമിഴ്നാട് സ്വദേശിയായ യുവാവിനെ പരിചയപ്പെടുന്നത്.
യുവാവ് പറഞ്ഞിരുന്നത് താന്‍ ദിണ്ടിഗലിലെ സ്പിന്നിങ് മില്ലില്‍ മനേജരായി ജോലി ചെയ്യുകയാണെന്നാണ്.
മൂന്ന് മാസം മുന്‍പാണ് കാമുകനെ തേടി യുവതി ദിണ്ടിഗലിലെ വേഡസന്തൂരിലെത്തിയത്. അന്വേഷിച്ചെങ്കിലും അയാള്‍ പറഞ്ഞ സ്ഥലത്തൊന്നും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒടുവില്‍ അവിടെവച്ച് പരിചയപ്പെട്ട ഒരു യുവതിയോടൊപ്പം താമസിച്ച് കാമുകനെ അന്വേഷിക്കാന്‍ ആരംഭിച്ചു.
ഇരുവരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാമുകന് വിവാഹിതനാണെന്നും കേരളത്തില്‍ നിര്‍മാണത്തൊഴിലാളിയാണെന്നും കണ്ടെത്തി.
അതേ സമയം ഭാര്യയെ കാണുന്നില്ലായെന്ന പരാതിയുമായി യുവതിയുടെ ഭര്‍ത്താവ് കേരള പോലീസിനെ സമീപിച്ചിരുന്നു.
യുവതിക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും ആന്ധ്രാപ്രദേശിലേക്കും വ്യാപിപ്പിച്ച കേരള പോലീസ്, തമിഴ്നാട് പോലീസിന് ഫോട്ടോ അയച്ചുകൊടുത്തു.
വേഡസന്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം യുവതി ചികിത്സ തേടിയെത്തിയപ്പോള്‍ തമിഴ്നാട് പൊലീസ് ആളെ തിരിച്ചറിയുകയും ചെയ്തു.
തുടര്‍ന്ന് കേരള പൊലീസിനെ വിവരമറിയിക്കുകയും അവര്‍ യുവതിയെ ഭര്‍ത്താവിന്റെ അടുത്തെത്തിക്കുകയുമായിരുന്നു.