പശ്ചിമബംഗാളില്‍ നിന്ന് പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് കുടുസുമുറിയില്‍ ഒരാഴ്ചയോളം യുവാവ് പൂട്ടിയിട്ടു.
ബംഗാളിലെ ഒരു ഗ്രാമപ്രധാനിയുടെ മകളാണ് പെണ്‍കുട്ടി. ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്ന പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഇതുവരെ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.
ഈ കാര്യത്തില്‍ പോലീസ് പ്രതികരിക്കാനും തയ്യാറായില്ല. ഓമല്ലൂരിലെ ഇരുമ്പുകടയിലെ ജോലിക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി ബിമല്‍ നാഗ് ബന്‍സിയുടെ (22) താമസസ്ഥലത്തുനിന്നാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്.
അഞ്ചുദിവസം മുമ്പ് കടയില്‍ ജോലിക്ക് കയറിയ യുവാവ് രാവിലെ മുറി പൂട്ടി താക്കോലുമായി പോകുകയും രാത്രി മടങ്ങിവന്ന് ടെറസില്‍ പോയി ഭക്ഷണം പാകം ചെയ്ത് കുട്ടിക്ക് നല്‍കുകയുമായിരുന്നു.
പ്രണയത്തിലായിരുന്ന ഇവര്‍ ജൂലായ് 22നാണ് നാട്ടില്‍ നിന്നു കടന്നതെന്ന് പോലീസ് പറയുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പശ്ചിമബംഗാളിലെ ശക്തിവാഹന്‍ എന്ന സംഘടന റായ്ഗഞ്ച് പൊലീസിലും നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിഷനിലും പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് ആലപ്പുഴയിലാണെന്ന് കണ്ടെത്തി.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിഷനാണ് പെണ്‍കുട്ടിയെ കണ്ടെത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ എല്പ്പിക്കാന് ആലപ്പുഴ എസ്.പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി എട്ടിനാണ് ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തി മോചിപ്പിച്ചത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഷെല്‍ട്ടര്‍ ഹോമില്‍കഴിയുന്ന പെണ്‍കുട്ടിയെ ഇന്ന് മാതാപിതാക്കള്‍ക്ക് കൈമാറും. ‘ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രക്ഷിതാക്കള്‍ക്ക് കൈമാറും. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
”ആലപ്പുഴ ക്രൈം റെക്കോര്‍ഡ്സ് ഡി.വൈ.എസ്.പിയാണ് കേസ് കൈമാറുന്നത്. പെണ്‍കുട്ടിയെ രാത്രി തന്നെ സി.ഡബ്യൂ.സിയില്‍ ഹാജരാക്കിയിരുന്നു. പതിനേഴ് വയസേയുള്ളു കുട്ടിയ്ക്കെന്ന് കണ്ടെത്തിയിരുന്നു. പോക്സോ കേസെടുക്കാന്‍ പത്തനംതിട്ട ഡി.വൈ.എസ്.പിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.” സിഡബ്ല്യുസി ചെയര്മാന് എന്‍ രാജീവ് പറഞ്ഞു.