വിഴിഞ്ഞം : കോവളം ബൈപാസിൽ കല്ലുവെട്ടാൻകുഴി മുക്കോല ഭാഗത്ത് ബൈക്ക് റേസിംഗ് നടത്തിയ22 അംഗ സംഘത്തെ വിഴിഞ്ഞം പോലീസ് പിടികൂടി. മത്സരയോട്ടത്തിന് ഉപയോഗിച്ച ആഡംബര ബൈക്കുകളും പോലീസ്കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെ ഇവിടെ എത്തിയസംഘം മത്സരയോട്ടം നടത്തുന്നതിനിടെയാണ് പോലീസ് എത്തി പിടികൂടിയത്.
കാതടപ്പിക്കുന്ന ശബ്ദത്തിൽ അമിത വേഗത്തിൽ തലങ്ങും വിലങ്ങും സംഘം പാഞ്ഞതോടെ ഭീതിയിലായ നാട്ടുകാർ വിഴിഞ്ഞം പോലീസിനെ വിവരംഅറിയിക്കുകയായിരുന്നു. തുടർന്ന് മഫ്തിയിലെത്തിയ പോലീസ് സംഘം ഇവരെ തടഞ്ഞുവയ്ക്കുകയും കൂടുതൽ പോലീസെത്തി പിടികൂടി സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.
ബൈപാസിലൂടെ സ്ഥിരമായി ബൈക്ക് റേസിംഗ് നടത്തുന്നത് യാത്രക്കാരെ വലച്ചിരുന്നു. ഇത് തടയാൻ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കിയ പോലീസ് ഒരാഴ്ച മുമ്പും മത്സരയോട്ടം നടത്താനെത്തിയ12 അംഗ സംഘത്തെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മത്സരയോട്ടത്തിനെത്തിയവർ പിടിയിലായത്.
മത്സരയോട്ടം നടത്തിയതിനും ജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന തരത്തിൽ വാഹനമോടിച്ചതിനുമാണ് കേസെടുത്ത്. പിടികൂടിയവരെ ജാമ്യത്തിൽ വിട്ടതായി വിഴിഞ്ഞം പോലീസ് പറഞ്ഞു. എസ്ഐ എസ്.എസ്.സജി,സി.പിഒ മാരായ അജി.കൃഷ്ണകുമാർ,ജോസ് എന്നിവരടങ്ങിയ സംഘമാണ് ത്സരയോട്ടക്കാരെ പിടികൂടിയത്.