കുമളി:പതിനേഴുകാരിയെ കടത്തിക്കൊണ്ടു പോയി ഇലവീഴാപൂഞ്ചിറയില് 23 ദിവസം ത്രില്ലിംഗ് വനവാസം നയിച്ച മേലുകാവ് സ്വദേശി അപ്പുക്കുട്ടന് എന്നറിയപ്പെടുന്ന ജോര്ജ്ജ് നിസ്സാരപുള്ളിയല്ല. 21 വയസ്സിനിടയില് നാലു പെണ്കുട്ടികളെയാണ് അപ്പുക്കിളി വലയിലാക്കി കാര്യം സാധിച്ചത്. കുമളിയിലെ പെണ്കുട്ടി നാലാമത്തെ ഇരയായിരുന്നു. ഇതില് മൂന്നുപേരും പ്രായപൂര്ത്തിയാകാത്തവര് ആയിരുന്നു.
പ്രായപൂര്ത്തിയായ പെണ്കുട്ടി ഗര്ഭിണിയായെങ്കിലും നിയമ നടപടിയില് നിന്നും പിന്മാറിയത് രക്ഷയായി. പരാതി അന്വേഷിച്ചതിന്റെ പേരില് മാതാവ് എസ് ഐ യോട് പകരം വീട്ടിയത് മേലുദ്യോഗസ്ഥന് വ്യാജപരാതി നല്കിയെന്നുമുള്ള വിവരങ്ങളാണ് ഇപ്പോള് പുറത്തുവരുന്നത്. കട്ടപ്പന ഡിവൈഎസ്പി രാജ്മോഹന്റെ നേതൃത്വത്തില് നടത്തിയ ചോദ്യം ചെയ്യലിലാണ് ഏതാനും വര്ഷങ്ങള്ക്കുള്ളില് താന് നടത്തിയ വേട്ടയെക്കുറിച്ചും ഇരകളെക്കുറിച്ചുമെല്ലാം അപ്പു മനസ്സ് തുറന്നത്. പൊലീസിന്റെ ചോദ്യങ്ങള്ക്കെല്ലാം യാതൊരുകൂസലുമില്ലാതെ അടുക്കും ചിട്ടയുമായിട്ടായിരുന്നു അപ്പുവിന്റെ മറുപടി.
ചിങ്ങവനം പൊലീസ് ചാര്ജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാര് പൊലീസ് ചാര്ജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും ജാമ്യം നേടിയാണ് അപ്പു നാട്ടുകാര്ക്കിടയില് വിലസിയിരുന്നത്. മേലുകാവിലെ മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിലെ സഹായി എന്ന നിലയിലാണ് അടുത്തകാലത്ത് അപ്പു നാട്ടില് അറിയപ്പെട്ടിരുന്നത്. അടയ്ക്ക വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാരി കവുങ്ങുകയറ്റത്തിനായി അപ്പുവിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നെന്നാണ് നാട്ടുകാരില് നിന്നും ലഭിച്ച വിവരം. തെങ്ങിലും കവുങ്ങിലുമൊക്കെ കയറാന് ടാര്സനെ അനുസ്മരിപ്പിക്കുന്ന മെയ് വഴക്കമാണ് അപ്പുവിനെന്നാണ് പോലീസും നാട്ടുകാരും ഒരേ സ്വരത്തില് പറയുന്നത്.
ചിങ്ങവനം സ്വദേശിയായ പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസ്സില് ആറു മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസിന് അപ്പുവിനെ കയ്യില്കിട്ടുന്നത്. അതും ഭാഗ്യം കൊണ്ട് മാത്രം. പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് വീട്ടിലെത്തിയ പൊലീസ് സംഘം വീടാകെ തിരഞ്ഞെങ്കിലും അപ്പുവിനെ കണ്ടുകിട്ടിയില്ല. കുന്തം പോയാല് കുടത്തിലും തപ്പണമെന്ന പഴമൊഴി അന്വര്ത്ഥമാക്കും പോലെ പൊലീസുകാരിലൊരാള് മുറ്റത്തുനിന്ന തെങ്ങിന്റെ മണ്ടയിലേക്ക് ടോര്ച്ച് വെട്ടം പായിച്ചതാണ് അപ്പുകുടുങ്ങാന് കാരണം. ടോര്ച്ച് വെട്ടത്തില് തെങ്ങിന് മുകളില് ഒളിച്ചിരുന്ന ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു.തുടര്ന്ന് താഴെ എത്തിച്ച് കസ്റ്റഡിയില് എടുക്കുകയായിരുന്നു.
അപ്പു പീഡിപ്പിച്ചെന്നും ഗര്ഭിണിയാണെന്നും മറ്റും കാണിച്ച് യുവതി ഒരുവര്ഷം മുമ്പ് മേലുകാവ് സ്റ്റേഷനില് പരാതിയുമായെത്തിയിരുന്നു.ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാന് അടുത്ത ദിവസം എസ് ഐ ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചോദ്യം ചെയ്യലില് അപ്പു കുറ്റം സമ്മതിച്ചെങ്കിലും യുവതി പരാതിയില് ഉറച്ചുനില്ക്കാത്തതിനാല് പൊലീസിന് നടപടി ശക്തിപ്പെടുത്താനായില്ല. ഇതേത്തുടര്ന്ന് പൊലീസ് ഇയാളെ വിട്ടയച്ചു. തുടര്ന്നാണ് ഇയാളുടെ മാതാവിന്റെ മാസ് എന്ട്രി. മകനെ സ്റ്റേഷനില് വിളിച്ചുവരുത്തി എസ്ഐ അകാരണമായി മര്ദ്ദിച്ചു എന്നാരോപിച്ച് ഇവര് കോട്ടയം എസ്പിക്ക് പരാതി നല്കി. എസ്പി യുടെ തെളിവെടുപ്പില് നടന്ന കാര്യങ്ങളെല്ലാം വ്യക്തമായതോടെയാണ് എസ്ഐ അന്ന് നടപടിയില് നിന്നും രക്ഷപെട്ടത്.
പ്രേമം നടിച്ചാണ് അപ്പു പെണ്കുട്ടികളെ വലയിലാക്കുന്നത്. ഇയാളുടെ കെണിയില് പെട്ടതെല്ലാം സാധാരണക്കാരുടെയും കൂലിവേലക്കാരുടെയും മക്കളായിരുന്നു. പോലീസിനെക്കണ്ട് ഓടി രക്ഷപെടാന് ശ്രമിച്ച അപ്പുവിനെ പിന്തുടര്ന്ന് പിടികൂടി സ്റ്റേഷനില് എത്തിക്കുകയായിരുന്നു.തുടര്ന്നുനടത്തിയ ദേഹപരിശോധനയില് പാന്റിനടിയില് അപ്പു പെണ്കുട്ടിയുടെ ലഗിന്സ് അണിഞ്ഞിരുന്നതായി കണ്ടെത്തിയെന്നും ഇത് എന്തിനെന്ന് ചോദിച്ചപ്പോള് ഒരു ചിരിമാത്രമായിരുന്നു ഇയാളുടെ മറുപടിയെന്നും പൊലീസ് വ്യക്തമാക്കി. കട്ടപ്പന ഡി വൈ എസ് പി രാജ്മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചൊവ്വാഴ്ച രാവിലെ പെണ്കുട്ടിക്കൊപ്പം അപ്പുവിനെ കണ്ടെത്തിയത്. ഇന്നലെ കോടതിയില് ഹാജരാക്കിയ ഇയാള് ഇപ്പോള് റിമാന്റിലാണ്.
മോര്ക്കാട്, കോളപ്ര ,ഇലവീഴാപൂഞ്ചിറ, അടൂര്മല എന്നിവിടങ്ങളിലെ ഉയര്ന്ന പ്രദേശങ്ങളിലാണ് കുമളി സ്വദേശിനിയായ 17 കാരിക്കൊപ്പം താന് കഴിഞ്ഞതെന്നാണ് അപ്പു പൊലീസിന്റെ ചോദ്യം ചെയ്യലില് വ്യക്തമാക്കിയിട്ടുള്ളത്. കൃഷിയിടങ്ങളിലെ പണിക്കാര് സംഭരിച്ചിരുന്ന ഭക്ഷ്യവസ്തുക്കള് മോഷ്ടിച്ച് പാകം ചെയ്താണ് ഇരുവരും കഴിഞ്ഞത്. ഇത് തരപ്പെടാത്ത അവസരങ്ങളില് തേങ്ങയും കരിക്കും കപ്പയും കാട്ടുകിഴങ്ങുകളും കഴിച്ചായിരുന്നു വിശപ്പടക്കിയിരുന്നത്. മലമടക്കുകളില് നിന്നും നീര്ച്ചാലുകള് ഉണ്ടായിരുന്നതിനാല് വെള്ളത്തിന് പഞ്ഞമില്ലായിരുന്നു. രാത്രി അപ്പുപുറത്തുപോകുന്ന അവസരത്തില് വന്യ മൃഗങ്ങളുടേയൊ മറ്റോ ആക്രമണം ഉണ്ടാകാതിരിക്കാന് തന്നെ മരത്തില് 10 അടിയോളം ഉയരത്തില് കയറ്റി ഇരുത്തിയിട്ടാണ് പോയിരുന്നതെന്ന് പെണ്കുട്ടിയും പൊലീസിനോട് പറഞ്ഞു. ആദ്യം അപ്പുവിനൊപ്പം പോയാല് മതിയെന്നു വാശി പിടിച്ച പെണ്കുട്ടി പിന്നീട് ഇയാളുടെ കഥകള് പോലീസില് നിന്നറിഞ്ഞതോടെ തീരുമാനം മാറ്റുകയായിരുന്നു.